ഗോളടിക്കാതെ പെലെക്കൊപ്പം; സമനിലയുടെ തിരിച്ചടിയിലും ചരിത്രം കുറിച്ച് ഗാവി
FIFA World Cup 2026
ഗോളടിക്കാതെ പെലെക്കൊപ്പം; സമനിലയുടെ തിരിച്ചടിയിലും ചരിത്രം കുറിച്ച് ഗാവി
സുദേവ് എ
Tuesday, 16th June 2026, 7:18 am

2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വമ്പന്മാരായ സ്പെയ്ന്‍ സമനിലയില്‍ കുടുങ്ങിയിരുന്നു. ആഫ്രിക്കന്‍ രാജ്യമായ കാപ് വെര്‍ദെയാണ് സ്പാനിഷ് പടയെ സമനിലയില്‍ തളച്ചത്. അറ്റലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോള്‍ പോലും നേടാതെ ഇരു ടീമുകളും പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒരു ഇതിഹാസ പട്ടികയിലേക്കാണ് സ്പാനിഷ് യുവതാരം ഗാവി നടന്നുകയറിയത്. 21 വയസോ അതില്‍ താഴെയോ പ്രായമുള്ളപ്പോള്‍ രണ്ട് വ്യത്യസ്ത ലോകകപ്പുകളില്‍ കളിക്കുന്ന ആറാമത്തെ താരമായാണ് ഗാവി മാറിയത്.

പെലെ, നോര്‍മന്‍ വൈറ്റ്‌സൈഡ്, റിഗോബര്‍ട്ട് സോംഗ്, സലോമന്‍ ഒലെംബെ, സാമുവല്‍ എറ്റോ എന്നിവര്‍ക്ക് ശേഷമാണ് ഗാവി ഈ നേട്ടം കൈവരിക്കുന്നത്.

2022 ഖത്തര്‍ ലോകകപ്പില്‍ 18 വയസുള്ളപ്പോഴാണ് താരം ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ടൂര്‍ണമെന്റില്‍ തന്നെ ഗോള്‍ നേടാനും ഗാവിക്ക് സാധിച്ചിരുന്നു. കൊസ്റ്റാറിക്കക്കെതിരെയായിരുന്നു താരം ആദ്യമായി കളത്തിലിറങ്ങിയത്.

ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഗാവി മാറിയിരുന്നു. ബ്രസീലിയന്‍ ഇതിഹാസം പെലെക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരവും ഗാവിയായിരുന്നു.

അതേസമയം മത്സരത്തില്‍ കേപ് വെര്‍ദെക്കെതിരെ മികച്ച നീക്കങ്ങള്‍ നടത്താന്‍ സ്‌പെയ്‌നിന് സാധിച്ചിരുന്നു. ആദ്യ പകുതിയില്‍ നാല് തവണ കേപ് വെര്‍ദെയുടെ വല കുലുക്കാന്‍ ശ്രമിച്ചെങ്കിലും വോസിന്‍ഹയുടെ തകര്‍പ്പന്‍ സേവുകള്‍ സ്‌പെയ്‌നിനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ലാമിന്‍ യമാല്‍ കളത്തിലിറങ്ങിയിട്ടും സ്പാനിഷ് ടീമിന് ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ താരം തുടക്കത്തില്‍ തന്നെ അറ്റാക്കിങ് മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും കേപ് വെര്‍ദെയുടെ ഡിഫന്‍സ് താരത്തെ തടഞ്ഞു. കൂടുതല്‍ അവസരങ്ങള്‍ രണ്ടാം പകുതിയില്‍ സ്പെയ്നിന് ഉണ്ടായെങ്കിലും ഗോള്‍ നേടാന്‍ ടീമിന് സാധിച്ചില്ല.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കേപ് വെര്‍ദെ എന്ന ഒരു കുഞ്ഞന്‍ രാജ്യം സ്പെയ്നെതിരെ സമനില സ്വന്തമാക്കുകയായിരുന്നു. ലോകകപ്പില്‍ ആദ്യമായാണ് കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെ പന്തുതട്ടുന്നത്. ആദ്യ മത്സരത്തില്‍ തന്നെ മുന്‍ ചാമ്പ്യന്മാരായ സ്പാനിഷ് ടീമിനെ സമനിലയില്‍ കുരുക്കി വരവറിയിച്ച കേപ് വെര്‍ദെ വരും മത്സരങ്ങളിലും ഞെട്ടിക്കുമെന്നുറപ്പാണ്.

 

Content Highlight: Gavi create historical record in FIFA World cup

 

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.