തന്റെ ഫിറ്റ്‌നസിനെകുറിച്ച് പരസ്യമായി വിമര്‍ശനം നടത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ടെന്‍ ഹാഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് താരം ജെയ്ഡന്‍ സാഞ്ചോ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആഴ്സണല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

ഈ മത്സരത്തില്‍ പരിശീലകന്‍ സാഞ്ചോയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മത്സരശേഷം ഈ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് ടെന്‍ ഹാഗ് സാഞ്ചോയുടെ ഫിറ്റ്‌നസിനെകുറിച്ച് പറഞ്ഞത്. ക്ലബിന് വേണ്ടി കളിക്കാനുള്ള ഫിറ്റ്‌നസ് താരം കൈവരിച്ചിട്ടില്ലെന്നും പരിശീലനത്തിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ പുറത്തിരുത്തിയതുമെന്നായിരുന്നു കോച്ചിന്റെ വാദം.

ഇതിനുപിന്നാലെയാണ് ടെന്‍ ഹാഗിനെതിരെ ആഞ്ഞടിച്ചുകൊണ്ട് സാഞ്ചോ രംഗത്ത് വന്നത്. താരം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് അറിയിച്ചത്. ‘ദയവായി നിങ്ങള്‍ വായിക്കുന്നത് എല്ലാം വിശ്വസിക്കരുത്. വസ്തുതയില്ലാത്ത കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആരെയും അനുവദിക്കാറില്ല. ഈ ആഴ്ച ഞാന്‍ വളരെ നന്നായിട്ടാണ് പരിശീലനം നടത്തിയത്. ഇതിനുപിന്നിലുള്ള മറ്റു കാരണങ്ങള്‍ എന്താണ് എന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല’ സാഞ്ചോ പറഞ്ഞു.

‘വളരെ കാലങ്ങളായി ഞാന്‍ ബലിയാടാവുന്നു. മുഖത്ത് ഒരു ചെറുപുഞ്ചിരിയോടെ ഫുട്ബാള്‍ കളിക്കുക ടീമിനായി എപ്പോഴും സംഭാവനകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും’ താരം കൂട്ടിച്ചേര്‍ത്തു.

 

ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും 2021 ലാണ് ജോര്‍ദാന്‍ സാഞ്ചോ യുണൈറ്റഡിന്റെ തട്ടകത്തില്‍ എത്തുന്നത്. 73 മില്യണ്‍ ഡോളറിനായിരുന്നു താരത്തെ ക്ലബ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 82 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 12 ഗോളുകളാണ് നേടിയിട്ടുള്ളത്.

Content Highlights: Jordan Sancho against Eric Ten Hag