ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പ്രശംസിച്ച് ക്രിക്കറ്റ് കമന്റേറ്ററും അനലിസ്റ്റുമായ ഹര്‍ഷ ഭോഗ്ലെ. ലോകത്തിലെ ചുരുക്കം ചില ഫാസ്റ്റ് ബൗളര്‍മാര്‍ക്കുള്ള വിക്കറ്റ് വീഴ്ത്താനുള്ള മികവ് പ്രസിദ്ധ് കൃഷ്ണയ്ക്കുണ്ടെന്നും അനാവശ്യമായാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ചുരുക്കം ചില ഫാസ്റ്റ് ബൗളര്‍മാര്‍ക്കുള്ള വിക്കറ്റ് വീഴ്ത്താനുള്ള മികവ് പ്രസിദ്ധ് കൃഷ്ണയ്ക്കുണ്ട്. ഹാര്‍ഡ് ലെങ്ത് പന്തുകള്‍ മനോഹരമായി, തുടര്‍ച്ചയായി എറിയുന്ന അദ്ദേഹം ബാക്കി കാര്യങ്ങള്‍ പിച്ചിനെ ഏല്‍പ്പിക്കുന്നു. അനാവശ്യമായാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു മാച്ച് വിന്നറാണ്.

ചില ദിവസങ്ങളില്‍ അദ്ദേഹത്തിന് അല്‍പ്പം കൂടുതല്‍ റണ്‍സ് വഴങ്ങേണ്ടിവന്നേക്കാം. എന്നാല്‍ നിര്‍ണായക വിക്കറ്റുകള്‍ നേടുന്നതിനേക്കാള്‍ സംതൃപ്തി നല്‍കുന്ന മറ്റൊന്നില്ല. ഗുജറാത്ത് ടൈറ്റന്‍സിനായി ഐ.പി.എല്ലിലും അദ്ദേഹം അത് ചെയ്യുന്നുണ്ട്, ഏകദിനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇപ്പോഴിതാ ടെസ്റ്റ് മത്സരങ്ങളിലും അതുതന്നെ ചെയ്യുന്നു,’ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

നിലവില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയിട്ടുണ്ട്. ക്രീസിലുള്ളത് 137 പന്തില്‍ 85 റണ്‍സ് നേടിയ സോണല്‍ ദിനുഷയും എട്ട് റണ്‍സ് നേടിയ ലഹിരു കുമാരയുമാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതറും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Harsha Bhogle Talking About Prasidh Krishna