റൊണാള്‍ഡോക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരമായി ഞാന്‍ അവന്റെ പേര് പറയും: കക്ക
Football
റൊണാള്‍ഡോക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരമായി ഞാന്‍ അവന്റെ പേര് പറയും: കക്ക
സുദേവ് എ
Tuesday, 11th August 2026, 10:14 am

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും.

ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്. ഗോട്ട് ഡിബേറ്റില്‍ പല താരങ്ങള്‍ക്കും പരിശീലകര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

ഗോട്ട് ഡിബേറ്റില്‍ ബ്രസീലിയന്‍ ഇതിഹാസം കക്കയും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച താരമായി മെസിയെയാണ് കക്ക തെരഞ്ഞെടുത്തത്.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മെസിയും റൊണാള്‍ഡോയും ഉണ്ടാവുമെന്നും ഇരുവരുടെയും കളികള്‍ നേരില്‍ കാണാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണെന്നും കക്ക പറഞ്ഞു. വണ്‍ ഫുട്ബോളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കക്ക ഗോട്ട് ഡിബേറ്റിനെക്കുറിച്ച് സംസാരിച്ചത്.

‘ഞാന്‍ റൊണാള്‍ഡോക്കൊപ്പം കളിച്ചിട്ടുണ്ട്. അവന്‍ ശരിക്കും അതിശയകരമാണ്. എന്നാല്‍ ഞാന്‍ മെസിയുടെ പേര് പറയും. മെസി ഒരു പ്രതിഭയാണ്. അവന്‍ കളിക്കുന്ന രീതി അവിശ്വസനീയമാണ്. റൊണാള്‍ഡോ ഒരു യന്ത്രം പോലെയാണ്. അവന്‍ മാനസികമായി വളരെ മുന്നിലാണ്. മത്സരങ്ങള്‍ എപ്പോഴും വിജയിക്കാന്‍ റൊണാള്‍ഡോ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ കാര്യം അവിശ്വസനീയമായ ഒന്നാണ്. ഫുട്ബോളിന്റെ ചരിത്രത്തില്‍ മെസിയും റൊണാള്‍ഡോയും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളവരാണ്. ഇരുവരുടെയും കളികള്‍ നേരില്‍ കാണാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്,’ കക്ക പറഞ്ഞു.

2009 മുതല്‍ 2013 വരെയാണ് റയല്‍ മാഡ്രിഡിന് വേണ്ടി കക്കയും റൊണാള്‍ഡോയും ഒരുമിച്ച് പന്തുതട്ടിയിട്ടുള്ളത്. നാല് സീസണുകളില്‍ ലോസ് ബ്ലാങ്കോസിനൊപ്പം 99 മത്സരങ്ങളിലാണ് ഇരുവരും ഒരുമിച്ച് കളിച്ചത്. ഇതില്‍ 21 ഗോളുകളാണ് ഇരുവരും ചേര്‍ന്ന് റയലിനായി നേടിയത്.

മെസിക്കെതിരെ കക്ക ക്ലബ്ബ് തലത്തിലും രാജ്യാന്തരതലത്തിലും 12 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. ഇതില്‍ നാല് വീതം വിജയങ്ങളാണ് ഇരുവരും സ്വന്തമാക്കിയത്. നാല് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു.

 

Content Highlight: Kaka talks about Lionel Messi and Cristiano Ronaldo

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.