നല്ല ചിത്രങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. ഇതില്‍ എത്ര വലിയ താരമുണ്ടെന്നോ, ആരുടെ ചിത്രമാണെന്നോ എന്നൊന്നും തന്നെ മലയാളികള്‍ ഒരു പരിധിക്കപ്പുറത്തേക്ക് ശ്രദ്ധിക്കാറില്ല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങിയ വാഴ 2. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2വില്‍ കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് പുതുമുഖങ്ങളായ ഹാഷിറും ടീമുമാണെന്ന് കാണാം. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ 210 കോടിയിലധികം നേടി വലിയ വിജയമായി മാറിയിരിക്കുകയാണ് വാഴ 2.
ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ തുടങ്ങി റീലുകളില്‍ കണ്ടുശീലിച്ച ഗ്യാങ്ങിന് വെള്ളിത്തിരയിലും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ ഗ്യാങ്ങായെത്തി ബോക്‌സ് ഓഫീസില്‍ നിന്നും ഹിറ്റടിച്ച മറ്റ് മലയാള ചിത്രങ്ങളെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലാസ്‌മേറ്റ്‌സ്, പ്രേമം, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് ഇത്തരത്തില്‍ ഹിറ്റുകള്‍ നേടിയ മറ്റ് സിനിമകള്‍.
ലാല്‍ ജോസ് സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരെന്‍, കാവ്യ മാധവന്‍, തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 150 ദിവസത്തോളമാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. 2006ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായും ക്ലാസ്‌മേറ്റ്‌സ് മാറിയിരുന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 20-25 കോടിയായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.\
മലയാള സിനിമയെ ഇളക്കിമറിച്ചുകൊണ്ട് 2015ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നിവിന്‍ പോളി, ശബരീഷ്, കോയ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം സായ് പല്ലവി, മഡോണ സെബാസ്റ്റിയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയ ഹിറ്റ് നായികമാരുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു. കേരളത്തില്‍ വലിയ രീതിയില്‍ ട്രെന്‍ഡായി മാറിയ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായിട്ടും എഴുപത് കോടിയോളം രൂപയായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. തമിഴ്‌നാട്ടിലും കാര്യമായി ചിത്രം സ്വാധീനം ചെലുത്തി.
ഇത്തരത്തില്‍ മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തമിഴ് ബോക്‌സ് ഓഫീസിലും കാര്യമായ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ചിദംബരം.എസ്. പൊതുവാള്‍ സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. സര്‍വൈവര്‍ ത്രില്ലര്‍ കാറ്റഗറിയില്‍ പെട്ട ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാര്‍, ഗണപതി, ഖാലിദ് റഹാമാന്‍, ദീപക് പറമ്പോള്‍ തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 242 കോടിയോളം നേടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരുന്നു.
Content Highlight: Hit films in Malayalam which features friendship of a gang including vaazha 2
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.