2026 ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കാന്‍ ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പര്‍ താരം ലാമിന്‍ യമാലിന് സാധ്യതയുണ്ടെന്ന് ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസ്. ചെറിയ പ്രായത്തില്‍ ലാമിന്‍ യമാല്‍ കൈവരിച്ച നേട്ടങ്ങള്‍ അവിശ്വസനീയമാണെന്നും ബാഴ്‌സയില്‍ യമാലിന്റെ സഹതാരം പറഞ്ഞു.

ബ്രസീല്‍ ഇതിഹാസം നെയ്മറുമായി ലാമിന്‍ യമാലിന് സാമ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എഫ്.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരില്‍ ഏറ്റവും പ്രതിഭാധനനായ ഫുട്‌ബോള്‍ താരം നെയ്മറാണ്. ഇരുകാലുകളും ഉപയോഗിച്ച് എന്തും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, നെയ്മറിന് പകരം വെക്കാന്‍ മറ്റാരുമില്ല; അദ്ദേഹവുമായി താരതമ്യം ചെയ്യാന്‍ പോലും ആരുമില്ല.

എന്നാല്‍, ലാമിന്‍ യമാലിന് നെയ്മറിന്റെ ചില ഗുണങ്ങളുണ്ടെന്നത് സത്യമാണ്. ഡ്രിബ്ലിങ്ങും വ്യക്തിത്വവുമെല്ലാം അതില്‍പ്പെടുന്നു. അവന്‍ ഇപ്പോഴും വളരെ ചെറുപ്പമാണ്. പക്ഷേ, 30 വയസ്സുള്ള ഒരു താരത്തെപ്പോലെയാണ് അവന്‍ കളിക്കുന്നത്; അത്രത്തോളം പക്വതയോടെയാണ് അവന്റെ പ്രകടനം.

Photo: FC Barcelona

അവന്‍ ഓരോ വര്‍ഷവും കൂടുതല്‍ മെച്ചപ്പെടുന്ന ഒരു പ്രതിഭയാണ്. ഓരോ വര്‍ഷം കഴിയുന്തോറും അവന്റെ പ്രതിഭ കൂടുതല്‍ തിളങ്ങിക്കൊണ്ടിരിക്കുകയാണ്,’ ജീസസ് പറഞ്ഞു.

ബാലണ്‍ ഡി ഓറിനെ കുറിച്ചുള്ള ചോദ്യത്തിന് പുരസ്‌കാരത്തെ കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ജീസസ് പറഞ്ഞത്. എങ്കിലും ഈ വര്‍ഷത്തെ പുരസ്‌കാരത്തില്‍ അദ്ദേഹം ലാമിന്‍ യമാലിനെ പിന്തുണച്ചു.

‘ബാലണ്‍ ഡി ഓറിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. കാരണം, ഒരു താരത്തിന്റെ പ്രതിഭയ്ക്കാണോ, പ്രകടനത്തിനാണോ, അതോ കിരീടനേട്ടങ്ങള്‍ക്കാണോ അവര്‍ പുരസ്‌കാരം നല്‍കുന്നതെന്ന് എനിക്കറിയില്ല.

എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കളിക്കുന്നത് കാണാന്‍ ഞാന്‍ ഏറ്റവും ആസ്വദിച്ച താരം ലാമിന്‍ യമാലാണ്. ഈ വര്‍ഷം അവന്‍ മിക്കവാറും എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള താരം അവനാണ്,’ ജീസസ് പറഞ്ഞു.

Photo: FC Barcelona

ഇത്തവണ പുരസ്‌കാര നേട്ടത്തിന് ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരമാണ് ബാഴ്സയുടെ സ്പാനിഷ് സൂപ്പര്‍ താരം ലാമിന്‍ യമാല്‍. ബാഴ്സയ്ക്കൊപ്പം ലീഗ് കിരീടം അടക്കമുള്ള ട്രോഫികള്‍ നേടിയ 19കാരന്‍ ദേശീയ ടീമിനൊപ്പം ലോകകിരീടവും സ്വന്തമാക്കി.

ഒരുപക്ഷേ 2026ലെ ബാലണ്‍ ഡി ഓര്‍ ലാമിന്‍ യമാലിന്റെ കൈകളിലെത്തുകയാണെങ്കില്‍ ഒരു ചരിത്ര നേട്ടത്തിനാകും ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുക. ബാലണ്‍ ഡി ഓറിന്റെ സുവര്‍ണ ഗോളത്തില്‍ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യമാല്‍ മാറും.

ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹതയുണ്ടെന്ന് ലാമിന്‍ യമാല്‍ പറഞ്ഞിരുന്നു.

Photo: FC Barcelona

മോവിസ്റ്റാര്‍ പ്ലസ് ഡിപോര്‍ട്ടസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഫുട്ബോള്‍ മത്സരങ്ങള്‍ കാണുന്ന ആര്‍ക്കും ഒരു കാര്യം വ്യക്തമാണ്; ഞാനും കിലിയന്‍ എംബാപ്പെയുമാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍. എന്നാല്‍ ഈ വര്‍ഷം സ്വന്തമാക്കിയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ അര്‍ഹത എനിക്കാണ്,’ യമാല്‍ പറഞ്ഞു.

 

Content Highlight: Gabriel Jesus says Lamine Yamal has a chance of winning the 2026 Ballon d’Or.