എടുത്തുപറയാന്‍ അധികം നെഗറ്റീവുകളൊന്നുമില്ലാതെ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയ ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തൂക്കിയാണ് കളംവിട്ടത്. ഒ.ടി.ടി റിലീസിന് ശേഷം ഓവര്‍റേറ്റഡാകാതെ സോഷ്യല്‍ മീഡിയ ഭരിക്കാനും ബെത്‌ലഹേമിന് സാധിച്ചു.
ചിത്രത്തിലെ ഓരോ കഥാപാത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. അത്തരത്തിലൊരു കഥാപാത്രമാണ് നായികയുടെ അച്ഛന്‍ തങ്കച്ചന്‍. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജയശങ്കര്‍ കാരിമുട്ടം അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചാണ് പലരുടെയും ചര്‍ച്ച. മകളുടെ പ്രണയം അറിയുമ്പോള്‍ ദേഷ്യപ്പെടുന്ന ടിപ്പിക്കല്‍ അച്ഛനല്ല ബെത്‌ലഹേമിലെ തങ്കച്ചന്‍.

അമിതമായ മദ്യപാനം കാരണം സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടില്‍ വന്ന് താമസിക്കേണ്ടി വരുന്നവരാണ് തങ്കച്ചന്റെ കുടുംബം. അമിത മദ്യപാനം കാരണം ഭാര്യ പോലും അയാളെ മതിക്കുന്നില്ല. മകളെ വിദേശത്തേക്കയച്ച് കുടുംബം രക്ഷപ്പെടുത്താനാണ് തങ്കച്ചന്റെ ഭാര്യയുടെ പദ്ധതി. ബെത്‌ലഹേമിലും മകളെ വിദേശത്തേക്ക് അയക്കേണ്ടി വരുന്ന കഥാപാത്രമായതോടെ ജയശങ്കറിന്റെ ഫിലിമോഗ്രഫി ചര്‍ച്ചയായിരിക്കുകയാണ്.
ഫഹദ് നായകനായ ഞാന്‍ പ്രകാശനിലും സമാനമായ കഥാപാത്രമായിരുന്നു ജയശങ്കറിന്റേത്. കുടുംബത്തിന്റെ കടം വീട്ടാന്‍ വേണ്ടി ജയശങ്കര്‍ അവതരിപ്പിച്ച ഗ്രിഗറിയുടെ മകള്‍ സലോമി (നിഖില വിമല്‍) ജര്‍മനിയിലേക്ക് പോകുന്നതായാണ് കാണിക്കുന്നത്. ജര്‍മനിക്ക് പോകാനുള്ള പൈസക്ക് വേണ്ടി സലോമി പ്രകാശനെ കണ്ടുമുട്ടുന്നതാണ് സിനിമയുടെ പ്രധാന പ്ലോട്ട്.

മോളിവുഡിലെ ബെഞ്ച്മാര്‍ക്കായ ദൃശ്യം 2, ദൃശ്യം 3 എന്നീ സിനിമകളിലും സ്ഥിതി വ്യത്യസ്തമല്ല. ജോര്‍ജുകുട്ടിയുടെ സഹായത്തോടെ ജയശങ്കര്‍ അവതരിപ്പിച്ച പത്രോസ് എന്ന കഥാപാത്രത്തിന്റെ മകള്‍ ദുബായില്‍ നേഴ്‌സായി പോകുന്നത് കാണിക്കുന്നുണ്ട്. ഇതോടെയാണ് ജയശങ്കറിന്റെ കഥാപാത്രങ്ങളിലെ സാമ്യത സിനിമാപേജുകളില്‍ ചര്‍ച്ചയായത്.
‘ഇയാളാണ് അച്ഛനെങ്കില്‍ പെണ്മക്കള്‍ നാട് വിട്ടുപോയി പണിയെടുക്കേണ്ടിവരും’ എന്ന ക്യാപ്ഷനോടെ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വൈറലായി. മോളിവുഡിലെ സ്ഥിരം ‘നിര്‍ധന അച്ഛന്‍’ റോളില്‍ ജയശങ്കര്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെടുകയാണെന്ന് പലരും കമന്റ് പങ്കുവെക്കുന്നു. മകളാണെങ്കില്‍ മാത്രമേ വിദേശത്ത് പോകുള്ളൂവെന്നും മകനാണെങ്കില്‍ സീന്‍ മാറുമെന്നും കമന്റുണ്ട്. പണിയിലെ കഥാപാത്രം (സാഗര്‍ സൂര്യ അവതരിപ്പിച്ച ഡോണിന്റെ അച്ഛന്‍ സെബാസ്റ്റിയന്‍) അത്തരത്തിലൊന്നാണെന്ന കമന്റും ശ്രദ്ധ നേടി.

ഇത്തരത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത പല കാര്യങ്ങളും ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയാവുകയാണ്. സമീപകാലത്ത് ഒരു സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് ബെത്‌ലഹേമിന് ലഭിച്ചതെന്ന് സംശയമില്ലാതെ പറയാം.
Content Highlight: Jayashankar Karimuttam’s character in Bethlehem Kudumba Unit movie
