എന്റെ ഡയലോഗ് കേട്ട് അപ്പു വിറച്ചു, അതോടെ ഞങ്ങള്‍ക്കിടയിലുള്ള ബ്ലോക്ക് അങ്ങ് അഴിഞ്ഞു; ഹൃദയത്തിലെ രംഗത്തെ പറ്റി വിജയരാഘവന്‍
Film News
എന്റെ ഡയലോഗ് കേട്ട് അപ്പു വിറച്ചു, അതോടെ ഞങ്ങള്‍ക്കിടയിലുള്ള ബ്ലോക്ക് അങ്ങ് അഴിഞ്ഞു; ഹൃദയത്തിലെ രംഗത്തെ പറ്റി വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th October 2022, 6:12 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ വന്ന ഹൃദയത്തിലെ ഏറ്റവും ശ്രദ്ധ നേടിയ രംഗമായിരുന്നു വിജയരാഘവന്‍ പ്രണവിനെ കെട്ടിപ്പിടിക്കുന്നത്. ഒരു റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് ഷൂട്ട് ചെയ്ത ഈ രംഗത്തെ പറ്റി സംസാരിക്കുകയാണ് വിജയരാഘവന്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹൃദയത്തിന്റെ ഷൂട്ടിനെ പറ്റിയും പ്രണവിനെ പറ്റിയും വിജയരാഘവന്‍ സംസാരിച്ചത്.

‘അപ്പു അധികം സംസാരിക്കില്ല. പക്ഷേ നല്ല പയ്യനാണ്. പുതിയ പിള്ളേരില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പയ്യനാണ്. നല്ല വിവരമുണ്ട്, നന്നായി വായിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യുന്നയാളാണ്. എന്നാല്‍ ഒരു ഭാവിക്കലുമില്ല. വളരെ സിമ്പിളാണ്, യഥാര്‍ത്ഥ മനുഷ്യരെപ്പോലെ. ലാലിന്റെ ഒപ്പമുള്ളയാളല്ലേ സീനിയറല്ലേ എന്നൊക്കെ കരുതിയാവാം, എന്നോട് അധികം സംസാരിക്കില്ലായിരുന്നു. പക്ഷേ ഞാന്‍ വളരെ ഫ്രണ്ട്‌ലിയായി സിഗരറ്റ് ഉണ്ടോയെന്നൊക്കെ ചോദിക്കും.

അപ്പുവിനെ കെട്ടിപ്പിടിക്കുന്ന രംഗത്തെ പറ്റി വിനീത് എന്നോട് പറഞ്ഞിരുന്നു. അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ മറയില്ലാത്ത ഒരു അടുപ്പം സൃഷ്ടിക്കാന്‍ പറ്റി. എന്റെ കണ്ണില്‍ നോക്കണമെന്ന് അപ്പുവിനോട് ഞാന്‍ പറഞ്ഞിരുന്നു. അതിന് ശേഷമുള്ള സീനിലാണ് നിനക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ ഒന്ന് കെട്ടിപ്പിടിച്ചോട്ടെയെന്ന് ചോദിക്കുന്നത്. അത് കേട്ടപ്പോള്‍ അവനും അങ്ങ് വിറച്ചു. അവന്റെ ഉള്ളിലും എവിടെയോ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു. അതങ്ങ് അഴിഞ്ഞുപോയി. അത്രേയുണ്ടായിരുന്നുള്ളൂ കാര്യം.

അത് അത്ഭുതമല്ല. നമ്മുടെ കൂടെ അഭിനയിക്കുന്നവരുടെ ഒരു പെരുമാറ്റം പോലെയിരിക്കും. അതല്ലേ ലാലിന്റെയും മമ്മൂട്ടിയുടെയും നെടുമുടിവേണുവിന്റെയുമൊക്കെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു പ്രത്യേക എനര്‍ജി നമുക്ക് കിട്ടുന്നത്. അങ്ങനെയുള്ളവരുടെ ഒപ്പം നില്‍ക്കുമ്പോള്‍ നമുക്ക് ഒരു കൊടുക്കല്‍ വാങ്ങലുണ്ട്. പിന്നെ തിലകന്‍ ചേട്ടന്‍, അതൊക്കെ അത്ഭുതമാണ്.

നമ്മുടെ മലയാള സിനിമക്ക് കിട്ടിയ ഒരു ഭാഗ്യമതാണ്. സ്റ്റാര്‍ഡം ഉള്ള ആള്‍ക്കാരാണ് ഇവരൊക്കെ, അത് വെറുതെ ഉണ്ടാവുന്ന സ്റ്റാര്‍ഡമല്ല. അവര്‍ നല്ല ആക്ടേഴ്‌സാണ്. മറ്റ് പല സ്ഥലങ്ങളിലും സ്റ്റാര്‍ഡം കൊണ്ട് നടന്മാരായി നടക്കുന്നവരുണ്ട്. നമ്മുടെ സ്റ്റാര്‍സ് എന്ന് പറഞ്ഞാല്‍ നടന്മാരാണ്,’ വിജയരാഘവന്‍ പറഞ്ഞു.

Content Highlight: vijayaraghavan talks about the shooting experience with pranav mohanlal