ഉര്‍വശിയെ കണ്ടാല്‍ മാത്രം ആ പട്ടി കുരയ്ക്കില്ലെന്ന് ജയറാം, പച്ചക്കള്ളമെന്ന് ഉര്‍വശി; ഇന്റര്‍വ്യൂ റോസ്റ്റാക്കി മാറ്റി മലയാളത്തിന്റെ സ്വന്തം താരങ്ങള്‍
Indian Cinema
ഉര്‍വശിയെ കണ്ടാല്‍ മാത്രം ആ പട്ടി കുരയ്ക്കില്ലെന്ന് ജയറാം, പച്ചക്കള്ളമെന്ന് ഉര്‍വശി; ഇന്റര്‍വ്യൂ റോസ്റ്റാക്കി മാറ്റി മലയാളത്തിന്റെ സ്വന്തം താരങ്ങള്‍
അമര്‍നാഥ് എം.
Thursday, 21st May 2026, 9:04 pm

മോളിവുഡിന്റെ അഭിമാന താരങ്ങളാണ് ജയറാമും ഉര്‍വശിയും. 90കളില്‍ മലയാളികളുടെ ഇഷ്ട ജോഡികളായി മാറിയ ഇരുവരും ഒരുപാട് ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചു. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഈ ഹിറ്റ് കോമ്പോ ഒന്നിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഹിറ്റ് കോമ്പോ ഒന്നിക്കുന്ന ചിത്രമാണ് പരിമള ആന്‍ഡ് കോ.

തലൈവന്‍ തലൈവിക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഫണ്‍ മൂഡില്‍ എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമാകും ഇതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അഭിമുഖം എന്നതിലുപരി രണ്ട് സുഹൃത്തുക്കള്‍ അവരുടെ ഓര്‍മകള്‍ പങ്കുവെക്കുന്ന പരിപാടിയായാണ് ഈ പ്രൊമോഷനെ പലരും കാണുന്നത്. പരസ്പരം ഓര്‍മകള്‍ പങ്കുവെച്ചും കളിയാക്കിയുമെല്ലാം മുന്നോട്ടുപോകുന്ന ഇന്റര്‍വ്യൂ എല്ലാം അങ്ങേയറ്റം രസകരമെന്നാണ് കമന്റുകള്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും.

‘ഈ പടത്തില്‍ ഞങ്ങളുടെ കഥാപാത്രം വളര്‍ത്തുന്ന ഒരു പട്ടിയുണ്ട്. സത്യം പറഞ്ഞാല്‍ ലൊക്കേഷനില്‍ എന്നെ ഏറ്റവും പേടിപ്പിച്ചത് ആ പട്ടിയായിരുന്നു. ആരെ കണ്ടാലും കുരയ്ക്കും. അധികം ആരോടും ഇണങ്ങില്ല. പക്ഷേ, ഉര്‍വശി ഉണ്ടെങ്കില്‍ ആള് സൈലന്റായിരിക്കും. അവര്‍ക്ക് ഷൂട്ടില്ലെങ്കില്‍ പോലും പട്ടിയെ ഓക്കെയാക്കാന്‍ വേണ്ടി മാത്രം ഉര്‍വശിയോട് അവിടെ നില്‍ക്കാന്‍ പറയും. സജഷനില്‍ എപ്പോഴും ഇവരുണ്ടാകും’ ജയറാം പറഞ്ഞു.

എന്നാല്‍ ഇതെല്ലാം വെറും നുണയാണെന്ന് ഉര്‍വശി തിരിച്ചടിച്ചു. തന്നെ കളിയാക്കാന്‍ വേണ്ടിയാണ് ഇത്തരം കഥകളുണ്ടാക്കുന്നതെന്നും ഉര്‍വശി വാദിച്ചു. സെറ്റിലും ഇതുപോലെ കളിയാക്കാനായി കഥകളുണ്ടാക്കുന്നയാളാണ് ജയറാമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഒരുപാട് കാലത്തിന് ശേഷമാണ് തങ്ങള്‍ ഒന്നിക്കുന്നതെന്നും നല്ല എക്‌സ്പീരിയന്‍സായിരുന്നെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ഫണ്‍ എന്റര്‍ടൈനറായൊരുങ്ങുന്ന പരിമള ആന്‍ഡ് കോയില്‍ വലിയ താരനിര അണിനിരക്കുന്നുണ്ട്. സഞ്ജന നടരാജന്‍, മിഷ്‌കിന്‍, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിടാമുയര്‍ച്ചിക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഈ മാസം 28ന് തിയേറ്ററുകളിലെത്തും. ഹിറ്റ് കോമ്പോ ഒന്നിക്കുമ്പോള്‍ സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നില്ല.

Content Highlight: Jayaram Urvashi interview viral in Social Media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം