ഇന്ത്യന്‍ സിനിമാലോകം ഒട്ടാകെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്തിന്റെ ജയിലര്‍ 2. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനെന്ന കഥാപാത്രമായി 2023ല്‍ നെല്‍സണ്‍ തിയേറ്ററിന് തീയിട്ടപ്പോള്‍ മുതല്‍ തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. തലൈവര്‍ രജിനിയുടെ മാസും സ്വാഗും ഇരട്ടി പവറോടെ തിരിച്ചെത്തിയ ചിത്രത്തില്‍ മലയാളികളുടെ അഹങ്കാരം മോഹന്‍ലാലും കന്നട സൂപ്പര്‍താരം ശിവരാജ് കുമാറും എത്തിയപ്പോള്‍ ജയിലര്‍ കത്തിക്കയറുകയായിരുന്നു.

ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്ന് പ്രഖ്യാപനം വന്നതുമുതല്‍ ജയിലര്‍ 2വിന്റെ ഓരോ അപ്‌ഡേറ്റുകളെയും ആഘോഷമാക്കുന്ന കാഴ്ച്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ ഷംന കാസിമും, രാജേഷ് മാധവനും രജിനികാന്തും അണിനിരന്ന ‘അല ബൊലോലെ’ എന്ന ഗാനവും സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ തുടങ്ങിയവരുടെ ക്യാരക്ടര്‍ ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ജയിലര്‍ 2. Photo: X.com

ഇപ്പോഴിതാ കാത്തിരിപ്പിന് ആക്കം കൂട്ടിക്കൊണ്ട് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സണ്‍ ടി.വി തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയ്‌ലര്‍ ഒരു മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പ് ഒരു മില്യണിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ആദ്യഭാഗത്തെ പോലെ തന്നെ പ്രതീക്ഷ നല്‍കുന്ന വിധത്തിലാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

സുരാജ് വെഞ്ഞാറമൂടിന്റെ ദിലീപ് എന്ന കഥാപാത്രത്തില്‍ നിന്നും ആരംഭിക്കുന്ന ട്രെയ്‌ലര്‍ ആദ്യഭാഗത്തില്‍ വിനയാകന്റെ വര്‍മനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചോദിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. പിന്നാലെ ജയിലര്‍ 2വിലെ വമ്പന്‍ താരനിരയും ചിത്രത്തില്‍ മിന്നിമായുന്നുണ്ട്. കൂട്ടത്തില്‍ കമന്റ് ബോക്‌സിന് തീയിടുന്നത് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലാണ്. കിടിലന്‍ ലുക്കില്‍ സെക്കന്‍ഡ് നേരത്തേക്ക് മിന്നിമായുന്ന താരത്തെ പ്രശംസിച്ച് ഒട്ടനവധി പേരാണ് ഇതിനോടകം കമന്റുകളിട്ടിരിക്കുന്നത്.

സുരാജിനും മോഹന്‍ലാലിനും പുറമെ കോട്ടയം നസീര്‍, സുനില്‍ സുഗദ, സുജിത് ശങ്കര്‍, ഹക്കീം ഷാ, വിനീത് തട്ടില്‍, രാജേഷ് മാധവന്‍, മിര്‍ണ, അന്ന രാജന്‍, ഷംന കാസിം തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന മലയാളി അഭിനേതാക്കളാണ്. ഇവര്‍ക്ക് പുറമെ ജയിലറില്‍ വര്‍മനായി ഗംഭീര പ്രകടനം കാഴ്ചവെച്ച വിനായകന്‍ രണ്ടാം ഭാഗത്തില്‍ കാമിയോ റോളിലെത്തുമെന്നും സൂചനകളുണ്ട്.

ജയിലര്‍ 2. Photo: Screen Grab/ Sun TV/ Youtube.com

മലയാളി താരങ്ങള്‍ക്ക് പുറമെ ശിവരാജ് കുമാര്‍, വിജയ് സേതുപതി, മിഥുന്‍ ചക്രബര്‍ത്തി, എസ്.ജെ സൂര്യ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ രജിനിയ്ക്ക് എന്തായിരിക്കും ചെയ്യാനുണ്ടായിരിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എല്ലാം ഒത്തുവന്നാല്‍ തമിഴിലെ ആദ്യ 1000 കോടി ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍. ഒക്ടോബര്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Jailer 2 trailer out starring Rajinikanth, Mohanlal,Shivaraj Kumar