ഫുട്‌ബോളിലേക്ക് വീണ്ടും തിരിച്ചുവരാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം മൈക്കല്‍ ചോപ്ര. നേരത്തെ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇംഗ്ലീഷ് താരം തന്റെ 42ാം വയസിലാണ് വീണ്ടും കളത്തിലേക്ക് തിരിച്ചുവരുന്നത്. വെയ്സിലെ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബായ റെട്ടോമാസ് ബ്ലൂബേഡ്‌സ് ടീമിന് വേണ്ടിയാണ് ചോപ്ര വീണ്ടും ബൂട്ട് കെട്ടുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് ഫൈനലുകളില്‍ കളിച്ച താരമാണ് ചോപ്ര. ആദ്യ സീസണില്‍ ഡേവിഡ് ജെയിംസിന്റെ കീഴിലും മൂന്നാം സീസണില്‍ സ്റ്റീവ് കോപ്പലിന്റെ കീഴിലുമാണ് ചോപ്ര മഞ്ഞപ്പടയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. ചോപ്രയുള്ള സമയങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് യോഗ്യത നേടിയതിനാല്‍ താരത്തെ ഒരു ഭാഗ്യമുള്ള താരമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്.
ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയില്‍ കൃത്യമായ വേഗത കൊണ്ട് ശ്രദ്ധ നേടിയ താരമായിരുന്നു ചോപ്ര. കോപ്പലിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് ആദ്യ വിജയം സ്വന്തമാക്കിയത് ചോപ്രയുടെ ഗോളിലൂടെയായിരുന്നു. മുംബൈ സിറ്റി എഫ്.സിക്കെതിരെയായിരുന്നു ചോപ്രയുടെ ഗോള്‍ പിറന്നത്.
മഞ്ഞപ്പടയുടെ ആരാധകരുടെ ലിസ്റ്റിലെ പ്രിയ താരങ്ങളില്‍ ഒരാള്‍ തന്നെയാണ് ചോപ്രയും. ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച 42ാം വയസില്‍ ചോപ്ര വീണ്ടും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം നടത്താന്‍ തിരിച്ചെത്തുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും ഈ വാര്‍ത്ത അല്‍പം സ്‌പെഷ്യലാണ്.
അതേസമയം നിലവില്‍ ബ്ലാസ്റ്റേഴ്സ് പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.
ടീമിന്റെ നിലവിലെ ഉടമകളായ മാഗ്നം സ്പോര്‍ട്സില്‍ നിന്നും ഓഹരികള്‍ വാങ്ങാന്‍ പുതിയ നിക്ഷേപകര്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് ഒന്നും പുറത്തുവന്നിട്ടില്ല.
ടീമിന്റെ പുതിയ ഉടമകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും അടുത്ത സീസണില്‍ ഐ.എസ്.എല്ലില്‍ കളിക്കാനുള്ള രണ്ടാംഘട്ട തുകയായ 55 ലക്ഷം രൂപ ബ്ലാസ്റ്റേഴ്സ് കൈമാറിയിട്ടുണ്ട്.
തുക കൈമാറിയതോടെ ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലും ഐ.എസ്.എല്ലില്‍ കളിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളെല്ലാം ടീം വിട്ട് പോയിട്ടുണ്ട്. ഇനി പുതിയ താരങ്ങളെ ടീമില്‍ എത്തിക്കേണ്ടതുണ്ട്.
പുതിയ നിക്ഷേപകര്‍ എത്തിയാല്‍ നിലവിലെ ടീമിന്റെ പരിശീലകനായ ആഷ്ലി വെസ്റ്റ് വുഡുമായുള്ള കരാര്‍ പുതുക്കാനുള്ള നടപടിയാവും ആദ്യം ചെയ്യുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഈ സീസണിലും ഇതേ പരിശീലകനെ തന്നെ നിലനിര്‍ത്താനാവും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.
Content Highlight: Former Kerala Blasters player Michael Chopra returns to football at the age of 42