തൃശ്ശൂര്‍ റൗണ്ടിലെ ഗോക്രിയുടെ നിരീക്ഷണങ്ങള്‍ | ഫാറൂഖ് എഴുതുന്നു
DISCOURSE
തൃശ്ശൂര്‍ റൗണ്ടിലെ ഗോക്രിയുടെ നിരീക്ഷണങ്ങള്‍ | ഫാറൂഖ് എഴുതുന്നു
ഫാറൂഖ്
Monday, 5th April 2021, 8:19 am
ഗോക്രി അങ്ങനെയല്ല. കൊച്ചു ഗോക്രിക്ക് ആന പിണ്ഡത്തിലൊന്നും ഒരു താല്പര്യവുമില്ല. റൗണ്ടിന് ചുറ്റുമുള്ള റോഡ് മുറിച്ചു കടന്നു മറു വശത്തു കൂടെ റൗണ്ട് ചുറ്റി ഗോക്രി മെല്ലെയങ്ങനെ നടക്കും. ഓരോ കടയും കൗതുകത്തോടെ നോക്കും. ഓരോ കടയുടെയും ഉടമ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്‌ലിമോ ആണെന്നറിയാനാണ് ഗോക്രിയുടെ ജിജ്ഞാസ.

സാധാരണ കുട്ടികളെ പോലെയായിരുന്നില്ല ഗോക്രി. കുട്ടിയായിരുന്നപ്പോള്‍ ഗോക്രിയെ തൃശൂര്‍ റൗണ്ട് കാണിക്കാന്‍ കൊണ്ട് വരുമായിരുന്നു അച്ഛന്‍. ലോകത്തിലെ ഏറ്റവും വലിയ റൗണ്ട് എ-ബൗട്ടാണ് തേക്കിന്‍കാട് മൈതാനം ഉള്‍ക്കൊള്ളുന്ന സ്വരാജ് റൗണ്ട് എന്നാണ് തൃശൂര്‍ക്കാര്‍ പറയുക. അവിടെ പല കാഴ്ചകളും കാണാനുണ്ടാകും. പത്തു നാല്‍പ്പത് കൊല്ലം മുമ്പാണ്, റൗണ്ടില്‍ ഇത്ര വലിയ പരിഷ്‌കാരമൊന്നുമായിട്ടില്ല, തിരക്കും കുറവാണ്. മറ്റുള്ള കുട്ടികളൊക്കെ പല പല കാഴ്ചകള്‍ കണ്ടങ്ങനെ നടക്കും, പന്ത് വില്‍പനക്കാര്‍, സൈക്കിളില്‍ ഐസ് വില്‍ക്കുന്നവര്‍, പലതരം ബലൂണുകള്‍ കൊണ്ട് കുരങ്ങനെ ഉണ്ടാക്കി അതിനെ ചാടിച്ചു കളിക്കുന്ന തമിഴന്‍ തുടങ്ങിയ കാഴ്ചകള്‍.

ചില കുട്ടികളൊക്കെ ബലൂണ്‍ വാങ്ങും, മറ്റുള്ളവര്‍ ഐസ് വാങ്ങി തിന്നും. കോലില്‍ നിന്ന് ഐസ് വീണു പോകുമ്പോള്‍ നിരാശപ്പെടും, വേറൊരു ഐസ് വാങ്ങിത്തരാന്‍ വാശി പിടിക്കും. കോലില്‍ നിന്ന് ഐസ് വീണു പോകാതിരിക്കാന്‍ പുതിയ ടെക്‌നോളജി ഒന്നും വരാത്തത് എന്താണെന്ന് ഉത്കണ്ഠപ്പെടും. അക്കാലത്തു റൗണ്ടിലെ വടക്കുന്നാഥ ക്ഷേത്രത്തിനടുത്തു ഒരു ആനയുണ്ടാകും. കുട്ടികളൊക്കെ ആനയെ നോക്കി മിഴിച്ചു കുറെ നേരം നില്‍ക്കും. ആനകള്‍ പിണ്ഡമിടുന്നത് നോക്കി എന്തൊരത്ഭുതം എന്നാശ്ചര്യപ്പെടും. ഇതൊക്കെ സാധാരണ കുട്ടികള്‍.

ഗോക്രി അങ്ങനെയല്ല. കൊച്ചു ഗോക്രിക്ക് ആന പിണ്ഡത്തിലൊന്നും ഒരു താല്പര്യവുമില്ല. റൗണ്ടിന് ചുറ്റുമുള്ള റോഡ് മുറിച്ചു കടന്നു മറു വശത്തു കൂടെ റൗണ്ട് ചുറ്റി ഗോക്രി മെല്ലെയങ്ങനെ നടക്കും. ഓരോ കടയും കൗതുകത്തോടെ നോക്കും. ഓരോ കടയുടെയും ഉടമ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്‌ലിമോ ആണെന്നറിയാനാണ് ഗോക്രിയുടെ ജിജ്ഞാസ.

അത് കണ്ടു പിടിക്കാന്‍ ഗോക്രിക്ക് ചില മാര്‍ഗങ്ങളൊക്കെയുണ്ട്. ഹിന്ദുവാണ് ഉടമയെങ്കില്‍, മുതലാളി ഇരിക്കുന്നതിന്റെ പിറകില്‍ പരമശിവന്റേയോ കൃഷ്ണ ഭഗവാന്റെയോ പടം തൂക്കിയിരിക്കും. മറ്റു ദൈവങ്ങളും ഉണ്ടാകും, പക്ഷെ വടക്കുന്നാഥ ക്ഷേത്രത്തില്‍ പരമ ശിവനും ഗുരുവായൂരില്‍ ശ്രീകൃഷ്ണനും ആയതു കൊണ്ട് മിക്കവാറും ഈ ദൈവങ്ങളുടെ പടങ്ങളായിരിക്കും തൂക്കിയിട്ടുണ്ടാകുക. പടത്തിനു താഴെ ഒരു തിരി എരിയുന്നുണ്ടാകും.

ക്രിസ്ത്യാനി ആണ് ഉടമയെങ്കില്‍ മാതാവിന്റെ ഒരു ഫോട്ടോ തൂക്കിയിട്ടുണ്ടാവും. ചില കടകളില്‍ ക്രൂശിതനായ യേശുവിന്റെ പടവും കാണാം. തൃശൂര്‍ക്കാര്‍ക്ക് മാതാവിനെയാണിഷ്ടം. പടത്തിന് ചുറ്റും എല്‍.ഇ.ഡി ബള്‍ബുകള്‍ ഒരു മാല പോലെ ചുറ്റിയിട്ടുണ്ടാകും. ആ ബള്‍ബുകള്‍ ഒരു പ്രത്യേക താളത്തില്‍ മാറി മാറി മിന്നിക്കൊണ്ടിരിക്കും. ഏതു പാട്ടിന്റെ താളത്തിലാണ് ആ ബള്‍ബുകള്‍ മിന്നുന്നത് എന്ന് ഗോക്രി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ഡിങ്കിരി ഡിങ്കാലെ എന്ന പാട്ടിന്റെ ട്യൂണ്‍ ആണ് എന്നാണ് ഗോക്രിയുടെ കണ്ടെത്തല്‍.

മുസ്‌ലിങ്ങളുടെ രണ്ടോ മൂന്നോ കടകളേ ഗോക്രി കണ്ടിട്ടുള്ളൂ. അവിടെ ഒരു ഫോട്ടോതൂക്കിയിട്ടുണ്ടാകും. അത് മക്കയുടെ ഫോട്ടോ ആണെന്ന് ആന-മയില്‍-ഒട്ടകം അവറാച്ചന്‍ ഗോക്രിയോട് പറഞ്ഞിട്ടുണ്ട്. കുട്ടികളോട് പത്തു പൈസ വാങ്ങി പകരം ഒരു യന്ത്രം കണ്ണില്‍ വെച്ച് പല പല സ്ലൈഡുകള്‍ കാണിച്ചു കൊടുക്കുന്ന ബിസിനസ്സാണ് അവറാച്ചന്. അവറാച്ചന്‍ ക്രിസ്ത്യാനിയാണെന്ന് ഗോക്രിക്കറിയാം, അവറാച്ചന്റെ കഴുത്തിലെ കൊന്ത ഗോക്രി ശ്രദ്ധിച്ചിട്ടുണ്ട്. ഗോക്രിക്ക് ആളുകളുടെ മതം തിരിച്ചറിയാനുള്ള വിദ്യകളൊക്കെ അറിയാം.

ഗോക്രിയുടെ കൂട്ടുകാരനാണു കുട്ടിശങ്കരന്‍. ശങ്കരന്‍ ആരെക്കണ്ടാലും അയാളുടെ ജാതി കൃത്യമായി പറയും. ആ കഴിവ് ശങ്കരന് എങ്ങനെ കിട്ടിയെന്ന് ഗോക്രി അത്ഭുതപ്പെടും. ഓരോരുത്തര്‍ക്കും ഓരോ കഴിവാണ് ദൈവം കൊടുക്കുക എന്ന് സരസമ്മ ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. സരസമ്മ ടീച്ചര്‍ ഹിന്ദുവല്ല. പേര് കേട്ടാല്‍ ഹിന്ദുവാണെന്ന് തോന്നുമെങ്കിലും നെറ്റിയില്‍ സിന്ദൂരം തൊടാറില്ല. കല്യാണം കഴിഞ്ഞ ഹിന്ദു സ്ത്രീകള്‍ സിന്ദൂരം തൊടാറുണ്ട്. പക്ഷെ അത് കൊണ്ട് മാത്രം ഹിന്ദുവാണെന്ന് ഉറപ്പിക്കാനും പറ്റില്ല. ഓരോരോ തലവേദനകള്‍. ഒരു ദിവസം സരസമ്മ ടീച്ചര്‍ ഒപ്പിടുന്ന രജിസ്റ്ററില്‍ ഗോക്രി ഒളിഞ്ഞു നോക്കി, സരസമ്മ വര്‍ഗീസ് എന്ന് എഴുതിയാണ് ഒപ്പിട്ടിരിക്കുന്നത്, ക്രിസ്ത്യാനിയാണ്.

മക്കയുടെ ഫോട്ടോ ഇല്ലാത്ത മുസ്‌ലിങ്ങളുടെ കടകളില്‍ എന്തൊക്കെയോ എഴുതിയ ഒരു ഫോട്ടോ തൂക്കിയിട്ടുണ്ടാകും, അക്ഷരം അറബിയാണെന്ന് ഗോക്രിയോട് ഹിന്ദുവായ സതീശന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്താണെഴുതിയതെന്നറിയാനുള്ള ജിജ്ഞാസ കൊണ്ട് ഒരു ദിവസം ഗോക്രി ആ കടയിലിരിക്കുന്ന ഒരു തൊപ്പിക്കാരനോട് ചോദിക്കുക തന്നെ ചെയ്തു. ആയത്തുല്‍-കുര്‍സി, അയാള്‍ പറഞ്ഞു. എന്ത് കുന്തമെങ്കിലും ആകട്ടെ എന്ന് കരുതി ഗോക്രി കൂടുതലൊന്നും ചോദിയ്ക്കാനും പോയില്ല.

പക്ഷെ അതുകൊണ്ട് ഗുണമുണ്ടായി. ഒരു ദിവസം അമ്മക്ക് ഗ്യാസിന്റെ അസുഖമുണ്ടായപ്പോള്‍ ഒരു ഓട്ടോ പിടിച്ചു ക്രിസ്ത്യാനികളുടെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഓട്ടോയുടെ ഉടമ മുസ്‌ലിമാണെന്ന് ഗോക്രിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഓട്ടോയില്‍ തൂക്കിയിട്ട ആയത്തുല്‍-കുര്‍സി കണ്ടിട്ടാണ്. ഓരോരോ അറിവുകള്‍. ഫോട്ടോ വെറുതെ വെച്ചിട്ടുണ്ടാകും എന്നല്ലാതെ വിളക്കോ എല്‍.ഇ.ഡി ബള്‍ബോ ഒന്നും ആയത്തുല്‍-കുര്‍സിയുടെ ചുവട്ടില്‍ ഉണ്ടാകാറില്ല.

അങ്ങനെ പുതിയ അറിവുകള്‍ നേടിയും നിരീക്ഷണങ്ങള്‍ നടത്തിയും ഗോക്രി റൗണ്ടിലൂടെ നടക്കും. ഹിന്ദുക്കളുടെ കടകള്‍ കാണുമ്പോള്‍ പുഞ്ചിരിക്കും, ക്രിസ്ത്യാനികളുടേതു കാണുമ്പോള്‍ നെടുവീര്‍പ്പിടും. മുസ്‌ലിങ്ങളുടെ കടകള്‍ കാണുമ്പോള്‍ സങ്കടം വരും. സന്ധ്യ കഴിഞ്ഞു അച്ഛന്റെ കൂടെ തിരിച്ചു പോവുമ്പോള്‍ ഗോക്രിയുടെ കൊച്ചുമനസ്സില്‍ റൗണ്ടിലെ കടകളുടെ എണ്ണം, ക്രിസ്ത്യാനികളുടേതെത്ര, ഹിന്ദുക്കളുടേതെത്ര, മുസ്‌ലിങ്ങളുടെതെത്ര എന്ന കണക്കുണ്ടാകും. തിരിച്ചു പോകുന്ന ബസ്സില്‍ ഏതു ദൈവത്തിന്റെ പടമാണെന്ന് നോക്കി ഏതു മതക്കാരുടെ ബസ്സാണെന്ന് നിരീക്ഷിക്കും. ചിലതില്‍ പടമുണ്ടാകില്ല, പക്ഷെ യേശു ക്രിസ്തു ഈ ബസ്സിന്റെ ഐശ്വര്യം അല്ലെങ്കില്‍ ഗുരുവായൂരപ്പന്‍ കൃപ എന്നെഴുതിയിട്ടുണ്ടാകും.

ഒരിക്കല്‍ ഒരു ബസില്‍ ഒരു പടവും കണ്ടില്ല. എഴുത്ത് കയ്യും തലയും പുറത്തിടരുത് എന്ന് മാത്രമാണ്. ബസ് മുതലാളിയുടെ മതം അറിയാന്‍ ഒരു മാര്‍ഗവുമില്ല. ഗോക്രിയുടെ മനസ്സില്‍ എരിപിരി സഞ്ചാരം. ഗോക്രി അടുത്തിരിക്കുന്ന കൊച്ചു ശങ്കരനോട് ചോദിച്ചു. ബസ്സിന്റെ ഉടമ കമ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയും ആണെന്ന് ശങ്കരന്‍ പറഞ്ഞു, പക്ഷെ നായരാണെന്നും ശങ്കരന്‍ കൂട്ടിച്ചേര്‍ത്തു. ബസ് മുതലാളിയുടെ അച്ഛന്‍ വിളക്കിത്തല നായരും അമ്മ വെളുത്തേടത്തു നായരും ആണത്രേ. കൊച്ചു ശങ്കരന്റെ അഗാധ പാണ്ഡിത്യം കണ്ട് ഗോക്രി അത്ഭുതപ്പെട്ടു. ഇവന്‍ ഒരു കാലത്ത് കേരളം മുഴുവന്‍ അറിയുന്ന രാഷ്ട്രീയ നിരീക്ഷകനാകും, ഗോക്രി മനസ്സില്‍ പറഞ്ഞു.

ഗോക്രി വളര്‍ന്നു കൊണ്ടേയിരുന്നു, പുതിയ അറിവുകളും നിരീക്ഷണങ്ങളുമായി. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴും ഗോക്രി ഇടയ്ക്കിടെ റൗണ്ടില്‍ വരും. വീണ്ടും കണക്കെടുക്കും. ഹിന്ദുക്കളുടെ കടകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കില്‍ സന്തോഷിക്കും, ക്രിസ്ത്യാനികളുടെ കടകളുടെ എണ്ണം കൂടിയിട്ടുങ്കില്‍ നെടുവീര്‍പ്പിടും, മുസ്‌ലിങ്ങളുടെ കടകളുടെ എണ്ണം കൂടിയിട്ടുണ്ടെകില്‍ സങ്കടപ്പെടും. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴും ഇത് തന്നെ തുടര്‍ന്നു.

പ്രീഡിഗ്രിക്ക് ശേഷം ഗോക്രി തൃശൂര്‍ ശ്രീകൃഷ്ണ കോളേജിലെത്തി. തൃശ്ശൂരിലെ കോളേജ് തന്നെ തെരഞ്ഞെടുക്കാന്‍ കാരണമുണ്ട്, റൗണ്ടിലെ നിരീക്ഷണം. അത് വിട്ടൊരു കളിയില്ല. കോളേജില്‍, കൂട്ടുകാരാണ് ഗോക്രി എന്ന പേര് സമ്മാനിച്ചത്. സ്വന്തം പേര് ചുരുക്കി വിളിച്ചതാണ്, അത് കണ്ടാണ് പിന്നീട് ആരാധകര്‍ നരേന്ദ മോദിയെ നമോ എന്ന് വിളിക്കാന്‍ തുടങ്ങിയത്. ഗോക്രിക്ക് പിന്നീട് നാട്ടുകാര്‍ പേരുകള്‍ സമ്മാനിച്ചെങ്കിലും ഗോക്രി എന്ന് വിളിക്കുന്നതാണ് ഗോക്രിക്കിഷ്ടം. ഗോക്രിയുടെ കൂട്ടുകാര്‍ മുഴുവന്‍ ഹിന്ദുക്കളാണെന്ന് പറയേണ്ടതില്ലല്ലോ. ഗോക്രി എ.ബി.വി.പിക്കാരനായി, ഗോക്രിയെ പോലൊരാള്‍ വേറെന്താവാന്‍.

ഗോക്രി ക്ലാസ്സ് ലീഡര്‍ ആവാന്‍ മത്സരിച്ചു, തോറ്റു. സ്‌കൂള്‍ ലീഡര്‍ ആവാന്‍ മത്സരിച്ചു, തോറ്റു. അങ്ങനെ വളര്‍ന്നു വളര്‍ന്നു നിയമ സഭയിലേക്കും ലോക്‌സഭയിലേക്കുമൊക്കെ മത്സരിച്ചു. തോറ്റു. ഗോക്രി വോട്ടു ചോദിക്കാന്‍ പോവുമ്പോള്‍ പണ്ട് പഠിച്ച പാഠങ്ങളും നിരീക്ഷണങ്ങളും ഉപയോഗിക്കും. മുന്നില്‍ കാണുന്ന ആള്‍ ഏതു മതക്കാരാണെന്ന് കൃത്യമായി മനസ്സിലാക്കും, അതിനനുസരിച്ചാണ് വോട്ടു പിടുത്തം. തൃശൂര്‍ക്കാര്‍ അട്ടയുടെ കണ്ണ് കാണാന്‍ ശേഷിയുള്ള മുതലുകളായത് കൊണ്ട് ഗോക്രിയുടെ മനസ്സിലുള്ളത് അവരും കാണും. അങ്ങനെ പഞ്ചായത്ത് വാര്‍ഡില്‍ വരെ ഗോക്രി തോറ്റു.

അങ്ങനെ അസംഖ്യം തെരഞ്ഞെടുപ്പുകളില്‍ തോറ്റു, കേസില്ലാ വക്കീലായി, അത്യാവശ്യം റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സുമായി ജീവിതം കഴിക്കേണ്ടിയിരുന്ന ഗോക്രിയെ കേരളം മുഴുവന്‍ പ്രശസ്തനാക്കിയത് ടെലിവിഷന്‍ ചാനലുകളാണ്. എല്ലാ ദിവസവും വൈകുന്നേരം ഏതെങ്കിലും ചാനലുകാര്‍ വിളിക്കും. അവിടെ ചെന്ന് താന്‍ ജീവിതം മുഴുവന്‍ സ്വായത്തമാക്കിയ നിരീക്ഷണങ്ങള്‍ നാട്ടുകാര്‍ക്ക് വിളമ്പും.

എത്ര പ്രശസ്തനായാലും ഗോക്രിക്ക് ഇന്നും ആ കൊച്ചു ഗോക്രിയുടെ മനസ്സാണ്. തൃശ്ശൂര്‍ റൗണ്ടില്‍ മുസ്‌ലിങ്ങളെത്ര, ക്രിസ്ത്യാനികളെത്ര, ഹിന്ദുക്കളെത്ര, ഈ ചിന്തയാണ് മനസ്സ് നിറയെ. ഇടയ്ക്കിടെ റൗണ്ടിന് ചുറ്റും നടന്നു കണക്കെടുക്കും. പഴയ കാലമല്ല, റൗണ്ട് ആകെ മാറിയിരിക്കുന്നു. തിരക്ക് കൊണ്ട് നടക്കാന്‍ തന്നെ വയ്യ. മുട്ട് വേദനയുണ്ട്, കണ്ണും പഴയതു പോലെ തെളിയുന്നില്ല. കടകളിലെ പടങ്ങളൊക്കെ പോയി, ദീപവും എല്‍.ഇ.ഡിയുമൊന്നുമില്ല. ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും ഒന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല. മുസ്‌ലിങ്ങളൊക്കെ പച്ച ബെല്‍റ്റും വെള്ള തലക്കെട്ടുമൊക്കെ ഉപേക്ഷിച്ചു ഫ്രീക്കന്മാരായി മുടി സ്‌പൈക് ചെയ്താണ് നടപ്പ്. ലവ് ജിഹാദിന് പെണ്‍കുട്ടികളെ വളക്കാനാണ് മുടി സ്‌പൈക് ചെയ്യുന്നതെന്ന് ഗോക്രിക്കറിയാം. പ്രായം ഗോക്രിയുടെ നിരീക്ഷണ ബുദ്ധിയെ ബാധിച്ചിട്ടില്ല.

സ്വന്തം പ്രായക്കാര്‍ റൗണ്ടില്‍ റൗണ്ടായിട്ടിരുന്നു റമ്മി കളിയ്ക്കുന്നു. ചിലരൊക്കെ ഭാരത് ഹോട്ടലില്‍ പോയി മസാല ദോശ കഴിക്കുന്നു, മറ്റു ചിലര്‍ സഫയര്‍ ഹോട്ടലില്‍ മട്ടന്‍ ബിരിയാണി തട്ടുന്നു. ഈ സമയത്തും ഈ പ്രായത്തിലും റൗണ്ടിന് ചുറ്റും നടന്നു കടകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് ഗോക്രി. ഗോക്രിക്കിപ്പോള്‍ ഒരേ ഒരു ആഗ്രഹമേ ഉള്ളു. റൗണ്ടില്‍ മുസ്‌ലിങ്ങള്‍ ഒറ്റ കടയും വാങ്ങാന്‍ പാടില്ല. അതിന് വേണ്ടിയാണ് ഗോക്രിയുടെ ഇനിയുള്ള ജീവിതം.

എം.എല്‍.എ ആകണം. പൗരത്വ നിയമം പോലെ ഒരു നിയമം കൊണ്ടുവരണം. സ്വരാജ് റൗണ്ടില്‍ ഇനി മുതല്‍ ഹിന്ദു, പാര്‍സി, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ മതക്കാര്‍ മാത്രമേ കടകള്‍ നടത്താന്‍ പാടുള്ളു എന്ന് നിയമത്തില്‍ എഴുതി വെക്കണം. അതിനു വേണ്ടി നിങ്ങളെല്ലാവരും ഗോക്രിക്ക് വോട്ട് ചെയ്യണം, പ്രത്യേകിച്ചു ഹിന്ദു, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍, സിഖ് മതക്കാര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Farooq Opinion about Gopalakrishnan’s Islamophobic comments among election campaigning

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ