വാരിയംകുന്നന് സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തെ ഹിന്ദുമത വിശ്വാസികളെല്ലാം മലപ്പുറത്തേക്കെത്തും; ഭീഷണിയുമായി ശശികല
Kerala News
വാരിയംകുന്നന് സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തെ ഹിന്ദുമത വിശ്വാസികളെല്ലാം മലപ്പുറത്തേക്കെത്തും; ഭീഷണിയുമായി ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st August 2022, 6:57 pm

മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ അത് തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല.

1921ലെ ഹിന്ദു വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സ്മാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്മാറമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ ഭീഷണി.

മലപ്പുറം ജില്ലയില്‍ 26 ശതമാനം മാത്രം വരുന്ന ഹിന്ദുക്കള്‍ ശത്രുക്കളാണോ എന്ന് ശശികല ചോദിച്ചു. ഇതിനു മറുപടി പറയേണ്ടത് പോപ്പുലര്‍ ഫ്രണ്ടുകാരനോ സുഡാപ്പിക്കാരനോ ഐ.എസുകാരനോ അല്ലാ പാണക്കാട് തങ്ങളടക്കമുള്ള മതനേതൃത്വമാണെന്നും ശശികല പറഞ്ഞു.

‘ഈ 26 ശതമാനം ഹിന്ദുക്കളെ ഭയപ്പെടുത്തി വേണോ നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍? ഹിന്ദുവിന്റെ തലവെട്ടിയരിഞ്ഞ, അവന്റെ അമ്മ പെങ്ങന്‍മാരുടെ മാനം പിച്ചിച്ചീന്തിയ ഒരു സാമദ്രോഹിയുടെ സ്മാരകം ഈ 26 ശതമാനം വരുന്ന ഹിന്ദുക്കളുടെ മുന്നിലൂടെ പണിതുയര്‍ത്തുന്നതോടെ എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.

ഞങ്ങളുടെ കീഴില്‍ അടിമകളാണോ എന്ന സന്ദേശമാണോ പകര്‍ന്നു കൊടുക്കുന്നത്. എന്തിനു വേണ്ടിയും അഭിപ്രായം പറയാത്ത മതനേതൃത്വം മിണ്ടാത്തത് എന്തേ? ഇവിടുത്തെ ഹൈന്ദവസമൂഹത്തെ വേദനിപ്പിക്കണമെന്ന് പാണക്കാട് തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് മതേതരത്വത്തിന്റെ അപ്പോസ്തലനായും സമാധാനത്തിന്റെ മാലാഖയായും മലപ്പുറത്ത് മാത്രമല്ല, ഇന്ത്യ മുഴുവന്‍ പാടിപ്പുകഴ്ത്തപ്പെടുന്ന പാണക്കാട് തങ്ങള്‍ മൗനം വെടിഞ്ഞ് മറുപടി പറയണം,’ ശശികല ആവശ്യപ്പെട്ടു.

ഇവിടുത്തെ ഹിന്ദുക്കളെ ഇനിയും കുത്തിനോവിക്കണോ, അതിന്റെ അനന്തര ഫലമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും ശശികല കൂട്ടിച്ചേര്‍ത്തു.

എല്ലാം മറന്ന് ജീവിക്കുന്ന ഒരു ജനതയെ വെല്ലുവിളിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് ഇവിടെ സ്മാരകം ഉയര്‍ത്തിയാല്‍ അത് പിഴുതെറിയാന്‍ ലോകത്തെ മുഴുവന്‍ ഹൈന്ദവ ശക്തിയും മലപ്പുറത്തിന്റെ മണ്ണിലേക്ക് എത്തുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് ശശികല പ്രസംഗം അവസാനിപ്പിച്ചത്.

Content Highlight: If the VariyanKunnath Kunjahammed Haji monument is built, all the Hindu believers of the world will come to Malappuram to destroy it says sanghparivar Leader Sasikala