പരാഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെ കരുത്തില്‍ ക്വാര്‍ട്ടറിലേക്ക്
FIFA World Cup 2026
പരാഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെ കരുത്തില്‍ ക്വാര്‍ട്ടറിലേക്ക്
ഫസീഹ പി.സി.
Sunday, 5th July 2026, 7:08 am

2026 ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്. ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വേയെ തോല്‍പ്പിച്ചാണ് ടീമിന്റെ കുതിപ്പ്. നായകന്‍ കിലിയന്‍ എംബാപ്പയുടെ കരുത്തിലാണ് ടീമിന്റെ വിജയം.

മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ മുന്നേറ്റത്തിലും പൊസഷനിലും മുന്നിട്ടത് നിന്നത് ഫ്രാന്‍സായിരുന്നു. എന്നാല്‍, ശക്തമായ ആക്രമണങ്ങളുമായി ലെ ബ്ലൂസ് കുതിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ഇതിനിടയില്‍ ഇരുടീമിലെയും താരങ്ങളും കൊമ്പുകോർക്കുകയും ചെയ്തിരുന്നു.

ഒടുവില്‍ രണ്ടാം പകുതി ഏറെ വൈകാതെ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പരാഗ്വേയുടെ ഡീഗോ ഗോമസ് ഫ്രഞ്ച് താരം ഡിസൈര്‍ ഡൗയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് ടീമിന് പെനാല്‍റ്റി ലഭിച്ചത്.

ഇത് പിഴവുകള്‍ ഒന്നും വരുത്താതെ എംബാപ്പെ വലയിലെത്തിച്ചു. 70ാം മിനിട്ടിലാണ് ലെ ബ്ലൂസിനെ മുന്നിലെത്തിച്ച ഈ ഗോള്‍ പിറന്നത്.

പിന്നീട് ഫ്രാന്‍സ് തങ്ങളുടെ ലീഡ് ഉയര്‍ത്താനും മറുവശത്ത് പരാഗ്വേ മത്സരത്തിലേക്ക് തിരിച്ചുവരാനും ശ്രമങ്ങള്‍ നടത്തി. എന്നാല്‍, അവയെല്ലാം വിഫലമായി. ഒടുവില്‍ ഇതേ സ്‌കോറില്‍ തന്നെ ഫൈനല്‍ വിസില്‍ മുഴങ്ങി. അതോടെ തുടര്‍ച്ചയായ നാലാം തവണയും ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

അതേസമയം, ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ നേരിടും. ജൂലൈ പത്തിനാണ് ഇരുവരും തമ്മിലുള്ള മത്സരം. ബോസ്റ്റണ്‍ സ്റ്റേഡിയമാണ് വേദി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സഹ ആതിഥേയരായ കാനഡയെ തകര്‍ത്താണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തിയത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ വിജയം.

Content Highlight: France advanced to quarter final in FIFA World Cup 2026 by defeating Paraguay

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.