ഇസ്രഈല്‍ കുടിയേറ്റം: ഫലസ്തീനി ക്രിസ്ത്യാനികളുടെ നിലനില്‍പ്പ് അപകടത്തില്‍: ആഗോള ഇടപെടല്‍ ആവശ്യപ്പെട്ട് ഫലസ്തീനിലെ സഭാ കമ്മിറ്റി
World
ഇസ്രഈല്‍ കുടിയേറ്റം: ഫലസ്തീനി ക്രിസ്ത്യാനികളുടെ നിലനില്‍പ്പ് അപകടത്തില്‍: ആഗോള ഇടപെടല്‍ ആവശ്യപ്പെട്ട് ഫലസ്തീനിലെ സഭാ കമ്മിറ്റി
നിഷാന. വി.വി
Monday, 20th July 2026, 12:07 pm

ടെല്‍അവീവ്: ഇസ്രഈലിന്റെ തുടര്‍ച്ചയായ കുടിയേറ്റ വ്യാപനവും ഭൂമി കണ്ടുകെട്ടല്‍ നയങ്ങളും പ്രദേശത്ത് ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ ചരിത്രപരമായ നിലനില്‍പ്പിന് ഭീഷണിയാവുന്നുവെന്ന് സഭാ കമ്മിറ്റി.

ഫലസ്തീനിലെ പള്ളി കാര്യങ്ങള്‍ക്കുള്ള ഹയര്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സഭാ നേതാക്കള്‍ക്ക് അയച്ച കത്തിലായിരുന്നു കമ്മിറ്റിയുടെ പരാമര്‍ശം.

ബത്‌ലഹേം ഗവര്‍ണറേറ്റിലെ ആറ് പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അംഗീകാരം നല്‍കിയ ഇസ്രഈല്‍ മന്ത്രിസഭയുടെ തീരുമാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും കമ്മിറ്റി കത്തില്‍ ചൂണ്ടിക്കാണിച്ചു.

യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബത്‌ലഹേം മേഖലയിലെ ഈ കുടിയേറ്റ പദ്ധതികള്‍ ഇസ്രഈലി കുടിയേറ്റ ബ്ലോക്കുകളെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ബെയ്ത് ജല, ബെയ്ത സഹൂര്‍ എന്നീ ഫലസ്തീനി നഗരങ്ങളെ അവയുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും കമ്മിറ്റി വ്യക്തമാക്കി.

ഈ പദ്ധതി സാധാരണ നഗരവികസനത്തിന് അപ്പുറത്തേക്ക് കടന്നുകയറുമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. പുതിയ റോഡ് ശൃംഖലകളിലൂടെ കുടിയേറ്റ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ ഘടന മാറ്റിയെഴുതുകയും, ഇസ്രഈലിന്റെ സാന്നിധ്യം ശാശ്വതമായി ഉറപ്പിക്കുകയുമാണ് ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്നും കമ്മിറ്റി പറഞ്ഞു.

‘മാറ്റാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനും, അധിനിവേശം മുന്നോട്ട് കൊണ്ടുപോകാനും, ന്യായമായ ഏതൊരു സമാധാന സാധ്യതയും തകര്‍ക്കാനുമുള്ള ഇസ്രഈലിന്റെ ആസൂത്രിത നയത്തിന്റെ അപകടകരമായ ഒരു പുതിയ ഘട്ടത്തെയാണ് ഈ തീരുമാനം അടയാളപ്പെടുത്തുന്നത്,’ കത്തില്‍ പറയുന്നു.

കുടിയേറ്റ വ്യാപനത്തിനും പിടിച്ചെടുക്കല്‍ നയങ്ങള്‍ക്കുമെതിരെ വ്യക്തവും ദൃഢവുമായ നിലപാട് സ്വീകരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള സഭാ നേതാക്കള്‍ തങ്ങളുടെ ആത്മീയവും ചരിത്രപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഈ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും നാലാം ജനീവ കണ്‍വെന്‍ഷന്റെയും നഗ്‌നമായ ലംഘനമാണെന്നും, ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രഈലിന്റെ അധിനിവേശം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും, അത് ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത 2024 ജൂലൈയിലെ അന്താരാഷ്ട്ര കോടതിയുടെ ഉപദേശക അഭിപ്രായത്തിന് വിരുദ്ധമാണെന്നും കത്തില്‍ പറയുന്നു.

അല്‍-ഖുദ്‌സിലെ ക്രിസ്ത്യാനികളെയും ജൂത ഇതര സമൂഹങ്ങളെയും ലക്ഷ്യമിട്ടുള്ള ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ കാര്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

അന്താരാഷ്ട്ര നിയമങ്ങളെ സജീവമായി പ്രതിരോധിക്കാനും വിശുദ്ധ നാടിനെ സംരക്ഷിക്കാനും ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നീതിയുക്തമായ സമാധാനം കൈവരിക്കുന്നതിന് അത്യാവശ്യമായ ഫലസ്തീനി ക്രിസ്ത്യന്‍ സാന്നിധ്യത്തെ നിലനിര്‍ത്താനും സഭാ നേതാക്കളോട് കത്തില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാര്‍ഷിക സ്വത്തുക്കള്‍ ഉള്‍പ്പെടെ അധിക ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നത് ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. കുടിയേറ്റ നിര്‍മാണം വേഗത്തിലാക്കാനും, കുടിയേറ്റക്കാരുടെ കൈമാറ്റം എളുപ്പമാക്കാനും, ഈ പുതിയ കുടിയേറ്റ കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മിക്കാനുമായി ഇസ്രായേല്‍ ഭരണകൂടം 2.3 ശതകോടിയിലധികം ഷെക്കല്‍ അനുവദിച്ചിട്ടുണ്ട്.

2023 ഒക്ടോബര്‍ മുതല്‍ അക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ വികാസങ്ങള്‍ സംഭവിക്കുന്നത്. ഇസ്രഈലി അധിനിവേശ സേനയുടെ പിന്തുണയോടെയും സംരക്ഷണത്തോടെയും നിയമവിരുദ്ധ കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലുടനീളം തങ്ങളുടെ ഭീകരാക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ഈ ആക്രമണങ്ങളില്‍ 1,200-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. പ്രദേശങ്ങളിലുടനീളം ക്രിസ്ത്യന്‍, മുസ്‌ലിം പുരോഹിതന്മാര്‍ക്ക് നേരെയും പുണ്യസ്ഥലങ്ങള്‍ക്ക് നേരെയും ഉള്ള ആക്രമണങ്ങളും കാര്യമായി വര്‍ധിച്ചിട്ടുണ്ട്.

Content Highlight: Israeli Settlement: Palestinian Christians’ Survival at Risk – Church Committee in Palestine Calls for Global Intervention

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.