സ്‌പെഷ്യല്‍ ഹാട്രിക്കുമായി ഇഷാന്‍; സഞ്ജുവിന് മാത്രമുള്ള നേട്ടത്തില്‍ കിഷനും!
IPL
സ്‌പെഷ്യല്‍ ഹാട്രിക്കുമായി ഇഷാന്‍; സഞ്ജുവിന് മാത്രമുള്ള നേട്ടത്തില്‍ കിഷനും!
ഫസീഹ പി.സി.
Saturday, 23rd May 2026, 7:11 am

2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ 56 റണ്‍സിനാണ് ഓറഞ്ച് ആര്‍മി ആര്‍.സി.ബിയെ തകര്‍ത്തെറിഞ്ഞത്.

ഹൈദരാബാദ് ഉയര്‍ത്തിയ 256 വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരുവിന് 200 റണ്‍സിന് താരങ്ങളുടെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. വിജയത്തോടെ ഹൈദരാബാദിന് 18 പോയിന്റ് ആയെങ്കിലും ടീം മൂന്നാം സ്ഥാനത്ത് തന്നെയാണ്.

ഇഷാൻ കിഷൻ. Photo: IndianPremierLeague/x.com

മത്സരത്തില്‍ ഹൈദരാബാദിനായി മിന്നും പ്രകടനം നടത്തിയത് ഇഷാന്‍ കിഷനാണ്. താരം 46 പന്തില്‍ നിന്ന് 79 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്സറുകളും 8 ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 171.74 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ് ചെയ്തത്.

ഈ പ്രകടനം കിഷന് കളിയിലെ താരമെന്ന പട്ടവും സമ്മാനിച്ചു. ഇത് ഹൈദരാബാദ് ബാറ്ററുടെ ഈ സീസണിലെ മൂന്നാമത്തെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് (പി.ഒ.ടി.എം). നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും താരം കളിയിലെ താരമായിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ കൂടി വിക്കറ്റ് കീപ്പര്‍ ബെംഗളുരുവിനെതിരെയും നേടിയതോടെയാണ് പി.ഒ.ടി.എമ്മില്‍ ഹാട്രിക് അടിച്ചത്.

ഐ.പി.എല്‍ 2026ല്‍ മറ്റൊരു താരം മാത്രമാണ് ഇങ്ങനെ മൂന്ന് പി.ഒ.ടി.എം സ്വന്തമാക്കിയത്. മറ്റാരുമല്ല, അത് മലയാളി താരം സഞ്ജു സാംസണാണ്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും ഒപ്പം വാംഖഡെയില്‍ നടന്ന മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിലുമായിരുന്നു സി.എസ്. കെ വിക്കറ്റ് കീപ്പര്‍ വിക്കറ്റ് കീപ്പറുടെ നേട്ടം.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

അതേസമയം മത്സരത്തില്‍ കിഷന് പുറമെ അഭിഷേക് ശര്‍മ 22 പന്തില്‍ 56 റണ്‍സും ഹെന്റിക് ക്ലാസന്‍ 24 പന്തില്‍ 51 റണ്‍സും നേടി തിളങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി (12 പന്തില്‍ 29*), ട്രാവിസ് ഹെഡ് (16 പന്തില്‍ 26 റണ്‍സ്) സംഭാവന ചെയ്തു. ആര്‍.സി.ബിക്ക് വേണ്ടി റാസിഖ് സലാം രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സുയാഷ് ശര്‍മ, എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ആര്‍.സി.ബിക്കായി രജത് പടിദാര്‍ (39 പന്തില്‍ 56), വെങ്കടേഷ് അയ്യര്‍ (19 പന്തില്‍ 44), ക്രുണാല്‍ പാണ്ഡ്യ (31 പന്തില്‍ 41*) മികവ് പുലര്‍ത്തി. ഹൈദരാബാദിനായി ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റുകളും ട്രാവിസ് ഹെഡ്, സാകിബ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: IPL 2026: SRH vs RCB: Ishan Kishan and Sanju Samson are the only players to win POTM in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി