ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് 21 ദിവസം പ്രായമായ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി കുടുംബത്തിന്റെ പരാതി. ഭൂമിയാങ്കുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് മരുന്ന് നല്‍കിയത്.
കഴുത്തിലെ അലര്‍ജിയും ജലദോഷവും ബാധിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം വലിയ പ്രശ്‌നമില്ലെന്നും പുരട്ടാനുള്ള ഓയിന്റ്മെന്റ് മതിയാകുമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചതായും ഇതേ തുടര്‍ന്ന് കുറിപ്പടിയുമായി ഫാര്‍മസിയിലെത്തിയപ്പോഴാണ് മരുന്ന് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീട്ടിലെത്തിയ ശേഷം മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതായി കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 2024 ജൂണില്‍ നിര്‍മിച്ചതും രണ്ട് വര്‍ഷം കാലാവധിയുള്ളതുമായ ഓയിന്റ്മെന്റാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
കാലാവധി കഴിഞ്ഞ് ഏകദേശം മൂന്ന് മാസം പിന്നിട്ട മരുന്നാണിതെന്നും കുടുംബം ആരോപിക്കുന്നു. കുഞ്ഞിന് മരുന്ന് നല്‍കുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാല്‍ അപകടം ഒഴിവായെന്നും കുടുംബം പറഞ്ഞു.
സംഭവത്തില്‍ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്ന് ഫാര്‍മസി ജീവനക്കാരോട് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ ആരോപണവിധേയമായ മരുന്ന് ഫാര്‍മസിയില്‍ സ്റ്റോക്കില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം.
ഇതിന് വിരുദ്ധമായി മരുന്ന് നല്‍കിയതായി കുറിപ്പടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്ന ഓയിന്റ്മെന്റാണ് കുഞ്ഞിന് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ആശുപത്രി തലത്തില്‍ അന്വേഷണം തുടരുകയാണ്.
Content Highlights: Idukki Medical College: Complaint that an expired medicine was administered to a 21-day-old infant.
