ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വമ്പൻ വിജയമാണ് ഇന്ത്യ കൈപ്പിടിയിലാക്കിയത്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ 32 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

മത്സരത്തിൽ 43 പന്തിൽ നിന്നും പുറത്താകാതെ 102 റൺസാണ് ശ്രേയസ് അയ്യർ അടിച്ചെടുത്തത്. 95ൽ നിൽക്കെ സിക്‌സറടിച്ചുകൊണ്ടായിരുന്നു ശ്രേയസിന്റെ സെഞ്ച്വറി നേട്ടം. ആറ് സിക്‌സറും പത്ത് ഫോറും അടക്കം 237.21 സ്‌ട്രൈക് റേറ്റിലുമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റ് വീശിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ഇന്ത്യൻ ക്യാപ്റ്റനും നേടാനാവാത്ത ഒരു ചരിത്ര നേട്ടമാണ് അയ്യർ സ്വന്തമാക്കിയത്. ഇന്റർനാഷണൽ ടി-20യിൽ(ഫുൾ മെമ്പേഴ്സ്) ചെയ്‌സ് ചെയ്യുമ്പോൾ സെഞ്ച്വറി നേടുന്ന ആദി ഇന്ത്യൻ ക്യാപ്റ്റനായാണ് അയ്യർ മാറിയത്.

അന്താരാഷ്ട്ര കുട്ടി ക്രിക്കറ്റിൽ ഇങ്ങനെയൊരു സെഞ്ച്വറി നേടുന്ന നാലാമത്തെ ക്യാപ്റ്റനുമാണ് അയ്യർ. പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം രണ്ട് തവണ ചെയ്‌സ് ചെയ്യുമ്പോൾ മൂന്നക്കം കടന്നിട്ടുണ്ട്. 2021ൽ സൗത്ത് ആഫ്രിക്കെതിരെ 122 റൺസും 2022ൽ ഇംഗ്ലണ്ടിനെതിരെ പുറത്താവാതെ 110 റൺസുമായിരുന്നു ബാബർ സ്വന്തമാക്കിയത്. 2025ൽ ഓസ്ട്രേലിയൻ നായകൻ മിച്ചൽ മാർഷും ഈ നേട്ടം കൈപ്പിടിയിലാക്കി. ന്യൂസിലാൻഡിനെതിരെ പുറത്താവാതെ 103 റൺസ് നേടിയാണ് മാർഷ് തിളങ്ങിയത്.

ഈ വർഷം ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കും സമാനമായ രീതിയിൽ സെഞ്ച്വറി പൂർത്തിയാക്കി. പാകിസ്ഥാനെതിരെ 100 റൺസായിരുന്നു ബ്രൂക്ക് അടിച്ചെടുത്തത്. ഇപ്പോൾ ഈ ചരിത്ര ലിസ്റ്റിലേക്ക് അയ്യരും തന്റെ പേരെഴുതി ചേർത്തിരിക്കുകയാണ്.

അതേസമയം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങനയക്കുകയായിരുന്നു. ടോപ്പ് ഓർഡർ തകർന്നപ്പോൾ ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെയും മിഡിൽ ഓർഡറിൽ ഷെർഫാൻ റൂഥർഫോർഡിന്റെയും അർധ സെഞ്ച്വറികളുടെ കരുത്തിലാണ് വിൻഡീസ് മോശമല്ലാത്ത ടോട്ടൽ പടുത്തുയർത്തുകയായിരുന്നു.

റൂഥർഫോർഡ് 34 പന്തിൽ 56 റൺസും ഷായ് ഹോപ്പ് 37 പന്തിൽ 52 റൺസും നേടി. 15 റൺസ് നേടിയ അകീൽ ഹൊസൈനാണ് മൂന്നാമത് മികച്ച റൺ ഗെറ്റർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഭിഷേക് ശർമയെയും (10 പന്തിൽ 21) സഞ്ജു സാംസണെയും (ഒമ്പത് പന്തിൽ 11) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യർ – ഇഷാൻ കിഷൻ കൂട്ടുകെട്ടിന്റെ കരുത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 27 പന്തിൽ പുറത്താകാതെ 37 റൺസുമായി ഇഷാൻ കിഷൻ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി.

ഇന്ത്യയ്ക്കായി നമൻ ധിർ മൂന്ന് വിക്കറ്റെടുത്തപ്പോൾ അക്‌സർ പട്ടേലും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും നേടി. അർഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഈ തകർപ്പൻ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും ശ്രേയസ് അയ്യർക്കും സംഘത്തിനും സാധിച്ചു. ഒക്ടോബർ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി.

 

Content Highlight: Indian captain Shreyas Iyer create a new history in T20 cricket