വളരെ പെട്ടെന്നു തന്നെ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. 2017 ല്‍ ‘ഹലോ’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.

2020 ല്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലേക്കെത്തിയത്. പിന്നീട് 2021 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും കല്യാണി അഭിനയിച്ചിരുന്നു.

വിനീത് ശ്രിനീവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ബ്രോ ഡാഡി’ എന്നിവയാണ് കല്യാണിയുടേയതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍. മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു കല്യാണിയുടെ പ്രകടനത്തിന് ലഭിച്ചത്.

സിനിമയുടെ പശ്ചാത്തലത്തിലാണ് തങ്ങള്‍ വളര്‍ന്നതെങ്കിലും ദുല്‍ഖര്‍ സല്‍മാനെയും, അനൂപ് സത്യനേയും താന്‍ ആദ്യമായി കണ്ടത് വരനെ ആവശ്യമുണ്ട് എന്ന സിനിമ കാരണമാണെന്നും എന്നാല്‍ ഹൃദയത്തില്‍ നേരെ തിരിച്ചായിരുന്നു എന്നും പറയുകയാണ് കല്യാണി. ബിഹൈന്‍ഡ്‌വുഡ്്‌സ് ഐസിനോടായിരുന്നു കല്യാണിയുടെ പ്രതികരണം.

‘ചെറുപ്പം മുതലേ അറിയാവുന്നവരാണ് ഹൃദയം ടീമില്‍ ഉണ്ടായിരുന്നത്. വിനതേട്ടനേയും അപ്പുവിനേയും നേരത്തെ അറിയാം.
വളരെ അടുപ്പമുള്ള കുടുംബം പോലെയായിരുന്നു. കാരണം ഞങ്ങലുടെ അച്ഛന്മാര്‍ അടുത്ത സുഹൃത്തുക്കളാണ്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനായിട്ടാണ് ദുല്‍ഖറിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ചിത്രത്തിന്റെ പൂജ നടന്ന ദിവസമാണ് ദുല്‍ഖറിനെ കണ്ടത്. ‘ഒടുവില്‍ നമ്മള്‍ കണ്ടു മുട്ടി’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അതിനു മുന്‍പ് കണ്ടിട്ടില്ലായിരുന്നു. അനൂപേട്ടനേയും മുമ്പ് കണ്ടിട്ടില്ല. കഥ പറയാന്‍ വീട്ടില്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്,’

അതേസമയം ഹൃദയവും ബ്രോ ഡാഡിയും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഹൃദയം ന്യൂസിലാന്റിലും ഓസ്ട്രേലിയയിലും ഏറ്റവും വലിയ മലയാള സിനിമക്കുള്ള ഓപ്പണിംഗ് റെക്കോര്‍ഡ് നേടിയിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്.

ഹോട്സ്റ്റാറിന്റെ ചരിത്രത്തില്‍ ആദ്യദിനത്തില്‍ ഏറ്റവും അധികം സബ്‌സ്‌ക്രിപ്ഷനും, ആദ്യദിനത്തില്‍ ഏറ്റവും കൂടുതല്‍ വാച്ച് ടൈമുള്ള രണ്ടാമത്തെ സിനിമയുമായിരിക്കുകയാണ് ബ്രോ ഡാഡി.

മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


Content Highlight: kallyani priyadarsan about her first meet with dulquer salman