ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പലരും ഉറപ്പിച്ച് പറയുന്ന ചിത്രമാണ് ജയിലര്‍ 2. ആദ്യഭാഗം എവിടെ നിര്‍ത്തിയോ അവിടുന്ന് തന്നെ രണ്ടാം ഭാഗം ആരംഭിക്കുമെന്നാണ് അപ്‌ഡേറ്റുകള്‍ നല്‍കുന്ന സൂചന. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ വീണ്ടുമെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ജയിലര്‍ 2 മാറുമെന്നാണ് പ്രീ സെയിലുകള്‍ സൂചിപ്പിക്കുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെ ഇതിനോടകം 60 കോടിക്കടുത്ത് ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. എല്ലാം ഒത്തുവന്നാല്‍ 100 കോടി ഓപ്പണിങ് ചിത്രം നേടുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്.

കേരളത്തിലും മികച്ച ബുക്കിങ്ങാണ് ജയിലര്‍ 2ന്. ഇതിനോടകം ഏഴ് കോടിക്കടുത്ത് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം നേടിക്കഴിഞ്ഞു. ഇതോടെ കേരള ബോക്‌സ് ഓഫീസില്‍ മോഹന്‍ലാലിന് മാത്രമുള്ള ഒരു റെക്കോഡില്‍ രജിനിയും ഇടംപിടിച്ചിരിക്കുകയാണ്. കേരളത്തില്‍ ഒന്നിലധികം ഏഴ് കോടി ഓപ്പണിങ്ങുള്ള രണ്ടാമത്തെ നടനായാണ് രജിനി മാറിയത്.

മലയാളത്തിലെ സൂപ്പര്‍താരം മമ്മൂട്ടിക്ക് ഇതുവരെ കേരളത്തില്‍ ഏഴ് കോടി ഓപ്പണിങ്ങില്ലാതിരിക്കുമ്പോഴാണ് തമിഴ് താരം രജിനി രണ്ട് വട്ടം ഈ റെക്കോഡ് സ്വന്തമാക്കുന്നത്. ഏര്‍ലി മോര്‍ണിങ് ഷോയടക്കമുള്ള അഡ്വാന്റേജ് ഇത്തരം ഉയര്‍ന്ന ആദ്യദിന കളക്ഷനില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി മമ്മൂട്ടിയുടെ ഒരൊറ്റ സിനിമക്കും ഏര്‍ലി മോര്‍ണിങ് ഷോ ഉണ്ടാകാറില്ലെന്നതും എടുത്തുപറയണം. ഇത്തരം അവസരങ്ങള്‍ മോഹന്‍ലാലും രജിനിയുമടക്കമുള്ള താരങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നുണ്ട്.

 

രജിനിയുടെ മുന്‍ ചിത്രമായ കൂലി കേരളത്തില്‍ നിന്ന് മാത്രം ആദ്യദിനം 9.3 കോടി നേടിയിരുന്നു. കൂലിയെക്കാള്‍ ഹൈപ്പുള്ളതിനാല്‍ ലിയോയുടെ ഫസ്റ്റ് ഡേ റെക്കോഡ് ജയിലര്‍ 2 തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. 12 കോടിയായിരുന്നു ലിയോ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത്. ലിയോയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ജയിലര്‍ 2 രണ്ടാം സ്ഥാനം സ്വന്തമാക്കിയേക്കും.

വന്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ ഫൈനല്‍ റണ്ണില്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമായി മാറാനും ജയിലര്‍ 2ന് സാധ്യതകളുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗം കേരളത്തില്‍ നിന്ന് മാത്രം 60 കോടിക്കടുത്ത് നേടിയിരുന്നു. രണ്ടാം ഭാഗം ഏത് ലെവലാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Content Highlight: Jailer 2 Kerala pre sales crossed 7 crores