ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒപ്പം നിവിന്‍ പോളി ഗസ്റ്റ് റോളിലുമെത്തുന്നുണ്ട്.

ചിത്രത്തിന്റെ സെറ്റിലെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. എടുക്കുന്ന ഷോട്ട് കണ്ട് പൊട്ടിച്ചിരിക്കുന്ന വിനീത് ശ്രീനിവാസനേയും ഓ നരന്‍ പാട്ട് പാടുന്ന ബേസിലുമാണ് വീഡിയോയിലുള്ളത്. ഒപ്പം പ്രണവിനൊപ്പം ടേബിള്‍ ടെന്നീസ് കളിക്കുന്ന കല്യാണിയുടെ വീഡിയോയും പോസ്റ്റിലുണ്ട്.

2023ല്‍ പിന്തുണ നല്‍കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞും 2024ലേക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചും കല്യാണി പങ്കുവെച്ച പോസ്റ്റിലായിരുന്നു വീഡിയോ ഉണ്ടായിരുന്നത്.

40 ദിവസം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ അവസാനിച്ചിരുന്നു. ഷൂട്ട് പാക്കപ്പായതിന് പിന്നാലെ വിനീത് ശ്രീനിവാസന്‍ ടീമംഗങ്ങള്‍ക്ക് നന്ദി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ചിത്രം 2024 ഏപ്രിലിലാണ് തിയേറ്ററുകളില്‍ എത്തുന്നത്. അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരോളമടങ്ങുന്ന ക്രൂവുമായിരുന്നു സിനിമയുടെ ഷൂട്ടിനുണ്ടായിരുന്നത്.