ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുണ്ട്, വീട്ടില്‍വെച്ച് ഗ്രീഷ്മയെ ഷാരോണ്‍ താലി ചാര്‍ത്തിയിരുന്നു; കൊലപാതകത്തിന് പിന്നില്‍ അന്ധവിശ്വാസമെന്ന് ഷാരോണിന്റെ മാതാവ്
Kerala News
ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുണ്ട്, വീട്ടില്‍വെച്ച് ഗ്രീഷ്മയെ ഷാരോണ്‍ താലി ചാര്‍ത്തിയിരുന്നു; കൊലപാതകത്തിന് പിന്നില്‍ അന്ധവിശ്വാസമെന്ന് ഷാരോണിന്റെ മാതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th October 2022, 6:38 pm

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഷാരോണിന്റെ മാതാവ്. ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നെന്നും ഷാരോണിനെ കൊന്നത് അന്ധവിശ്വാസം കൊണ്ടാണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ പ്രതികരണം.

‘ഒരു വര്‍ഷമായിട്ട് ഷാരോണും ഗ്രീഷ്മയും തമ്മില്‍ സ്‌നേഹബന്ധത്തിലായിരുന്നു. ആ സമയത്ത് തന്നെ ഗ്രീഷ്മയെ കല്യാണം കഴിക്കണമെന്ന് മകന്‍ പറയുമായിരുന്നു.

ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുണ്ട്. വീട്ടില്‍വെച്ച് ഗ്രീഷ്മയെ ഷാരോണ്‍ താലിചാര്‍ത്തുകയും സിന്ദൂരമണിയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആദ്യ ഭര്‍ത്താവ് ഷാരോണാണ്.

ഫെബ്രുവരിയിലാണ് കല്യാണം തീരുമാനിച്ചിരിക്കുന്നത്, അതിന് മുമ്പ് മോനെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചു,’ ഷാരോണിന്റെ മാതാവ് പറഞ്ഞു.

കഷായം കുടിച്ചതിന് പിന്നാലെ വീട്ടിലെത്തി മകന്‍ നീലക്കളറില്‍ ഛര്‍ദ്ദിച്ചിരുന്നന്നും നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്ന ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും ഇവര്‍ പറയുന്നു.

അതേസമയം, ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി.

പാറശാല പൊലീസില്‍നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പെണ്‍കുട്ടിയെ സുദീര്‍ഘമായി ചോദ്യം ചെയ്തിരുന്നു. എട്ട് മണിക്കൂറോളമാണ് ഗ്രീഷമയെ ചോദ്യം ചെയ്തത്.