പ്രളയം ഒഴിഞ്ഞു. ദുരിതം തുടരുകയാണ്. മലിനജലത്തിലെ ഇടപെടല്‍ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്. എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വെള്ളം കുറഞ്ഞ് തുടങ്ങുമ്പോള്‍ തന്നെ എലിപ്പനി വന്നേക്കാം. അപകടകാരിയായ രോഗമാണിത്. ചളിവെള്ളത്തില്‍ ഇറങ്ങിയവര്‍, രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍, ക്യാമ്പില്‍ കഴിയുന്നവര്‍ എന്നിവര്‍ പ്രതിരോധമരുന്ന് നിര്‍ബന്ധമായി കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. വെള്ളത്തില്‍ ഇടപെട്ട് 24 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിരോധ മരുന്ന് കഴിക്കണം.

ആരോഗ്യവകുപ്പ് സൗജന്യമായി നല്‍കുന്നുണ്ട്. മുതിര്‍ന്നവര്‍ 200 മില്ലിഗ്രാം ഗുളികയാണ് കഴിക്കേണ്ടത്. എട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 100 മില്ലിഗ്രാം നല്‍കാം. ഉച്ച ഭക്ഷണത്തിന് ശേഷമാണ് കഴിക്കേണ്ടത്. രണ്ട് ഗ്ലാസ്സ വെള്ളം കുടിക്കണം. കഴിച്ച ഉടനെ കിടക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ചെറിയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഡോക്‌സിസൈക്ലിന്‍ കൊടുക്കാറില്ല. എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അസിത്രോമൈസിന്‍ 250 മില്ലി ഗ്രാം നല്‍കാം. ഒരു ഡോസാണ് നല്‍കേണ്ടത്. ഗര്‍ഭിണികള്‍ക്ക് അമോക്‌സിസില്ലിന്‍ 500 മില്ലിഗ്രാം നല്‍കാം. ഇത് മൂന്ന് നേരം അഞ്ച് ദിവസം കഴിക്കണമെന്നാണ് നിര്‍ദേശം. ശിശുരോഗ വിദഗ്ധരുടേയും ഗൈനക്കോളജിസ്റ്റുകളുടെയും നിര്‍ദേശ പ്രകാരം ഇവര്‍ക്ക് മരുന്ന് നല്‍കാം.