ക്യാമ്പസില്‍ അമ്പലം പണിയണം; അങ്ങനെ കുറേ പണം കിട്ടും; ജെ.എന്‍.യു വി.സിയുടെ 'മുട്ടന്‍' ഐഡിയ
India
ക്യാമ്പസില്‍ അമ്പലം പണിയണം; അങ്ങനെ കുറേ പണം കിട്ടും; ജെ.എന്‍.യു വി.സിയുടെ 'മുട്ടന്‍' ഐഡിയ
റെന്വര്‍ പി
Friday, 14th August 2026, 9:18 pm

ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒരു ‘ മുട്ടന്‍’ ഐഡിയ ഉപദേശിച്ച് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സതിശ്രീ ധുലിപുടി പണ്ഡിറ്റ്. ജെ.എന്‍.യു കാമ്പസിനകത്ത് അമ്പലം നിര്‍മിക്കണമെന്നും അതിലൂടെ സര്‍വകലാശാലക്ക് വരുമാനമുണ്ടാക്കാമെന്നും വി.സി പറഞ്ഞു.

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ മാതൃക പിന്തുടര്‍ന്ന് വെങ്കടേശ്വര ക്ഷേത്രം ക്യാമ്പസില്‍ നിര്‍മിക്കണമെന്നാണ് വി.സി. പറയുന്നത്. ആ ക്ഷേത്രത്തില്‍ നിന്ന് സംഭാവനകള്‍ നേടിയെടുക്കാമെന്നും വി.സി. പറയുന്നു. ഈ പ്രക്രിയയില്‍ ജെ.എന്‍.യു യാചകരാണെന്നും വി.സി അഭിപ്രായപ്പെട്ടു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഒരു ത്രിദിന അന്ത്രാരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നമ്മള്‍ പിച്ചക്കാരായതിനാല്‍ വിശ്വനാഥ ക്ഷേത്രം പോലെ ഒരു വെങ്കടേശ്വര ക്ഷേത്രം ഇവിടെ നിര്‍മിക്കണമെന്ന് ഞാന്‍ ജെ.എന്‍.യുവിനോട് സൂചിപ്പിച്ചു. ഞാന്‍ ആന്ധ്രയില്‍ നിന്നാണ് വരുന്നത്. ഈ വഴിക്ക് കുറേ പൈസ വരും,’ ജെ.എന്‍.യു വി.സി പറഞ്ഞു.

മഹാഭാരതത്തിലെ ദ്രൗപതിയെ ‘ആദ്യത്തെ ഫെമിനിസ്റ്റ്’ ആണെന്നും സമ്മേളനത്തില്‍ വി.സി പറഞ്ഞിരുന്നു. ‘ഇന്ത്യന്‍ ജ്ഞാന പാരമ്പര്യവും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായുടെ ചിന്തയും: ആഗോള കാഴ്ചപ്പാടും സമകാലിക പ്രസക്തിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം. ഇന്ത്യന്‍ സ്ത്രീപക്ഷ ചിന്തയെ പാശ്ചാത്യ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തരുതെന്ന് അവര്‍ പറഞ്ഞിരുന്നു.

‘ഫെമിനിസം സിമോണ്‍ ദ ബൊവാറില്‍ നിന്നാണ് ആരംഭിച്ചതെന്ന് ഞാന്‍ കരുതുന്നില്ല. ദ്രൗപതിയുടെ ജീവിതവും അവര്‍ ഭര്‍ത്താക്കന്മാരോട് ചോദിച്ച ചോദ്യങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യബോധത്തിന്റെ ഉദാഹരണമാണ്,’ എന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഓക്സ്ഫോര്‍ഡ്, ഹാര്‍വാര്‍ഡ്, ഹൈഡല്‍ബര്‍ഗ് തുടങ്ങിയ സര്‍വകലാശാലകളില്‍ പ്ലേറ്റോ, കണ്‍ഫ്യൂഷ്യസ്, കാന്റ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ചിന്തകരെക്കുറിച്ചും പഠിപ്പിക്കണമെന്നും സതിശ്രീ ധുലിപുടി പണ്ഡിറ്റ് പറഞ്ഞു.

ബി.എച്ച്.യുവിന്റെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ചെയറായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യന്‍ വിജ്ഞാന പാരമ്പര്യങ്ങളെയും ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിന്തയും എന്ന വിഷയത്തിലായിരുന്നു സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടന ദിനത്തില്‍ ഹിന്ദു സന്ന്യാസിയായ മിഥിലേശ് നന്ദിനി ശരണ്‍ മുഖ്യാഥിതി ആയി പങ്കെടുത്തിരുന്നു.

2022ലാണ് ജെ.എന്‍.യു വൈസ് ചാന്‍സലറായി സതിശ്രീ ധുലിപുടി പണ്ഡിറ്റ് സ്ഥാനമേല്‍ക്കുന്നത്. അടുത്തിടെ പണ്ഡിറ്റ് ഒരു പോഡ്കാസ്റ്റില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വി.സി നടത്തിയത് ജാതീയ പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടി ആദ്യം, ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയനും ജെഎന്‍യു ടീച്ചേഴ്സ് അസോസിയേഷനും പ്രതിഷേധിച്ചിരുന്നു. ഈ പോഡ്കാസ്റ്റ് നീക്കം ചെയ്യണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Contnet highlight: JNU VC Suggest to build temple at campus to attract funds

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.