സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് ജാസിര്‍ ക്ലിക്ക്സ്. വ്യത്യസ്തമായ കോമഡി ശൈലിയും അവതരണവുമായി ജാസിറിനെ വ്യത്യസ്തനാക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ദേവദത്ത് എന്ന കഥാപാത്രത്തിലൂടെ സിനിമാപ്രേക്ഷകര്‍ക്കിടയിലും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ് ജാസിര്‍ ക്ലിക്ക്‌സ്.
ബെത്‌ലഹേം കണ്ടശേഷം സിനിമയില്‍ നിന്ന് തന്നെ ആദ്യം വിളിച്ചത് സംവിധായകന്‍ സവിന്‍ സാ ആണെന്നും വാഴ 2 വിന്റെ ഓഡീഷന് പോയിരുന്നെങ്കിലും ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ലെന്നും ജാസിര്‍ പറയുന്നു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജാസിര്‍.
താന്‍ ചെന്നപ്പോഴേക്കും പ്രധാന കഥാപാത്രങ്ങളെയൊക്കെ തീരുമാനിച്ചു കഴിഞ്ഞിരുന്നെന്നും ക്ലാസിലെ കുറച്ച് പിള്ളേര്‍ കാറ്റഗറിക്ക് വേണ്ടിയായിരുന്നു ഓഡീഷന്‍ നടന്നിരുന്നതെന്നും ജാസിര്‍ പറഞ്ഞു.
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കണ്ടുകഴിഞ്ഞ് ആദ്യം വിളിച്ചത് സവിന്‍ ചേട്ടനാണ്. ‘എടാ, കൊള്ളാം കേട്ടോ പരിപാടി, സന്തോഷമായി നിന്നെ കണ്ടപ്പോള്‍’ എന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് അതിനേക്കാള്‍ സന്തോഷമായി. സവിന്‍ ചേട്ടനുമായി ഓഡിഷനുശേഷം കോണ്‍ടാക്ട് ഉണ്ടായിരുന്നു. ആദ്യം വരുന്ന കോളുകളിലൊന്ന് പുള്ളിയുടേതാകുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ,’ ജാസിര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ജനപ്രീതി സിനിമയിലേക്കുള്ള പ്രവേശനം കുറച്ചുകൂടി എളുപ്പമാക്കിയിട്ടുണ്ടെന്നും ജാസിര്‍ പറയുന്നു. സിനിമയോട് താത്പര്യമുള്ളവര്‍ക്ക് സ്വന്തം ജോലികള്‍ക്കൊപ്പം റീല്‍സും മറ്റ് കണ്ടന്റുകളും ചെയ്യാന്‍ ഇന്ന് അവസരമുണ്ട്. അത്തരത്തില്‍ സ്വന്തം കഴിവുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സിനിമാരംഗത്തുള്ളവരുടെ ശ്രദ്ധ നേടാനും സാധിക്കും. എന്നാല്‍, സിനിമയിലേക്ക് പ്രവേശിക്കുക എന്നതിനേക്കാള്‍ അവിടെ നിലനില്‍ക്കുക എന്നതാണ് ഇന്ന് വലിയ വെല്ലുവിളിയെന്നും ജാസിര്‍ പറഞ്ഞു.
‘പണ്ടൊക്കെ സിനിമയില്‍ കയറാന്‍ ഭയങ്കര കഷ്ടപ്പാടാണ്. ഇന്ന് അത് ഇല്ല എന്നല്ല, എന്നാലും പണ്ടത്തേക്കാള്‍ എളുപ്പമാണ്. നമുക്ക് വര്‍ക്ക് ചെയ്തുകൊണ്ടും റീല്‍ ഇടാം. സിനിമാപ്രാന്തുള്ളവര്‍ക്ക് ഇപ്പോള്‍ ഒന്നുകൂടി എളുപ്പമാണ്. പക്ഷേ പണ്ട് സിനിമയില്‍ കഷ്ടപ്പെട്ട് കയറിയാലും അവര്‍ക്ക് കൂടുതല്‍ കാലം നില്‍ക്കാന്‍ പറ്റുമായിരുന്നു. ഇന്ന് സിനിമയില്‍ കയറിയാലും നിലനില്‍ക്കുക എന്നത് കുറച്ച് പാടാണ്. ആളുകള്‍ ഒരുപാട് ഉള്ളതുകൊണ്ട് നമ്മള്‍ ഔട്ടാകാനുള്ള സാധ്യത കൂടുതലാണ്,’ ജാസിര്‍ പറഞ്ഞു.
‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ എന്റെ കഥാപാത്രത്തിന് ലഭിച്ച പ്രതികരണത്തില്‍ സന്തോഷമുണ്ട്. സിനിമ കണ്ടിറങ്ങിയ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതുവരെ ചെറിയ ആശങ്കയുണ്ടായിരുന്നു. ഇത് ഓക്കെ ആകുമോ എന്ന സംശയം. പിന്നെ സുഹൃത്തുക്കളെല്ലാം നല്ല അഭിപ്രായം പറഞ്ഞപ്പോഴാണ് ശരിക്കും ആശ്വാസമായത്,’ ജാസിര്‍ പറഞ്ഞു.
Content Highlight: I Auditioned for Vaazha 2; Savin SA. Was the First to Call After Watching Bethlehem Kudumba Unit’: Jazar Clicks
