എഡിറ്റര്‍
എഡിറ്റര്‍
അണയാതെ സൂക്ഷിക്കാം, ഭരണകൂടം ഊതിക്കെടുത്തുന്ന കനലിനെ
എഡിറ്റര്‍
Friday 12th October 2012 7:47am

മുഖംമൂടി ധരിച്ച് തെരുവുകളില്‍ അമര്‍ഷത്തിന്റെയും പ്രതിരോധത്തിന്റെയും സ്വരത്തില്‍ ജനാധിപത്യത്തിന് വേണ്ടി ആര്‍ത്ത് പാടിയ പെണ്‍കുട്ടികളെ അതേ ജനാധിപത്യത്തിന്റെ പേരില്‍ തന്നെ പുടിന്‍ ജയിലിലടക്കുന്നു. ഈ വിരോധാഭാസം സംഭവിക്കേണ്ടത് തന്നെയാണ്. ഇങ്ങനെ സംഭവിച്ചാല്‍ മാത്രമേ ചുറ്റും എന്താണ് നടക്കുന്നത് എന്ന് മറ്റുള്ളവര്‍ തിരിച്ചറിയുകയുളളൂ.


വീഡിയോ സ്‌റ്റോറി/നസീബ ഹംസ


റഷ്യന്‍ ഭരണകര്‍ത്താവായ പുടിനെതിരെ സംഗീതത്തിലൂടെ പ്രതിഷേധിച്ച പെണ്‍പടയായ പുസി റയട്‌സിന്റെ വാര്‍ത്താ പ്രാധാന്യം ഇല്ലാതായിട്ട് അല്‍പം നാളുകളായി. വീണ്ടും അവരെ കുറിച്ച് എന്ത് പറയാനാണെന്ന സ്വാഭാവിക മനോഭാവമയിരിക്കും റഷ്യയിലും ലോകത്തുമുള്ള എല്ലാ മാധ്യമങ്ങള്‍ക്കുമുണ്ടാകുക.

Ads By Google

രണ്ട് കോളം വാര്‍ത്തയിലാണെങ്കിലും ‘പുസി റയട്‌സ്’ എന്ന വാക്ക് വീണ്ടും പത്രത്താളുകളില്‍ കണ്ടതാണ് എല്ലാവരും പറഞ്ഞ് കഴിഞ്ഞതാണെങ്കിലും അവരെ കുറിച്ച് വീണ്ടും പറയാന്‍ കാരണം.

പുടിന്‍ ഭരണകൂടത്തിനെതിരെ മോസ്‌കോ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കഴിഞ്ഞ ഫെബ്രുവരി 21 ന് ‘പങക് പ്രാര്‍ത്ഥന’ എന്ന പേരില്‍ സംഘം സംഗീത പരിപാടി അവതരിപ്പിച്ചു. ബാന്‍ഡിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നായിരുന്നു പരിപാടി അവതരിപ്പിച്ചത്. പുടിനില്‍ നിന്ന് റഷ്യയെ രക്ഷിക്കണമെന്ന് കന്യാമറിയത്തോട് പ്രാര്‍ത്ഥിക്കുന്ന രീതിയിലായിരുന്നു സംഗീത പരിപാടി. ഇതാണ് റഷ്യന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്.

പുടിനെയും അദ്ദേഹത്തിന്റെ നിലപാടുകളേയും പരസ്യമായി പിന്തുണച്ച റഷ്യന്‍ ഓര്‍ത്തഡോക്‌സ് നേതൃത്വത്തെ വിമര്‍ശിക്കാന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ചൊരു സംഗീത പരിപാടി. മതവും ഭരണകൂടവും പരസ്പര പൂരകങ്ങളായി നില്‍ക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണിത്.

പെണ്‍കുട്ടികള്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് ഭരണകൂടം ഇവരെ രണ്ട് വര്‍ഷത്തെ തടവിനും ശിക്ഷിച്ചു.  യഥാര്‍ത്ഥത്തില്‍ അവര്‍ ‘മതനിന്ദ’ നടത്തിയിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. പുടിനില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കന്യാമറിയത്തോട് പ്രാര്‍ത്ഥിക്കുകയാണ് പുസി റയട്‌സ്. ഇതില്‍ എവിടെയാണ് മതവികാരം വ്രണപ്പെടുന്നത്.

വളരെ പ്രതീകാത്മകമായിരുന്നു പുസി റയട്‌സിന്റെ പ്രതിഷേധം. പുടിനെയും അദ്ദേഹത്തിന്റെ നിലപാടുകളേയും പരസ്യമായി പിന്തുണച്ച റഷ്യന്‍ ഓര്‍ത്തഡോക്‌സ് നേതൃത്വത്തെ വിമര്‍ശിക്കാന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ചൊരു സംഗീത പരിപാടി. മതവും ഭരണകൂടവും പരസ്പര പൂരകങ്ങളായി നില്‍ക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണിത്.

പരിപാടി തുടങ്ങി മിനുട്ടുകള്‍ക്കകം തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനം എന്നൊക്കെ ഭംഗിക്ക് പറയാമെങ്കിലും ഒരു ഭരണകൂടം അവിടുത്തെ ജനങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നത് റഷ്യന്‍ ഭരണകൂടത്തിന്റെ പ്രവൃത്തി മനസ്സിലാക്കിത്തരുന്നുണ്ട്.

പരിപാടിയുടെ വീഡിയോകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതാണ് ഇവര്‍ ആരാണെന്നും എന്തിന് വേണ്ടിയായിരുന്നു ഇവരുടെ പ്രകടനമെന്നതും പുറത്തുള്ളവര്‍ക്ക് മനസ്സിലാകുന്നത്. അല്ലെങ്കില്‍ പുടിന്‍ ഭരണകൂടം പറയുന്നത് അപ്പാടെ വിഴുങ്ങേണ്ടി വന്നേനെ.

ഇവരുടെ സമകാലീന വാര്‍ത്താ പ്രാധാന്യം ഇതാണ്. അറസ്റ്റിലായ മൂന്ന് പേരില്‍ ഒരാളെ (യാകാതറീന സാമുറ്റ്‌സവിച്ച്) കഴിഞ്ഞ ദിവസം കോടതി (ഭരണകൂടം) വെറുതേ വിട്ടു. പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാതറീനെ തടഞ്ഞിരുന്നു. അത് കൊണ്ട് കാതറീന മതനിന്ദ നടത്തിയിട്ടില്ല എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്!

ഇത് തന്നെയാണ് മറ്റൊരു തരത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്നത്. എങ്കിലും പുസി റയട്‌സ് ചെയ്തത് പോലെ മുഖം മൂടി (ആത്മരക്ഷയ്ക്ക്) ധരിച്ച് ഭരണകൂടത്തിനെതിരെ സംഗീത പരിപാടി അവതരിപ്പിക്കാനോ, നഗരചത്വരങ്ങളില്‍ ഒത്തുചേരാനോ നമ്മള്‍ (ഇന്ത്യക്കാര്‍) മിനക്കെടുന്നുണ്ടോ എന്നത് സംശയം. ഇനി ആരെങ്കിലും ക്രിയാത്മകമായി എന്തെങ്കിലും ചെയ്താല്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ നാട്ടിലെ ‘വിപ്ലവകാരികള്‍’ ആദ്യം ചെയ്യുക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയാവും. പിന്നീട് അതിന് ലഭിക്കുന്ന ലൈക്ക്, ഷെയര്‍ എന്നിവ കണ്ട് തങ്ങളുടെ വിപ്ലവം വിജയിച്ചെന്ന ആത്മനിര്‍വൃതിയില്‍ ഇവര്‍ ചുരുണ്ട് കൂടുന്നു.

രാജ്യത്തെ ഭരണ സംവിധാനം ജീര്‍ണിക്കുന്നു എന്നത്  ആഗോള സത്യമാണ്. അത് ഒരു ഇന്ത്യയുടെ മാത്രം കാര്യമല്ല. ലോകത്ത് എല്ലായിടത്തും ഭരണകൂടത്തിനെതിരെയുള്ള ബഹുജന പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയിലും എന്തൊക്കെയോ നടക്കുന്നുണ്ട്. ലോകത്ത് പല സ്ഥലങ്ങളിലായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ നമ്മള്‍ അറിയുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് എന്തൊക്കെയാണ് നടക്കുന്നത് എന്നതില്‍ മാത്രം വ്യക്തതയില്ല.

ഏറെ തമാശയെന്താണ് വെച്ചാല്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ നടത്തുന്ന ബന്ദും ഹര്‍ത്താലുമെല്ലാം നമുക്ക് വേണ്ടിയാണെന്ന് കരുതുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം പേരും. അല്ലെങ്കില്‍ ഈ പ്രക്ഷോഭങ്ങളൊന്നും ഒരു നിരാഹാരത്തിന് അപ്പുറത്തേക്ക് പോകാതിരിക്കില്ലല്ലോ.

ഇവിടെ ജനാധിപത്യ ലംഘനങ്ങള്‍ നടക്കുന്നു. അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നു. അഴിമതികള്‍ നടക്കുന്നു. ഇതിനെല്ലാമെതിരെ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. പക്ഷേ, ഈ പ്രതിഷേധങ്ങളെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ ഉത്തരവാദികളായ അതേ രാഷ്ട്രീയ മുതലാളിമാരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ബന്ദോ, ഹര്‍ത്താലോ മാത്രമായിപ്പോകുന്നു എന്നതാണ് ദയനീയം. ഏറെ തമാശയെന്താണ് വെച്ചാല്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ നടത്തുന്ന ബന്ദും ഹര്‍ത്താലുമെല്ലാം നമുക്ക് വേണ്ടിയാണെന്ന് കരുതുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം പേരും. അല്ലെങ്കില്‍ ഈ പ്രക്ഷോഭങ്ങളൊന്നും ഒരു നിരാഹാരത്തിന് അപ്പുറത്തേക്ക് പോകാതിരിക്കില്ലല്ലോ.

ചുരുക്കി പറഞ്ഞാല്‍ ഇന്ത്യ ഇങ്ങനെ ആയിരിക്കേണ്ടത് വെറുമൊരു ന്യൂനപക്ഷത്തിന്റെ മാത്രം ആവശ്യവും ബാക്കിയുള്ള ഭൂരിപക്ഷം ഇതൊന്നുമറിയാതെ അവര്‍ക്ക് പിന്നില്‍ അണിനിരക്കുകയും ചെയ്യുകയാണ്. ആത്മാര്‍ത്ഥമായ ജനാധിപത്യവാദികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതില്‍ ഈ ന്യൂനപക്ഷം ഒരു പരിധി വരെ വിജയിക്കുകയും ചെയ്യുന്നു.

റഷ്യയിലേക്ക് തന്നെ തിരിച്ചുവരാം, മുഖംമൂടി ധരിച്ച് തെരുവുകളില്‍ അമര്‍ഷത്തിന്റെയും പ്രതിരോധത്തിന്റെയും സ്വരത്തില്‍ ജനാധിപത്യത്തിന് വേണ്ടി ആര്‍ത്ത് പാടിയ പെണ്‍കുട്ടികളെ അതേ ജനാധിപത്യത്തിന്റെ പേരില്‍ തന്നെ പുടിന്‍ ജയിലിലടക്കുന്നു. ഈ വിരോധാഭാസം സംഭവിക്കേണ്ടത് തന്നെയാണ്. ഇങ്ങനെ സംഭവിച്ചാല്‍ മാത്രമേ ചുറ്റും എന്താണ് നടക്കുന്നത് എന്ന് മറ്റുള്ളവര്‍ തിരിച്ചറിയുകയുളളൂ. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ജനാധിപത്യ ലോകം പിറക്കുകയുള്ളൂ. ആ പുതിയ പുലരിക്ക് വേണ്ടി ഈ പെണ്‍കുട്ടികള്‍ കൊളുത്തിയ തിരി നമുക്ക് അണയാതെ സൂക്ഷിക്കാം.

Advertisement