ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 26 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈയെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ സി.എസ്.കെ താരം സുരേഷ് റെയ്‌ന. മാത്രമല്ല ടീമിന് പുതിയ ക്യാപ്റ്റനേയും വിക്കറ്റ് കീപ്പറേയും ആവശ്യമാണെന്ന് റെയ്‌ന പറഞ്ഞു.

‘സി.എസ്.കെ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. അവര്‍ക്ക് ഒരു പുതിയ ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ആവശ്യമാണ്. ഫ്രാഞ്ചൈസിയെ നയിക്കാന്‍ കഴിയുന്ന ഒരു കളിക്കാരനെ കണ്ടെത്തുക. മിക്കവാറും എല്ലാ പ്രധാന കളിക്കാരും 30 വയസിനു മുകളിലുള്ളവരാണ്, യുവ കളിക്കാരെ കണ്ടെത്തേണ്ട സമയമാണിത്. മറ്റ് ഫ്രാഞ്ചൈസികളെ നോക്കൂ.

പ്രിയാന്‍ഷ് ആര്യയും വൈഭവ് സൂര്യവംശിയും എന്ന രണ്ട് യുവ ക്രിക്കറ്റ് താരങ്ങള്‍ എല്ലാവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സി.എസ്.കെയുടെ ഗ്രാഫ് താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്, ഫ്രാഞ്ചൈസിയെ അലട്ടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ശരിയായ സമയമാണിത്. മുന്നോട്ട് പോയി, മത്സരങ്ങള്‍ ജയിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്,’ സുരേഷ് റെയ്ന പറഞ്ഞു.

ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ 35 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്ന് രവീന്ദ്ര ജഡേജയും 32 പന്തില്‍ 50 റണ്‍സ് നേടിയ ശിവം ദുബെയും മാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ആയുഷ് മാഹ്‌ത്രെ 32 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ധോണി ആറ് പന്തില്‍ നാല് റണ്‍സിനാണ് പുറത്തായത്. മറ്റാര്‍ക്കും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചില്ല.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

തോല്‍വിക്ക് പിന്നാലെ ചെന്നൈ എട്ട് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് വിജയവുമായി 10ാം സ്ഥാനത്താണ്. അതേസമയം മുംബൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഏപ്രില്‍ 23നാണ് മുംബൈയുടെ അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലാണ് വേദി.

Content Highlight: IPL 2025: Suresh Raina Criticize Chennai Super Kings