'ശ്യാമേ, ഒരുരുള കഴിച്ചിട്ട് പോടാ', സുമതിക്ക് ശേഷം എയറിലായി നെല്ലിക്കാംപൊയിലിലെ ചോതി
Malayalam Cinema
'ശ്യാമേ, ഒരുരുള കഴിച്ചിട്ട് പോടാ', സുമതിക്ക് ശേഷം എയറിലായി നെല്ലിക്കാംപൊയിലിലെ ചോതി
അമര്‍നാഥ് എം.
Sunday, 8th February 2026, 3:17 pm

ഹൊറര്‍ ഴോണറില്‍ സിനിമയൊരുക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രേക്ഷകരില്‍ ഭീതിയുണര്‍ത്തുക എന്നതാണ്. ഈയൊരു എലമെന്റ് വര്‍ക്കായില്ലെങ്കില്‍ എത്ര വലിയ ഹൊറര്‍ സീനായാലും പ്രേക്ഷകര്‍ക്ക് അത് കോമഡിയായി തോന്നും. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ സുമതി വളവ് അത്തരമൊരു ചിത്രമായിരുന്നു.

വളരെ സീരിയസായിട്ടുള്ള സീനുകളില്‍ പോലും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പരാജയം കാരണം സുമതി എന്ന പ്രേതം വരുന്ന സീന്‍ ഒ.ടി.ടി റിലീസിന് ശേഷം ട്രോള്‍ മെറ്റീരിയലായി മാറി. മനോജ് കെ.യു അവതരിപ്പിച്ച കഥപാത്രത്തിന്റെ ‘നിനക്ക് പ്രസവിക്കുകയൊന്നും വേണ്ടേ മോളേ’ എന്ന ഡയലോഗ് ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു.

നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സ് Photo: Zee5

സുമതി വളവിന് ശേഷം കണ്ടിരുന്ന പ്രേക്ഷകരെ മൊത്തം ചിരിപ്പിച്ച പ്രേതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സ് എന്ന ചിത്രത്തിലെ ചോതി എന്ന പ്രേതമാണ് ട്രോളന്മാരുടെ പുതിയ ഇര. ഹൊറര്‍ മിസ്റ്ററി കോമഡി ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ ചോതി എന്ന പ്രേതം വരുന്ന രംഗം ഇതിനോടകം ട്രോള്‍ പേജുകളില്‍ നിറഞ്ഞു.

ക്ലൈമാക്‌സിനോടടുക്കുമ്പോഴാണ് ചോതി എന്ന പ്രേതത്തെ സ്‌ക്രീനില്‍ കാണുന്നത്. മാത്യു തോമസ് അവതരിപ്പിച്ച ശ്യാം എന്ന കഥാപാത്രം വില്ലനെ പിടിക്കാന്‍ പോകുന്ന സമയത്ത് അപകടത്തിലാവുകയും ആ സമയത്ത് നായകനെ സഹായിക്കാന്‍ ചോതി പ്രത്യക്ഷപ്പെടുകയുമാണ്. നല്ല രീതിയില്‍ ഇമോഷന്‍ വര്‍ക്കാകേണ്ട രംഗം അക്ഷരാര്‍ത്ഥത്തില്‍ കോമഡിയായി.

നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സ് Faris Salman/ Facebook

നായകനെ കുട്ടിക്കാലത്ത് പരിചരിച്ച ചോതി പ്രേതമായി തിരിച്ചെത്തുമ്പോള്‍ പറയുന്ന ഡയലോഗ് ‘ശ്യാമേ ഒരുരുള ചോറ് തിന്നെടാ’ എന്നാണ്. അതുവരെയുണ്ടായിരുന്ന സീരിയസ് സിറ്റുവേഷന്‍ ഒറ്റയടിക്ക് കോമഡിയായി മാറി. ഇതിനോടൊപ്പം പ്രേതത്തിന് നല്‍കിയ മേക്കപ്പും കൂടിയായപ്പോള്‍ ശുഭം. വരുംദിവസങ്ങളില്‍ ചോതി ഇനിയും എയറില്‍ പോകുമെന്ന് ഉറപ്പായിരിക്കുകയാണ്.

ചോതിയുടെ രംഗം മാറ്റിനിര്‍ത്തിയാല്‍ വണ്‍ ടൈം വാച്ചബിളായിട്ടുള്ള ചിത്രം തന്നെയാണ് നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്. മാത്യു തോമസ്, റോഷന്‍ ഷാനവാസ്, അബു സലിം എന്നിവരുടെ പ്രകടനമാണ് ചിത്രത്തെ മികച്ചതാക്കുന്നത്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തിന്റെ സെറ്റും നന്നായിട്ടുണ്ടെന്നാണ് ഒ.ടി.ടിയില്‍ സിനിമ കണ്ടവരുടെ അഭിപ്രായം. തിയേറ്ററില്‍ തരക്കേടില്ലാത്ത വിജയമാണ് ചിത്രം നേടിയത്.

Content Highlight: Horror scene in Nellikkampoyil Night Riders became comedy after OTT release

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം