നടപടിയെടുക്കുന്നില്ലേ? കൃഷ്ണന്‍കുട്ടിയുടെ ഓഡിയോ വ്യാജമെങ്കില്‍ ജയിക്കുമ്പോള്‍ സ്ഥാനം രാജിവയ്ക്കും: മാത്യു കുഴല്‍നാടന്‍
Kerala
നടപടിയെടുക്കുന്നില്ലേ? കൃഷ്ണന്‍കുട്ടിയുടെ ഓഡിയോ വ്യാജമെങ്കില്‍ ജയിക്കുമ്പോള്‍ സ്ഥാനം രാജിവയ്ക്കും: മാത്യു കുഴല്‍നാടന്‍
അനിത സി
Tuesday, 7th April 2026, 8:34 pm

തൊടുപുഴ: കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണെന്നും കരിമണല്‍ ലോബിക്ക് വേണ്ടി ഇടപെട്ടുവെന്നും പറയുന്ന ഓഡിയോ എ.ഐ നിര്‍മിതമാണെന്ന കെ. കൃഷ്ണന്‍കുട്ടിയുടെ വാദത്തെ തള്ളി മാത്യു കുഴല്‍നാടന്‍.

ഓഡിയോ കൃത്രിമമാണെങ്കില്‍ നടപടിയെടുക്കേണ്ടേയെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ഓഡിയോ വ്യാജമാണെന്ന് തെളിയിക്കുകയാണെങ്കില്‍ ജയിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മേരിമാതാ കണ്‍സ്ട്രക്ഷന്‍ ഏതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മിതമാണെന്നും കരിമണല്‍ ലോബിക്കായി തോട്ടത്തില്‍ സ്പില്‍വേ തുറക്കാതിരിക്കാന്‍ മാത്യൂ ടി. തോമസ് ഇടപെട്ടുവെന്നുമായിരുന്നു കുഴല്‍നാടന്റെ ആരോപണം.

കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി. തോമസ് സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സംസ്ഥാനത്തെ കുരുതി കൊടുത്തതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു.

തോട്ടപ്പള്ളി സ്പില്‍വേ, സമയത്ത് തുറക്കാത്തത് കരിമണല്‍ കമ്പനിക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ്. കരിമണല്‍ ഒലിച്ച് പോകാതിരിക്കാനാണ് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരില്‍ പ്രളയത്തിന് അടക്കം കാരണമായെന്നും ആരോപണം.

തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് അനുമതി കൊടുത്തില്ലെന്നും ശബ്ദരേഖയില്‍ കൃഷ്ണന്‍ കുട്ടി പറയുന്നുണ്ട്.

മാത്യു ടി. തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു.

എന്നാല്‍, ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടുള്ള ആരോപണമാണെന്നും മാത്യൂ ടി. തോമസിനെ മോശക്കാരനാക്കാനാണിതെന്നും ഓഡിയോ എ.ഐ നിര്‍മിതമാണെന്നും കൃഷ്ണന്‍ കുട്ടി പ്രതികരിച്ചിരുന്നു.ശബ്ദ സന്ദേശം ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തനിക്കെതിരായ ആരോപണം നിഷേധിച്ച് മാത്യു ടി. തോമസും രംഗത്തെത്തിയിരുന്നു. ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ ഒരു അഴിമതിയും താന്‍ നടത്തിയിട്ടില്ലെന്നും തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയിട്ടില്ലെന്നും വെള്ളപ്പൊക്കമുണ്ടായത് അതിതീവ്ര മഴകാരണമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: If Krishnankutty’s audio is fake, I will resign from my position when I win: Mathew Kuzhalnadan

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.