കളിക്കളത്തില്‍ സ്വന്തം തന്ത്രങ്ങള്‍ കൃത്യമായി ആവിഷ്‌കരിച്ച് നടപ്പിലാക്കുക എന്നതുപോലെ പ്രധാനമാണ് എതിര്‍ ടീമിന്റെ സ്ട്രാറ്റജികളും തന്ത്രങ്ങളും മനസിലാക്കുക എന്നതും. എതിര്‍ ടീം അംഗങ്ങള്‍ ആശയവിനിമയം നടത്തുന്നത് തിരിച്ചറിയാന്‍ സാധിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്.
ഇന്ത്യയുടെ തന്ത്രങ്ങള്‍
ഇക്കാര്യം വ്യക്തമായി ബോധ്യമുള്ളതുകൊണ്ടാണ് ഇന്ത്യന്‍ ടീം എല്ലായ്‌പ്പോഴും ഹിന്ദിയിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും കളിക്കളത്തില്‍ ആശയവിനിമയം നടത്താറുള്ളത്. എങ്ങനെ ബൗള്‍ ചെയ്യണമെന്നതടക്കമുള്ള ചര്‍ച്ചകളെല്ലാം തന്നെ ഇന്ത്യന്‍ ടീം ഹിന്ദിയിലാണ് നടത്താറുള്ളത്. വളരെ പെട്ടെന്ന് സന്ദേശം കൈമാറേണ്ട സാഹചര്യത്തില്‍ ഹിന്ദിയില്‍ തന്നെ അവര്‍ ഉറക്കെ വിളിച്ചുപറയുകയും ചെയ്യും.

എന്നാല്‍ ഇന്ത്യയുടെ ഹിന്ദി ട്രിക്ക് മറികടക്കാന്‍ മറ്റ് ടീമുകള്‍ പ്രധാനപ്പെട്ട വാക്കുകളെല്ലാം തന്നെ പഠിച്ചുവെക്കാറുമുണ്ട്. വിദേശ ടീമില്‍ ഇന്ത്യന്‍ വംശജരായ താരങ്ങളുണ്ടെങ്കില്‍ അവരെ സംബന്ധിച്ച് ഇത് കുറച്ചുകൂടി എളുപ്പമാണ്.
ഉദാഹരണത്തിന് ന്യൂസിലാന്‍ഡിന്റെ ഇഷ് സോധിക്ക് മുമ്പില്‍ ഇന്ത്യയുടെ ഹിന്ദി ട്രിക്ക് വര്‍ക്ക് ആകില്ല. കളിക്കുന്നത് ന്യൂസിലാന്‍ഡിന് വേണ്ടിയാണെങ്കിലും താരത്തിന്റെ വേരുകള്‍ ചെന്നെത്തി നില്‍ക്കുന്നത് ഇങ്ങ് പഞ്ചാബിലാണ്.
