ഹാട്രിക്കും ഒരു അസിസ്റ്റും; ഹിലാലി അരങ്ങേറ്റം കളറാക്കി ബെന്‍സെമ
Football
ഹാട്രിക്കും ഒരു അസിസ്റ്റും; ഹിലാലി അരങ്ങേറ്റം കളറാക്കി ബെന്‍സെമ
ഫസീഹ പി.സി.
Friday, 6th February 2026, 1:38 pm

സൗദി പ്രൊ ലീഗില്‍ അല്‍ ഹിലാലിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സെമ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒരു ഹാട്രിക്കും അസിസ്റ്റും സ്വന്തമാക്കിയാണ് താരം ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. അല്‍ അഖ്ദൂദിന് എതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന്റെ ഈ പ്രകടനം.

മത്സരത്തില്‍ അല്‍ ഹിലാലിന്റെ ആദ്യ ഗോള്‍ വലയിലെത്തിച്ചാണ് ബെന്‍സെമ തന്റെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. 31ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഈ ഗോള്‍. ആദ്യ പകുതിയില്‍ താരം വീണ്ടും ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

എന്നാല്‍, രണ്ടാം പകുതിയില്‍ തുടങ്ങി ബെന്‍സെമ രണ്ട് തവണ പന്ത് വലയില്‍ അടിച്ച് കയറ്റി. 60ാം മിനിട്ടിലായിരുന്നു താരത്തിന്റെയും ടീമിന്റെയും രണ്ടാം ഗോള്‍ പിറന്നത്.

ഈ ഗോളെത്തി നാല് മിനിട്ടുകള്‍ക്കകം തന്നെ ബെന്‍സെമ അടുത്ത ഗോളും വലയിലെത്തിച്ചു. ഇതോടെ താരം ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഏറെ വൈകാതെ ബ്ലൂ വാവേസിന്റെ നാലാം ഗോളും പിറന്നു.

ഇത്തവണത്തെ ഗോള്‍ ബെന്‍സേമയുടെ വകയില്ലെങ്കിലും അതിന് വഴിയൊരുക്കിയത് താരമായിരുന്നു. ബ്രസീലിയന്‍ ഫുട്‌ബോളര്‍ മാല്‍ക്കോമാണ് ടീമിന്റെ ലീഡ് ഉയര്‍ത്തിയത്. 70ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ അല്‍ അഖ്ദൂദിന്റെ വലകുലുക്കിയത്.

കരീം ബെന്‍സെമ. Photo: Karim Benzema/x.com

ഇതിന് ശേഷം അല്‍ ഹിലാല്‍ രണ്ട് തവണ കൂടി വല കുലുക്കി. സലിം അല്‍ദൗസാരിയാണ് ടീമിനായി ഈ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. 74, 90+3 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ഇതോടെ ടീമിന് ആധികാരികമായി വിജയിക്കാനും പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും സാധിച്ചു.

അതേസമയം, രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കരീം ബെന്‍സെമ അല്‍ ഹിലാലിലേക്ക് കൂടുമാറിയത്. സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദില്‍ നിന്നാണ് താരം ഹിലാലിലേക്ക് ചേക്കേറിയത്.

Content Highlight: Karim Benzema score hat-trick and a assist on his Al Hilal debut

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി