മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്. അന്യഭാഷകളിലടക്കം സാന്നിധ്യമറിയിച്ച ഗായത്രിയെ പലപ്പോഴും ട്രോള്‍ പേജുകളുടെ ഇരയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത് മറ്റൊരു കാര്യമാണ്. ഗായത്രി പ്രധാന വേഷത്തിലെത്തുന്ന ഡിസ്‌കോ എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ഡിസ്‌കോ. ടീസറിലെ ഒരു ഷോട്ടില്‍ ഗായത്രിയുടെ കഥാപാത്രം ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാളത്തില്‍ പൊതുവേ കണ്ടുശീലിച്ചിട്ടില്ലാത്ത ഇത്തരം രംഗങ്ങളെക്കാള്‍ ചര്‍ച്ചയാകുന്നത് ഗായത്രിയുടെ പഴയ അഭിമുഖമാണ്. നാല് വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കലും ബിക്കിനി ഫോട്ടോഷൂട്ട് നടത്തില്ലെന്ന് താരം പറഞ്ഞിരുന്നു.

മിസ് കേരള വിജയിയായ ഗായത്രി മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാത്തത് ബിക്കിനി റൗണ്ട് ഉള്ളതുകൊണ്ടാണെന്ന് മറ്റൊരു അഭിമുഖത്തിലും പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. അന്ന് പറഞ്ഞ നിലപാടില്‍ നിന്ന് മാറ്റം വന്നോ എന്നാണ് പലരും ചോദിക്കുന്നത്. അവസരത്തിനൊത്ത് നിലപാട് മാറ്റുകയാണോ എന്നും ചോദ്യമുണ്ട്.

‘അന്ന് ബിക്കിനി റൗണ്ട് ചെയ്യാന്‍ താത്പര്യമില്ലാത്തതുകൊണ്ട് മിസ് ഇന്ത്യ വേണ്ടെന്നു വെച്ചതില്‍ ഇന്നും എനിക്ക് റിഗ്രറ്റ് ഉണ്ട്’ എന്നും ഗായത്രി അഭിമുഖത്തിനിടയില്‍ പറയുന്നുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സിനിമയിലേക്കെത്താന്‍ വേണ്ടി മാത്രമാണ് താന്‍ മോഡലിങ്ങിലേക്കെത്തിയതെന്നും അന്നത്തെ ചിന്താഗതി അങ്ങനെയായിരുന്നെന്നും താരം പറയുന്നുണ്ട്.

അടുത്തിടെ മസ്തിഷ്‌ക മരണം എന്ന ചിത്രത്തില്‍ രജിഷ വിജയന്റെ ഡാന്‍സും ഇത്തരത്തില്‍ ചര്‍ച്ചയായിരുന്നു. ഐറ്റം ഡാന്‍സ് ഒരിക്കലും ചെയ്യില്ലെന്ന് പറഞ്ഞ രജിഷ മസ്തിഷ്‌ക മരണത്തില്‍ അത്തരമൊരു പാട്ടിന് ചുവടുവെച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എന്നാല്‍ ആ കഥയും കഥാപാത്രവും അത്തരമൊരു ഡാന്‍സ് ഡിമാന്‍ഡ് ചെയ്തതുകൊണ്ട് മാത്രമാണ് താന്‍ അതിന് സമ്മതിച്ചതെന്നായിരുന്നു രജിഷയുടെ വാദം.

അഞ്ചക്കള്ളക്കോക്കാന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിസ്‌കോ. ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ. ദേവ് മോഹന്‍, ലുക്മാന്‍, ഫെമിന ജോര്‍ജ്, ആന്റണി വര്‍ഗീസ് പെപ്പെ, കല്യാണി അനില്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്‌റ്റൈലിഷ് ആക്ഷന്‍ ത്രില്ലറിന്റെ ടീസര്‍ സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്.

Content Highlight: Gayathri Suresh’s old interview viral after Disco movie teaser