കഴിഞ്ഞ ദിവസം ഉറുഗ്വാക്കെതിരെ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്ക് പറ്റി പുറത്ത് പോയിരുന്നു.

നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ് സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ ഔദ്യോഗികമായി അറിയിച്ചത്. താരത്തിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാവും.

ഈ സാഹചര്യത്തില്‍ നെയ്മറിന് പിന്തുണ അറിയിച്ചുകൊണ്ട് ഒരുപാട് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ആരാധകരുടെ ഈ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ട് നെയ്മര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ നെയ്മര്‍ വൈകാരികമായ ഒരു പോസ്റ്റ് എഴുതുകയായിരുന്നു.

നെയ്മറിന്റെ ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ബ്രസീലിയന്‍ ഇതിഹാസം കക്ക കമന്റ് രേഖപ്പെടുത്തി.

‘നിങ്ങള്‍ ശക്തനായ പോരാളിയാകൂ ദൈവം നിങ്ങളോടൊപ്പമുണ്ട് ഞങ്ങളും കൂടെയുണ്ട്,’ എന്നാണ് കക്ക പ്രതികരിച്ചത്.

കക്കയും നെയ്മറും എട്ട് തവണയാണ് ഒരുമിച്ച് കളിച്ചിട്ടുള്ളത്. രണ്ട് ഗോളുകളുമാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്.

ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയില്‍ നിന്നുമാണ് നെയ്മര്‍ സൗദിയില്‍ എത്തുന്നത്. അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും മൂന്ന് അസിസ്റ്റുമാണ് നെയ്മര്‍ നേടിയിട്ടുള്ളത്.

Content Highlight: Kaka to social media to support the Neymar in the injury time.