മുന്‍ കോളനികള്‍ ബ്രിട്ടന് നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി; ഈ രാജ്യങ്ങള്‍ വളരാന്‍ കാരണം ബ്രിട്ടനെന്നും വാദം, പ്രതിഷേധം
World News
മുന്‍ കോളനികള്‍ ബ്രിട്ടന് നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി; ഈ രാജ്യങ്ങള്‍ വളരാന്‍ കാരണം ബ്രിട്ടനെന്നും വാദം, പ്രതിഷേധം
ആദർശ് എം.കെ.
Monday, 6th July 2026, 8:19 am

ലണ്ടന്‍: ബ്രിട്ടന്റെ മുന്‍ കോളനികള്‍ ബ്രിട്ടന് തിരിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രാവര്‍മാന്‍. സാമ്രാജ്യത്വ ഭരണകാലത്ത് കോളനികളുടെ വികസനത്തിനും നിര്‍മാണത്തിനുമായി ബ്രിട്ടന്‍ നടത്തിയ ‘നിക്ഷേപം, പരിശ്രമം, സംഭാവനകള്‍’ എന്നിവ കണക്കിലെടുത്ത് മുന്‍ കോളനികള്‍ ലണ്ടന് പണം തിരികെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

മുന്‍പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായിരുന്ന സുവെല്ല ബ്രാവര്‍മാന്‍ ഈ വര്‍ഷമാദ്യമാണ് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നിഗല്‍ ഫരേജിന്റെ റിഫോം യു.കെയില്‍ (Reform UK) അംഗത്വമെടുത്തത്.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ബ്രാവര്‍മാന്‍ ഈ വിവാദ ആവശ്യം ഉന്നയിച്ചത്.

അടിമത്ത കാലത്തെ ക്രൂരതകള്‍ക്കും ദുരിതങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമൈക്ക, ബ്രിട്ടനിലെ ചാള്‍സ് രാജാവിന് ഔദ്യോഗിക ഹരജി നല്‍കാന്‍ ഒരുങ്ങുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

അടിമത്തത്തിന്റെ പാരമ്പര്യത്തിനും കൊളോണിയല്‍ ചൂഷണങ്ങള്‍ക്കും എതിരെ വിവിധ രാജ്യങ്ങളിലെ ആക്ടിവിസ്റ്റുകളും ഉദ്യോഗസ്ഥരും ഔദ്യോഗിക നഷ്ടപരിഹാരം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ബ്രാവര്‍മാന്‍ ഇതിന് വിപരീതമായ വാദവുമായി രംഗത്തെത്തിയത്.

അടിമത്തം ക്രൂരമായിരുന്നുവെന്ന് സമ്മതിക്കുമ്പോഴും, പതിനെട്ടാം നൂറ്റാണ്ടിലെ പ്രവൃത്തികള്‍ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ജനത പണം നല്‍കണമെന്ന് പറയുന്നതില്‍ നിയമപരമായ അടിസ്ഥാനമില്ലെന്ന് അവര്‍ വാദിച്ചു.

മുന്‍ കോളനികള്‍ നിലവില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യ സംവിധാനങ്ങള്‍ ആയി മാറാന്‍ അടിത്തറയിട്ടത് ബ്രിട്ടനാണെന്നും, അതിനാല്‍ കോളനികള്‍ ബ്രിട്ടീഷ് നിക്ഷേപങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.

അതേസമയം, ബ്രാവര്‍മാന്റെ വാദങ്ങള്‍ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ചരിത്രരേഖകളും വിവിധ ഉറവിടങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അടിമത്തവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകള്‍ നിലവിലില്ലെന്ന ബ്രാവര്‍മാന്റെ വാദം തെറ്റാണ്. അടിമത്തം നിരോധിച്ചതിന് ശേഷം അടിമകളെയല്ല, മറിച്ച് അടിമ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി 1835ല്‍ എടുത്ത വായ്പ ബ്രിട്ടീഷ് സര്‍ക്കാര്‍ പൂര്‍ണമായും തിരിച്ചടച്ചു തീര്‍ത്തത് 2015ല്‍ മാത്രമാണെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

അതായത്, ഇരകളാക്കപ്പെട്ടവര്‍ക്കല്ല, അവരെ അടിമകശളാക്കി വെച്ചിരുന്നവര്‍ക്ക് പണം നല്‍കാന്‍ ബ്രിട്ടീഷ് നികുതിദായകര്‍ തലമുറകളോളം പണമടച്ചു.

ബ്രിട്ടന്‍ കോളനികളില്‍ നിക്ഷേപം നടത്തുകയായിരുന്നു എന്ന വാദത്തെയും ചരിത്രരേഖകള്‍ പൂര്‍ണമായും തള്ളിക്കളയുകയാണ്.

പ്രശസ്ത സാമ്പത്തിക വിദഗ്ധ ഉത്സ പട്‌നായിക്കിന്റെ പഠനമനുസരിച്ച്, ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്ന് മാത്രം ഏകദേശം 45 ട്രില്യണ്‍ ഡോളര്‍ കൊള്ളയടിച്ചിട്ടുണ്ട്. കോളനി രാജ്യങ്ങളിലെ വിഭവങ്ങളും അധ്വാനവും സമ്പത്തും ലണ്ടനിലേക്ക് കടത്താന്‍ മാത്രമാണ് സാമ്രാജ്യത്വ സമ്പദ്‌വ്യവസ്ഥകള്‍ രൂപകല്‍പ്പന ചെയ്തിരുന്നത്.

ഇന്ത്യന്‍ വംശജയായ ബ്രാവര്‍മാന്റെ ഈ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബ്രാവര്‍മാന്റെ മാതാപിതാക്കള്‍ മുന്‍ ബ്രിട്ടീഷ് കോളനികളില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് എന്നതും ശ്രദ്ധേയമാണ്.

ബ്രിട്ടീഷ് സാമ്രാജ്യം കോളനികളെ നിക്ഷേപത്തിലൂടെ വളര്‍ത്തുകയല്ല, മറിച്ച് അവിടുത്തെ സമ്പത്ത് മോഷ്ടിച്ച് സ്വന്തം രാജ്യം കെട്ടിപ്പടുക്കുകയാണ് ചെയ്തതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

 

Content Highlight: Former UK minister demands compensation from Britain’s former colonies.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.