ആനക്കൊമ്പ് കള്ളക്കടത്തിന്റെയും കാടിന്റെ വന്യതയുടെയും കഥ പറയുന്ന ഏറ്റവും പുതിയ മലയാളം ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കാട്ടാളൻ’. ആൻ്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രം നവാഗതനായ പോൾ ജോർജാണ് സംവിധാനം ചെയ്യുന്നത്.
മലയാള സിനിമയിൽ മോഹൻലാൽ കഴിഞ്ഞാൽ യുവതലമുറയിൽ ഏറ്റവും കൂടുതൽ പവറുള്ള ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് ആന്റണി വർഗീസ് (പെപ്പെ) ആണെന്ന് നടൻ ജഗദീഷ് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ‘കാട്ടാളൻ’ എന്ന പുതിയ ചിത്രത്തിലെ പെപ്പെയുടെ പ്രകടനത്തെ ജഗദീഷ് അഭിനന്ദിച്ചത്.
ഒരു 15 കിലോയുടെ പഞ്ചാണ് പെപ്പെയുടേത്. മോഹൻലാലിന്റെ ഇടി കാണുമ്പോൾ കൈയടിക്കാൻ തോന്നുന്നതുപോലെ പെപ്പെയുടെ ഫൈറ്റും പ്രേക്ഷകരെ ആവേശം കൊള്ളിക്കും എന്നും കാട്ടാളനിലൂടെ താരത്തിന്റെ സ്റ്റാർ വാല്യൂ ഉയരുമെന്നും ജഗദീഷ് പറയുന്നു.
‘കാട്ടാളൻ’ എന്ന ചിത്രത്തിൽ വളരെ ചലഞ്ചിങ് ആയൊരു കഥാപാത്രത്തെയാണ് ആന്റണി പെപ്പെ അവതരിപ്പിക്കുന്നത്. ഈ സിനിമ കഴിയുന്നതോടെ പെപ്പെയുടെ സ്റ്റാർ വാല്യൂ ഇനിയും ഉയരും. മറ്റേത് സിനിമയിലുള്ളതിനേക്കാളും റിസ്ക് നിറഞ്ഞ ഷോട്ടുകളാണ് പെപ്പെ ഇതിൽ ചെയ്തിരിക്കുന്നത്. ഒരു ’15 കിലോയുടെ പഞ്ച്’ ആണ് പെപ്പെയുടെ ഇടിക്കുള്ളത്. മാത്രമല്ല, പെപ്പെ ഫൈറ്റ് ചെയ്യുമ്പോൾ എതിരാളിയെ കീഴ്പ്പെടുത്തുന്നത് കാണുമ്പോൾ നമുക്ക് സ്വയം കൈയടിക്കാൻ തോന്നും.
എല്ലാവരുടെ ഫൈറ്റ് കാണുമ്പോഴും നമുക്ക് അങ്ങനെ തോന്നാറില്ല. മോഹൻലാലിന്റെ ഇടി കാണുമ്പോഴാണ് സാധാരണ നമുക്ക് ആ ആവേശം വരാറുള്ളത്. മോഹൻലാൽ കഴിഞ്ഞാൽ യുവതലമുറയിൽ പെപ്പെയുടെ ഇടിക്കാണ് ഏറ്റവും കൂടുതൽ പഞ്ചുള്ളത്. പെപ്പെയുടെ ഫൈറ്റ് കാണുമ്പോൾ നമ്മുടെ വീട്ടിലെ ഒരു ചെറുപ്പക്കാരൻ ഫൈറ്റ് ചെയ്യുന്ന ഒരു ഫീലാണ് പ്രേക്ഷകർക്ക് ലഭിക്കുക. അത്തരമൊരു വലിയ ജനപിന്തുണ പെപ്പെയ്ക്കുണ്ട്. അത് ‘കാട്ടാളൻ’ എന്ന ചിത്രത്തിന് വലിയ രീതിയിൽ ഗുണം ചെയ്യും’. ജഗദീഷ് പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ നായകനായി എത്തിയ നടനാണ് ആന്റണി വർഗീസ്. ‘പെപ്പെ’ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. അങ്കമാലി ഡയറീസിലെ ‘വിൻസെന്റ് പെപ്പെ’ എന്ന കഥാപാത്രത്തിലൂടെയാണ് പെപ്പെയെ മലയാളികൾ നെഞ്ചിലേറ്റിയത്. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘ജല്ലിക്കെട്ട്’, ‘ആർഡിഎക്സ്’ (RDX) എന്നിവയാണ് പെപ്പെയുടെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ
‘ബാഹുബലി-2’, ‘ജവാൻ’, ‘പൊന്നിയൻ സെൽവൻ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സ്റ്റണ്ട് ഒരുക്കിയ ലോകപ്രശസ്ത കൊറിയോഗ്രാഫർ കെച്ച കെംബഡികെയാണ് ഇതിലെ അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. രവി ബസ്രൂർ സംഗീതം പകരുന്ന ചിത്രത്തിൽ ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ്, സിദ്ധിഖ്, ആൻസൺ പോൾ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ പ്രണവ് രാജ് തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നു.
പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐ.എം.ഡി.ബി (IMDb) പട്ടികയിൽ ഇതിനോടകം തന്നെ ‘കാട്ടാളൻ’ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അണിയറപ്രവർത്തനങ്ങളും ഹോളിവുഡ് ശൈലിയിലുള്ള മാസ്സ് ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഈ ചിത്രം പെപ്പെയുടെ കരിയറിലെ വലിയ വിജയമായി മാറുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
Content Highlight: Jagadish says ‘Kattaalan’ will raise Pepe’s star value, calling his action the best after Mohanlal