മോഹന്‍ലാലും സുരേഷ് ഗോപിയും അങ്ങ് മാറിനിന്നാട്ടെ, ഇനി ഇവിടെ ജയറാം തന്നെ താരം
Entertainment
മോഹന്‍ലാലും സുരേഷ് ഗോപിയും അങ്ങ് മാറിനിന്നാട്ടെ, ഇനി ഇവിടെ ജയറാം തന്നെ താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th October 2022, 7:50 pm

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ ജയറാം ഇന്നും സ്റ്റേജുകളില്‍ കാണികളെ ആവേശഭരിതരാക്കാറുണ്ട്. ഈയിടെ പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷന്‍ വേദിയില്‍ മണി രത്‌നം മുതല്‍ കാര്‍ത്തിയുള്ളവരെ അനുകരിച്ച് സദസിനെ മുഴുവന്‍ ജയറാം പൊട്ടിച്ചിരിപ്പിച്ചിരുന്നു.

ജയറാമിന്റെ മറ്റൊരു സ്റ്റേജ് പെര്‍ഫോമന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കിഭരിക്കുന്നത്. പക്ഷെ ഇപ്രാവശ്യം മിമിക്രിയോ തമാശകളോ താളമേളങ്ങളോ അല്ല, പാട്ടിലാണ് താരം തിളങ്ങിയിരിക്കുന്നത്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കല്യാണ്‍ ജ്വല്ലേഴ്‌സ് സംഘടിപ്പിച്ച ചടങ്ങിലാണ് ജയറാം പാടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഗായകന്‍ അനൂപ് ശങ്കര്‍ തന്റെ യൂട്യൂബ് ചാനലില്‍ ജയറാം പാടുന്ന വീഡിയോ പങ്കുവെച്ചത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെല്ലാം പാടിയാണ് താരനിബിഡമായ സദസിനെ ജയറാം കയ്യിലെടുത്തത്. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി എന്ന പാട്ടായിരുന്നു മലയാളത്തില്‍ നിന്നും ജയറാം പാടിയത്.

തെന്നിന്ത്യയിലെ ഒരുവിധം താരങ്ങളെല്ലാം അണിനിരന്ന പരിപാടിയായിരുന്നു ഈ നവരാത്രി ആഘോഷം.
ജയറാമിന്റെ പാട്ടില്‍ ലയിച്ചിരിക്കുന്ന ഔസേപ്പച്ചന്‍, പ്രഭു, നവ്യ നായര്‍, ജോജു ജോര്‍ജ്, സത്യന്‍ അന്തിക്കാട്, നാഗാര്‍ജുന, ജയസൂര്യ, നിവിന്‍ പോളി, അനശ്വര രാജന്‍, സ്‌നേഹ തുടങ്ങിയവരെയെല്ലാം വീഡിയോയില്‍ കാണാം.

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ ജയറാമെന്ന ഗായകനെ ആഘോഷിക്കുകയാണ്. മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം നേരത്തെ തന്നെ പാടാനറിയുന്ന നടന്മാര്‍ എന്ന നിലയില്‍ കൂടി ഖ്യാതി നേടിയവരാണെങ്കില്‍, സമകാലികനായിരുന്ന ജയറാമിന്റെ ഈ കഴിവ് തിരിച്ചറിയാന്‍ വൈകിയെന്നാണ് പലരും പറയുന്നത്.

പാട്ട് ലോകത്ത് ഇനി ജയറാമിന്റെ കാലമാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. സിനിമാഗ്രൂപ്പുകളിലും മ്യൂസിക് ഗ്രൂപ്പുകളിലുമെല്ലാം ഒരുപോലെ തരംഗമായിരിക്കുകയാണ് നടനിപ്പോള്‍.

പൊന്നിയിന്‍ സെല്‍വനിലെ പ്രകടനവും പ്രൊമോഷന്‍ പരിപാടികളിലെ എനര്‍ജിറ്റിക് പെര്‍ഫോമന്‍സും ഇപ്പോള്‍ ഈ പാട്ടും കൂടിയായതോടെ ജയറാം വമ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

Content Highlight: Jayaram singing on stage video goes viral