മോനേ, എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ പറ്റില്ല, ഭയങ്കര ഹെവിയാണെന്ന് വിജയ് സാര്‍, റീമേക്കിലേക്ക് എത്തിയത് അതുകൊണ്ട്: എച്ച്. വിനോദ്
Indian Cinema
മോനേ, എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ പറ്റില്ല, ഭയങ്കര ഹെവിയാണെന്ന് വിജയ് സാര്‍, റീമേക്കിലേക്ക് എത്തിയത് അതുകൊണ്ട്: എച്ച്. വിനോദ്
അമര്‍നാഥ് എം.
Tuesday, 21st July 2026, 8:42 am

ജൂലൈ 23 തമിഴ് സിനിമാചരിത്രത്തിലെ മറക്കാനാകാത്ത നാളുകളിലൊന്നായിരിക്കുമെന്ന് ഉറപ്പാണ്. തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന അവസാന ചിത്രം ജന നായകന്‍ 23ന് തിയേറ്ററുകളിലെത്തും. സമീപകാലത്ത് മറ്റൊരു സിനിമയും നേരിടാത്ത അത്രയും പ്രതിസന്ധികള്‍ തരണം ചെയ്താണ് ജന നായകന്‍ പ്രേക്ഷകരിലേക്കെത്തുന്നത്.

തമിഴില്‍ ഒരുപിടി മികച്ച സിനിമകളൊരുക്കിയ എച്ച്. വിനോദാണ് ജന നായകന്റെ അമരക്കാരന്‍. ലോകേഷും നെല്‍സണും അറ്റ്‌ലീയുമടക്കം പല വമ്പന്മാരും ഉണ്ടായിട്ടും അജിത്തിനൊപ്പം തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ചെയ്ത വിനോദിനായിരുന്നു വിജയ്‌യുടെ അവസാന ചിത്രം ഒരുക്കാന്‍ അവസരം ലഭിച്ചത്. തീരന് ശേഷം വിജയ്‌യുടെയടുത്ത് വിനോദ് ഒരു കഥ പറഞ്ഞെങ്കിലും അന്ന് അത് നടക്കാതെ പോവുകയായിരുന്നു.

എച്ച്. വിനോദ് Photo: Screen grab/ Galatta Plus

തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കായാണ് ജന നായകന്‍ ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് എച്ച്. വിനോദ്. വിജയ്‌യുടെ അവസാന സിനിമയൊരുക്കാന്‍ സംവിധായകരെ വിളിക്കുന്നുണ്ടെന്ന് ഒരു നിര്‍മാതാവ് വഴിയാണ് താന്‍ അറിഞ്ഞതെന്ന് വിനോദ് പറഞ്ഞു. അദ്ദേഹത്തിന്റെയടുത്ത് മുമ്പ് പറഞ്ഞ അതേ കഥയാണ് ആദ്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം പറഞ്ഞ കഥ ഇതല്ലായിരുന്നു. അത് മുഴുവന്‍ കേട്ടപ്പോള്‍ ഫസ്റ്റ് ഹാഫ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ, സെക്കന്‍ഡ് ഹാഫ് ഭയങ്കര ഹെവിയാണെന്ന് പറഞ്ഞു. ‘മോനെ, ഇത്രയും ഹെവിയായിട്ടുള്ളത് എനിക്ക് ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് അദ്ദേഹമാണ് ഭഗവന്ത് കേസരിയെക്കുറിച്ച് എന്നോട് പറഞ്ഞത്. ആ സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ‘ആ സിനിമ കണ്ടുനോക്ക്, നിനക്ക് ഇഷ്ടമായെങ്കില്‍ നമുക്ക് അത് ചെയ്യാം’ എന്ന് അദ്ദേഹം സജസ്റ്റ് ചെയ്തു.

റീമേക്ക് ചെയ്യാന്‍ എനിക്ക് ഇപ്പോഴും മടിയാണ്. മുമ്പ് പിങ്ക് അജിത് സാറിനെ വെച്ച് റീമേക്ക് ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും റീമേക്ക് എന്ന് പറയുമ്പോള്‍ എന്താകും എന്നറിയില്ലായിരുന്നു. പക്ഷേ, രണ്ട് സിനിമയും ഞാന്‍ ആസ്വദിച്ച് തന്നെയാണ് ചെയ്തത്. പിങ്ക് റീമേക്ക് ചെയ്തപ്പോള്‍ അതിലെ വുമണ്‍ എംപവര്‍മെന്റ് ആശയമായിരുന്നു അജിത് സാറിന് ഇഷ്ടമായത്. ഭഗവന്ത് കേസരിയിലെ അത്തരം സീനുകളാണ് വിജയ് സാറിനെയും റീമേക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചത്,’ വിനോദ് പറയുന്നു.

ഭഗവന്ത് കേസരിയുടെ സീന്‍ ബൈ സീന്‍ റീമേക്കല്ല ജന നായകനെന്നും അദ്ദേഹം പറഞ്ഞു. ഫസ്റ്റ് ഹാഫില്‍ ഒരു 60 ശതമാനവും സെക്കന്‍ഡ് ഹാഫില്‍ 20 ശതമാനവും മാത്രമാണ് ഭഗവന്ത് കേസരിയുടെ എലമെന്റുള്ളതെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു. ബാക്കിയെല്ലാം ഒരു വിജയ് സിനിമയുടെ ഫ്‌ളേവറിലാണെന്നും അദ്ദേഹം പറയുന്നു.

Content Highlight: H Vinoth explains how Jana Nayagan became the remake of Bhagawanth Kesari

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം