'നല്ല തലവേദന ഒന്ന് കിടക്കട്ടെ’ ഇന്നും ട്രെൻഡിങ്ങിൽ; ജയറാമിന്റെ ട്രോളുകളെക്കുറിച്ച് കാളിദാസ് ജയറാം
Malayalam Cinema
'നല്ല തലവേദന ഒന്ന് കിടക്കട്ടെ’ ഇന്നും ട്രെൻഡിങ്ങിൽ; ജയറാമിന്റെ ട്രോളുകളെക്കുറിച്ച് കാളിദാസ് ജയറാം
നന്ദന എം.സി
Thursday, 5th February 2026, 3:15 pm

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയറാം–കാളിദാസ് കൂട്ടുകെട്ട് 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുകയാണ് ആശകൾ ആയിരം എന്ന ചിത്രത്തിലൂടെ. ചിത്രത്തിൽ അച്ഛനും മകനുമായി ഇരുവരും വീണ്ടും ഒന്നിക്കുന്നതും പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കുന്നു. കുടുംബബന്ധങ്ങളുടെ തീവ്രതയും നർമ്മവും ചേർന്നൊരു പൂർണ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ് ട്രെയ്ലർ തരുന്ന സൂചന.

യഥാർത്ഥ ജീവിതത്തിലെ അച്ഛൻ മകൻ ബന്ധം അതുപോലെതന്നെ സ്‌ക്രീനിൽ എത്തിക്കുകയും ചെയ്യുന്ന താരങ്ങളാണ് ജയറാമും കാളിദാസ് ജയറാമും. ഇപ്പോളിതാ ജയറാമിന്റെ സിനിമാജീവിതത്തിലെ ചില മറക്കാനാവാത്ത കഥാപാത്രങ്ങളെയും രംഗങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് കാളിദാസ് ജയറാം.

ജയറാം, കാളിദാസ് ജയറാം, Photo: YouTube/ Screengrab

പേർളി മാണിയുമായുള്ള അഭിമുഖത്തിലാണ് ജയറാമിനെ സോഷ്യൽ മീഡിയയിൽ ഇന്നും ട്രോൾ ചെയ്യുന്ന മേജർ ശ്രീകുമാർ എന്ന കഥാപാത്രത്തിന്റെ എക്സ്പ്രഷൻ കുറിച്ചും മനസ്സിനക്കരെയിലെ ‘നല്ല തലവേദന ഒന്ന് കിടക്കട്ടെ’ എന്ന ഡയലോഗിനെക്കുറിച്ചും കാളിദാസ് തുറന്നു പറഞ്ഞത്.

‘മേജർ ശ്രീകുമാറിന്റെ ആ എക്സ്പ്രഷൻ അച്ഛൻ അറിഞ്ഞുകൊണ്ട് ഇടുന്നതല്ല. അത് ബൈ ഡിഫോൾട്ടാണ്. ചുമ്മാ ഇരിക്കുമ്പോഴും അച്ഛൻ അങ്ങനെ ചെയ്യും. ഇന്നും പല അഭിമുഖങ്ങളിലും അത് കാണാം,’ കാളിദാസ് പറഞ്ഞു.

മേജർ ശ്രീകുമാർ(ജയറാം), Photo: YouTube/ Screengrab

ഉത്തമൻ സിനിമയിലെ കരച്ചിൽ സീനും മനസ്സിനക്കരെ സിനിമയിലെ ‘നല്ല തലവേദന ഒന്ന് കിടക്കട്ടെ’ പോലുള്ള ഡയലോഗുകളും ഇന്നത്തെ തലമുറ ഓർക്കുന്നുണ്ടെന്നും ജെൻ സി പിള്ളേർ സിനിമ കണ്ടിട്ടുപോലും ഉണ്ടായിരിക്കില്ല, എന്നാലും മീമുകളിലൂടെയും സ്റ്റിക്കറുകളിലൂടെയും ആ കഥാപാത്രങ്ങൾ അവരുടെ മനസ്സിലുണ്ടാകുന്നത് വലിയൊരു കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം എന്താണോ ജയറാം സിനിമയിൽ നിന്നും പ്രതീക്ഷിക്കുന്നത് അത് തന്നെയാണ് ആശകൾ ആയിരം പ്രേക്ഷകർക്ക് നൽകാൻ പോകുന്നതെന്നും കാളിദാസ് കൂട്ടിച്ചേർത്തു.

ജയറാം, Photo: YouTube/ Screengrab

ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് നിർമ്മാണം. സനൽ ദേവ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.

Content Highlight: Kalidas jayaram talk about Jayaram movies

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.