ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേസ് അന്വേഷണ രീതികള്‍ക്കെതിരെയായിരുന്നു കോടതിയുടെ വിമര്‍ശനം. പൊലീസ് ഈ രീതിയിലാണ് കേസ് അന്വേഷിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ കേസുകളും സി.ബി.ഐ.യെ ഏല്‍പ്പിക്കേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു.
ഒരു കേസില്‍ സംഭവസ്ഥലത്തുനിന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ ബൈക്ക് യാത്രക്കാരനെ എഫ്.ഐ.ആറില്‍ പ്രതിയായി രേഖപ്പെടുത്താതെ ‘അജ്ഞാത വ്യക്തി’ എന്ന് രേഖപ്പെടുത്തിയത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം.
കേസുകളില്‍ പൊലീസ് പ്രത്യേക അജണ്ടയോടെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ജനങ്ങള്‍ക്ക് എങ്ങനെ പൊലീസില്‍ വിശ്വാസമുണ്ടാകുമെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, സഞ്ജയ് സച്ച്‌ദേവ് എന്നിവരടങ്ങിയ ബെഞ്ചാണ് യു.പി പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയില്‍ വിമര്‍ശനമുന്നയിച്ചത്.
യു.പി പൊലീസിനെ പിരിച്ച് വിടുന്നതിനെക്കുറിച്ച് പോലും ചിന്തിക്കേണ്ട സാഹചര്യമുണ്ട്. പൊലീസ് ഇത്തരം നടപടികള്‍ അവസാനിപ്പിക്കണം. പ്രതിപ്പട്ടികയില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ആളുകളെ രേഖപ്പെടുത്താനാണോ ഇങ്ങനെ ചെയ്യുന്നത്? യു.പി പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം നിരാശാജനകമാണ്,’ കോടതി നിരീക്ഷിച്ചു.
തുടക്കം മുതല്‍ കോടതി ഏകപക്ഷീയമായാണ് കേസില്‍ നിലപാടെടുക്കുന്നതെന്നും പ്രതിക്ക് ക്ലീന്‍ ചീറ്റ് നല്‍കാനായിരുന്നു ശ്രമമെന്നും പൊതുതാത്പര്യ ഹരജിയില്‍ പറയുന്നു.
കേസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അടുത്ത ഹിയറിങ്ങില്‍ ഹാജരാകണമെന്നും എഫ്.ഐ.ആറില്‍ നിന്ന് റൈഡറുടെ പേര് ആദ്യം ഒഴിവാക്കിയതിന്റെ കാരണവും പിന്നീട് സത്യവാങ്മൂലത്തില്‍ അത് വെളിപ്പെടുത്തിയതിന്റെ കാരണവും വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
Content Highlight: How will people trust you? If this continues, all cases in the state will have to be handed over to the CBI: Supreme Court to UP Police.
