ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധികലശം നടത്തി ഹിന്ദുത്വ സംഘടന; സമൂഹത്തിൽ ജാതിവിവേചനം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ്
India
ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധികലശം നടത്തി ഹിന്ദുത്വ സംഘടന; സമൂഹത്തിൽ ജാതിവിവേചനം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ്
കെ.എസ് ഷാബിന
Thursday, 13th August 2026, 8:51 am

ഡെറാഡൂൺ: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച ഹൽദ്വാനിയിലെ രാംലീല ഗ്രൗണ്ടിൽ നടന്ന ‘ശുദ്ധികലശ’ ചടങ്ങിനെച്ചൊല്ലി ഉത്തരാഖണ്ഡിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ തർക്കം.

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓഗസ്റ്റ് 8-ന് നടന്ന കോൺഗ്രസ് റാലിയിൽ ഖാർഗെ പ്രസംഗിച്ച വേദിയാണ്, മൂന്ന് ദിവസങ്ങൾക്ക് ശേഷം ‘ശ്രീരാമ സേന ധർമ്മാർത്ഥ സേവാ ന്യാസ്’ അംഗങ്ങൾ ശുദ്ധികലശം ചെയ്‌തത്‌. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ചടങ്ങ് നടത്തിയ ശ്രീരാമ സേനയ്ക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ആരോപിച്ചു. മല്ലികാർജുൻ ഖാർഗെ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായതുകൊണ്ടാണ് വേദി ശുദ്ധീകരിച്ചതെന്നും, സമൂഹത്തിൽ ജാതി വിവേചനം വളർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ചടങ്ങ് നടത്തിയവർക്കെതിരെ നടപടിയെടുക്കാത്ത നൈനിറ്റാൾ പൊലീസിന്റെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു.

രാംലീല വേദി ഒരു സാംസ്കാരിക കേന്ദ്രമാണെന്നും രാഷ്ട്രീയ പാർട്ടികൾക്ക് പരിപാടികൾ നടത്താൻ അനുവാദം നൽകരുതായിരുന്നു എന്നും ബി.ജെ.പി സംസ്ഥാന വക്താവും ക്യാബിനറ്റ് മന്ത്രിയുമായ ഗജൻ ദാസ് പ്രതികരിച്ചു. ഖാർഗെയുടെ പ്രസംഗത്തിനിടയിൽ ചില മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നും അവ ഹിന്ദുവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും ഗജൻ ദാസ്പറയുന്നു.

എന്നാൽ ശ്രീരാമ സേനയുമായുള്ള ബന്ധവും കോൺഗ്രസിന്റെ ആരോപണങ്ങളും ബി.ജെ.പി പൂർണമായി തള്ളി. സീതാറാം കേസരി, ബാബു ജഗ്ജീവൻ റാം, ഡോ. ബി.ആർ. അംബേദ്കർ തുടങ്ങിയ ദളിത് നേതാക്കളെ എന്നും അനാദരിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് ഗജൻ ദാസ് ആരോപിച്ചു.

Content Highlight: Hindutva Group ‘Purifies’ Kharge’s Rally Stage; Congress Accuses BJP of Promoting Caste Discrimination

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.