ചില സിനിമകളിൽ ഒരു മീശ ഒട്ടിക്കാൻ ത്രാണിയുള്ള ആളെയാണോ മേക്കപ്പ്മാനാക്കിയതെന്ന് പോലും അറിയില്ല: ഇന്ദ്രൻസ്
malayalam movie
ചില സിനിമകളിൽ ഒരു മീശ ഒട്ടിക്കാൻ ത്രാണിയുള്ള ആളെയാണോ മേക്കപ്പ്മാനാക്കിയതെന്ന് പോലും അറിയില്ല: ഇന്ദ്രൻസ്
നന്ദന. ടി
Tuesday, 11th August 2026, 10:46 am

ഒരു തയ്യൽക്കാരനായി ജീവിതം ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായി മാറിയ വ്യക്തിയാണ് ഇന്ദ്രൻസ്. സിനിമയിലെത്തിയ ആദ്യകാലത്ത് വസ്ത്രാലങ്കാര രംഗത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്ന താരം, ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ നടനിലേക്കുള്ള അപൂർവ യാത്രയാണ് നടത്തിയത്. ആളൊരുക്കം, ഹോം, വെയിൽമരങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

ഹോം എന്ന ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന് 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇന്ദ്രൻസ്. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദ്രൻസ്. Photo. Screen grab/ Youtube

ഒരു കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ മേക്കപ്പിന് വലിയ പങ്കുണ്ടെന്നും, ആ സൗകര്യം ഹോം സിനിമയിലെ ഒലിവർ ട്വിസ്റ്റിന് ലഭിച്ചിരുന്നുവെന്നും ഇന്ദ്രൻസ് പറയുന്നു

ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ മനോഹരമാക്കിയതിൽ മേക്കപ്പ്മാനും വലിയൊരു പങ്കുണ്ട്. കാരണം ഒരു കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കാൻ ചെല്ലുമ്പോൾ നമ്മൾ പാതി മാത്രം ആണ് ആ കഥാപാത്രമായി മാറുന്നത്. ചില സ്ഥലങ്ങളിലൊക്കെ മേക്കപ്പിനോ കോസ്റ്റ്യൂമിനോ ഒന്നും ശരിയായ പ്രാധാന്യം കൊടുക്കാറില്ല. ആരെങ്കിലും ചെയ്തോളും എന്ന് വിചാരിക്കുന്നവരുമുണ്ട്. എന്നാൽ, നല്ലൊരു മേക്കപ്പ്മാൻ നമ്മളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ ആ കഥാപാത്രത്തിലേക്ക് നമ്മളെ അടുപ്പിക്കും. അതിലേക്ക് നമ്മുടെ അഭിനയം കൂടി ചേരുമ്പോൾ ആ കഥാപാത്രത്തിന് കൂടുതൽ ഭംഗി ലഭിക്കും. അത് ഒലിവർ ട്വിസ്റ്റിനും ലഭിച്ചിട്ടുണ്ട്,’ ഇന്ദ്രൻസ് പറഞ്ഞു.

എല്ലാ സിനിമകളിലും കഴിവുള്ള മേക്കപ്പ് ആർട്ടിസ്റ്റുകളെ കിട്ടണമെന്നില്ലെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർക്കുന്നു.

ഹോം എന്ന സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ വലിയൊരു സംഭാവന ഈ കഥാപാത്രത്തിലുണ്ട്. ഈയൊരു സൗകര്യം ചിലപ്പോൾ എല്ലാ സിനിമയിലും കിട്ടണമെന്നില്ല. ഒരു മീശ തന്നെ ശരിയായി വെക്കാൻ ത്രാണി ഇല്ലാത്ത ആളേയാണോ ചിലപ്പോൾ മേക്കപ്പ്മാനാക്കി വെച്ചിരിക്കുന്നത് എന്ന് പോലും അറിയാൻ സാധിക്കില്ല. നമ്മൾ എടുക്കുന്ന അധ്വാനത്തിന്റെ മൂല്യം സ്‌ക്രീനിൽ വരണം എന്ന് ചിന്തിക്കുന്നവർ മേക്കപ്പിനെയും കോസ്റ്റ്യൂമിനെയും ഗൗരവത്തിൽത്തന്നെ കാണാറുണ്ട്,’ നടൻ പറഞ്ഞു.

ജീവിതത്തിൽ വിഷമങ്ങൾ ഒളിപ്പിച്ചു നടക്കുന്ന ഒരു കഥാപാത്രമായിരുന്നു ഒലിവർ ട്വിസ്റ്റ് എന്നും, യഥാർത്ഥ ജീവിതവുമായി ചില സാമ്യതകൾ ഉള്ളതുകൊണ്ട് ആ വേഷം പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിച്ചുവെന്നും ഇന്ദ്രൻസ് പറയുന്നു.

‘ജീവിതത്തിൽ എവിടെയെങ്കിലും ഒക്കെ പരാജയങ്ങൾ സംഭവിക്കുമ്പോൾ ചിലപ്പോൾ അത് മറച്ചുപിടിക്കാൻ സാധിക്കില്ല. അതിനുമുന്നേ മക്കൾ വലുതായിട്ടുണ്ടാവും. മക്കൾ തിരിഞ്ഞുനോക്കുമ്പോൾ അച്ഛൻ ഒരുപാട് പിന്നിലായിരിക്കും നിൽക്കുന്നത്. എന്നാൽ ആ ജീവിതസത്യങ്ങൾ നമുക്ക് മാത്രമേ അറിയൂ. അങ്ങനെയുള്ള ഒരാളോട് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചില ഇടപെടലുകൾ വേദനയുണ്ടാക്കും.

കൂടാതെ, സാങ്കേതികമായി ഇന്നത്തെ കാലത്ത് സംഭവിച്ചിട്ടുള്ള പുരോഗതികളിലേക്ക് എത്തിപ്പെടാത്ത ഒരാളാണ് യഥാർത്ഥ ജീവിതത്തിൽ ഞാനും. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെ പെട്ടെന്ന് ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചിരുന്നു,’ ഇന്ദ്രൻസ് പറഞ്ഞു.

ഒലിവർ ട്വിസ്റ്റ്. ‘ഹോം. Hindustan Times

Content Highlight: Indrans talking about his character oliver twist from home movie

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം