ലാല്‍ സാറ് ആ സീന്‍ അഭിനയിക്കുന്നത് കണ്ട് ഞാന്‍ ഭയങ്കരമായി തകര്‍ന്നുപോയി: എഡിറ്റര്‍ ഷഫീഖ് വി.ബി
Entertainment
ലാല്‍ സാറ് ആ സീന്‍ അഭിനയിക്കുന്നത് കണ്ട് ഞാന്‍ ഭയങ്കരമായി തകര്‍ന്നുപോയി: എഡിറ്റര്‍ ഷഫീഖ് വി.ബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 10:20 pm

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുടരും. ഇപ്പോള്‍ ചിത്രത്തിലെ മോഹന്‍ലാലിന്റ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് എഡിറ്റര്‍മാരിലൊരാളായ ഷഫീഖ് വി.ബി. നിഷാദ് യൂസഫായിരുന്നു ചിത്രത്തിന്റെ ആദ്യ എഡിറ്റര്‍. ഷൂട്ടിനിടയില്‍ നിഷാദ് മരണപ്പെട്ടതിന് പിന്നാലെയാണ് ഷഫീഖ് തുടരും സിനിമയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കിയത്.

മോഹന്‍ലാല്‍ മഴയത്ത് വന്നു നില്‍ക്കുന്ന ഒരു സീന്‍ ഉണ്ടെന്നും അത് ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ടെന്നും ഷഫീഖ് പറയുന്നു. അത് തിയേറ്ററില്‍ കണ്ടപ്പോള്‍ ആള്‍ക്കാരുടെ ആഘോഷം കാണണമെന്നും ആ സ്വീക്വന്‍സുകളെടുക്കുമ്പോള്‍ താന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നെന്നും ഷോട്ട് കഴിയുമ്പോള്‍ ലൊക്കേഷന്‍ തന്നെ ക്ലാപ്‌സ് ആണെന്നും ഷഫീഖ് പറഞ്ഞു.

മഴയത്ത് ഇമോഷണലാകുന്ന ഒരു സീനുണ്ടെന്നും അതുകണ്ട് ‘എന്താണ് അദ്ദേഹത്തിന് കൊടുത്ത ഇന്‍പുട്ട്’ എന്ന് താന്‍ തരുണിനോട് ചോദിച്ചുവെന്നും ‘വൊമിറ്റ് ചെയ്യാന്‍ വരുന്നത് പോലെ കരയണം’ എന്നാണ് തരുണ്‍ അതിന് മറുപടി പറഞ്ഞെന്നും ഷഫീഖ് വ്യക്തമാക്കി.

കഴുത്തിന് പിടിച്ചിട്ട് ഒരു ഇരുത്തമുണ്ടെന്നും താന്‍ മോഹന്‍ലാലിനെ അങ്ങനെ കണ്ടിട്ടില്ലെന്നും ഭയങ്കരമായി തകര്‍ന്നുപോകുന്ന സ്വീക്വന്‍സുകളാണ് അതൊക്കെയെന്നും ഷഫീഖ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്‌മെന്റ്‌സിനോട് സംസാരിക്കുകയായിന്നു ഷഫീഖ്.

‘ലാല്‍ സാര്‍ ഒരു മഴയത്ത് വന്നു നില്‍ക്കുന്ന ഒരു സീന്‍ ഉണ്ട്. അത് ട്രെയ്‌ലറില്‍ ഉണ്ട്. അത് തിയേറ്ററില്‍ കണ്ടപ്പോള്‍ ആള്‍ക്കാരുടെ ആഘോഷം കാണണം. ആ സ്വീക്വന്‍സുകളെടുക്കുമ്പോള്‍ ഞാനുണ്ട്. സ്‌ക്രീനിലും കാണാം, ലൈവിലും കാണാം. ഷോട്ട് കഴിയുമ്പോള്‍ ലൊക്കേഷന്‍ തന്നെ ക്ലാപ്‌സ് ആണ്.

മഴയത്ത് ഇമോഷണലാകുന്ന സീനുണ്ട് ഞാന്‍ തരുണ്‍ ചേട്ടനോട് ചോദിച്ചു ‘എന്താണ് അദ്ദേഹത്തിന് കൊടുത്ത ഇന്‍പുട്ട്’ എന്ന്. അപ്പോള്‍ തരുണ്‍ ചേട്ടന്‍ പറഞ്ഞു ‘വൊമിറ്റ് ചെയ്യാന്‍ വരുന്നത് പോലെ കരയണം’ എന്ന്. കഴുത്തിന് പിടിച്ചിട്ട് ഒരു ഇരുത്തമുണ്ട്, അതൊരു… ഞാന്‍ ലാല്‍ സാറിനെ അങ്ങനെ കണ്ടിട്ടില്ല. ഭയങ്കരമായി തകര്‍ന്നുപോകുന്ന സ്വീക്വന്‍സുകളാണ് അതൊക്കെ,’ ഷഫീഫ് പറയുന്നു.

Content Highlight: I was devastated to see Lal Sir acting that scene says Editor Shafiq VB