1 ലക്ഷമാണ് ശമ്പളം, 25000 തരാനുണ്ട്, അത് വേണ്ട, പകരം വൈറ്റിലയിലെ ബില്‍ ബോര്‍ഡില്‍ എന്റെ ഒരു പോസ്റ്റര്‍ മതിയെന്ന് പറഞ്ഞു: സൈജു കുറുപ്പ്
Malayalam Cinema
1 ലക്ഷമാണ് ശമ്പളം, 25000 തരാനുണ്ട്, അത് വേണ്ട, പകരം വൈറ്റിലയിലെ ബില്‍ ബോര്‍ഡില്‍ എന്റെ ഒരു പോസ്റ്റര്‍ മതിയെന്ന് പറഞ്ഞു: സൈജു കുറുപ്പ്
ആര്യ.പി
Friday, 24th July 2026, 1:36 pm

സിനിമയില്‍ മാര്‍ക്കറ്റുള്ളപ്പോള്‍ ഒരാള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും അതില്ലാത്തപ്പോഴുള്ള അവസ്ഥയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സൈജു കുറുപ്പ്.

സിനിമയില്‍ വന്ന കാലത്ത് തന്റെ മുഖം ഒരു ബില്‍ബോഡില്‍ വന്ന് കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നെന്നും അതിന് വേണ്ടി പ്രൊഡ്യൂസര്‍ക്ക് പൈസ വരെ കൊടുത്തെന്നും സൈജു പറയുന്നു. എന്നാല്‍ അതേസിനിമയില്‍ താരതമ്യേന ചെറിയ റോളില്‍ എത്തിയ ചില പ്രധാന താരങ്ങളുടെ മുഖമാണ് ആ ബില്‍ബോഡില്‍ വലുതായി വന്നതെന്നും നായകന്‍ താനായിരുന്നിട്ടും തന്റെ മുഖം ഏറ്റവും താഴെ വളരെ ചെറുതായി മാത്രമാണ് കൊടുത്തെന്നും സൈജു പറയുന്നു.

മോഹിനിയാട്ടം റിലീസായതിന് പിന്നാലെ സൈജു ചെറിയ കഥാപാത്രത്തിലെത്തിയ ഒരു ചിത്രത്തിന്റെ പോസ്റ്ററില്‍ അദ്ദേഹത്തിന്റെ മുഖമായിരുന്നു ഹൈലൈറ്റ് ചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സൈജുവിന്റെ മറുപടി.

സൈജു കുറുപ്പ്

‘എനിക്ക് അത് മനസ്സിലായി. അത് എനിക്ക് അവരോട് പറയണം എന്നുണ്ടായിരുന്നു, പക്ഷേ നമുക്ക് അങ്ങനെ പറയാനും പറ്റില്ല. കാരണം ഞാന്‍ പണ്ട് ഒരു പടം ചെയ്തിയിരുന്നു. ആ പടത്തില്‍ ഒരു ലക്ഷം രൂപ ആയിരുന്നു എന്റെ ശമ്പളം. അങ്ങനെ 75,000 രൂപ എനിക്ക് കിട്ടി, ഡബ്ബിങ് കഴിഞ്ഞാല്‍ 25,000 രൂപ കിട്ടാനുണ്ട്.

ഞാന്‍ സിനിമയില്‍ വന്നതിനുശേഷമുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം അന്ന് വൈറ്റിലയില്‍ അഞ്ച് ബില്‍ ബോര്‍ഡ്‌സ് ഉണ്ട്, അതിനകത്ത് രണ്ടെണ്ണം നല്ല വലിപ്പമുള്ളതും മൂന്നെണ്ണം ചെറുതുമാണ്. അവിടെ ഏതെങ്കിലും ഒരു ബില്‍ ബോഡില്‍ എന്റെ ഒരു പടത്തിന്റെ, അത് ഞാന്‍ സപ്പോര്‍ട്ടിങ് റോള്‍ ചെയ്തതായാലും കുഴപ്പമില്ല, അവിടെ എന്റെ തലയുള്ള ഒരു ഫ്‌ളെക്‌സ് വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. വൈറ്റില എന്ന് പറയുന്നത് കേരളത്തിന്റെ സെന്റര്‍ ആണ്. എല്ലാവരും പാസ് ചെയ്യുന്നതാണ്, നല്ല വിസിബിലിറ്റി ആണ്.

അങ്ങനെ അന്ന് ഞാന്‍ പ്രൊഡ്യൂസേഴ്‌സില്‍ ഒരാളായ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിച്ചു, ‘ചേട്ടാ എനിക്ക് ബാക്കി 25,000 രൂപ തരണ്ട, പക്ഷേ വൈറ്റില ബില്‍ബോര്‍ഡില്‍ എന്റെ ഒരു ഫോട്ടോ വരണമെന്ന് പറഞ്ഞു.

‘പിന്നെന്താ മോനെ ഉറപ്പായിട്ടും നമ്മള്‍ ചെയ്തിരിക്കും’ എന്ന് പുള്ളി പറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ട് എടാ നിന്റെ ഒരു ബില്‍ ബോര്‍ഡ് അവിടെ വൈറ്റിലയില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു.

അങ്ങനെ ഞാനും എന്റെ വൈഫും കൂടെ വണ്ടിയില്‍ വൈറ്റില ജംഗ്ഷനില്‍ എത്തി. ഞാന്‍ യു-ടേണ്‍ എടുത്ത് തിരിച്ചു വന്നിട്ട് ആ ബില്‍ബോര്‍ഡിന്റെ അവിടെ വന്ന് ഇങ്ങനെ നോക്കുകയാണ്.

സൈജു കുറുപ്പ് photo: Movie world media

നോക്കുമ്പോള്‍ ആ സിനിമയില്‍ സപ്പോര്‍ട്ടിങ് റോള്‍ ചെയ്തത് വലിയ ആക്ടേഴ്‌സ് ആണ്, അവരുടെ വലിയ തലകളാണ് അതിനകത്തുള്ളത്. ഞാനും എന്റെ ഹീറോയിനും, ഞങ്ങളുടെ ഫുള്‍ ഫിഗര്‍ ആണ്, പക്ഷേ താഴെ ചെറുതായിട്ട് ഇങ്ങനെ നില്‍ക്കുന്നു.

അതായത് എനിക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ അത് ഞാനാണെന്ന്. വണ്ടി പാസ്സ് ചെയ്യുന്ന ആള്‍ക്കാര്‍ ആ വലിയ നടന്മാരുടെ ചിത്രം മാത്രമേ കാണൂ. അത് എനിക്ക് ഭയങ്കര വിഷമായി. പിന്നെ ഞാനും കൂടെ കാശ് കൊടുത്തിട്ടാണേ അതും ആലോചിക്കണം.

അത് കരുതിയെങ്കിലും എന്റെ ഒരു വലിയ തല വയ്ക്കാമായിരുന്നല്ലോ. പക്ഷെ പോട്ടെ എന്റെ ഒരു ആഗ്രഹം സാധിച്ചല്ലോ, ആദ്യമായിട്ട് എന്റെ തല വരുന്ന ബില്‍ ബോര്‍ഡ് വന്നല്ലോ എന്ന് കരുതി ആശ്വസിച്ചു.

പക്ഷേ അതിലെ പ്രശ്‌നം എന്ന് പറയുന്നത് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ്. അത് പുതുമുഖം ആയിരിക്കാം, അല്ലെങ്കില്‍ ലെസ് സക്‌സസ്ഫുള്‍ ആയിട്ടുള്ള ആക്ടര്‍ ആയിരിക്കാം. പക്ഷേ അവരുടെ തല വെക്കാതെ മറ്റുള്ള ചെറിയ റോള്‍ ചെയ്തവരുടെ തലവെച്ചിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല. അത് ഭയങ്കര വിഷമം തോന്നി, പക്ഷെ ഞാന്‍ പിന്നെ വിളിക്കാനൊന്നും പോയില്ല,’ സൈജു പറഞ്ഞു.

Content Highlight: I really longed to see my face on a billboard. I even paid money to the producer for it says Saiju Kurup

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.