വിരലൊടിച്ചതിന് ശേഷമുള്ള ലാലേട്ടന്റെ ചിരി ഏറ്റവുമടുത്ത് നിന്ന് കണ്ടയാളാണ് ഞാന്‍, ആ സമയത്ത് തരുണ്‍ പറഞ്ഞത് അദ്ദേഹം എങ്ങനെ ചെയ്യുമെന്ന് ചിന്തിച്ചു: ഫര്‍ഹാന്‍ ഫാസില്‍
Entertainment
വിരലൊടിച്ചതിന് ശേഷമുള്ള ലാലേട്ടന്റെ ചിരി ഏറ്റവുമടുത്ത് നിന്ന് കണ്ടയാളാണ് ഞാന്‍, ആ സമയത്ത് തരുണ്‍ പറഞ്ഞത് അദ്ദേഹം എങ്ങനെ ചെയ്യുമെന്ന് ചിന്തിച്ചു: ഫര്‍ഹാന്‍ ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th May 2025, 6:20 pm

മലയാളസിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി കളക്ഷന്‍ സ്വന്തമാക്കിയ ആദ്യചിത്രം കൂടിയാണ് തുടരും. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ നടനെയും താരത്തെയും ഓരുപോലെ കാണാന്‍ സാധിച്ച ചിത്രമായി തുടരും മാറി.

ചിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട രംഗങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ ഷണ്മുഖന്‍ എന്ന കഥാപാത്രം സി.പി.ഓ സുധീഷിന്റെ വിരലൊടിച്ചതിന് ശേഷം ചിരിക്കുന്നത്. ഒരാളെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിക്കൊണ്ട് ക്രൂരമായി ചിരിക്കുന്ന രംഗത്തില്‍ മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ പകര്‍ന്നാട്ടമാണ് കാണാന്‍ സാധിച്ചത്. ഫര്‍ഹാന്‍ ഫാസിലാണ് സുധീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ആ രംഗം ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഫര്‍ഹാന്‍ ഫാസില്‍. തന്റെ വിരലൊടിച്ച ശേഷം മോഹന്‍ലാല്‍ ചിരിക്കുന്നത് ഏറ്റവുമടുത്ത് നിന്ന് കണ്ടയാളാണ് താനെന്ന് ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു. ആ ഷോട്ടില്‍ തന്റെ മുഖം കാണിക്കുന്നില്ലെങ്കിലും അവിടെ തന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു. ആ ഷോട്ടെടുക്കുന്നതിന് മുമ്പ് എന്താണ് ചെയ്യേണ്ടതെന്ന് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തിയോട് ചോദിച്ചിരുന്നെന്ന് ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു.

 

വിരലൊടിച്ചതിന് ശേഷം അയാള്‍ അത് എന്‍ജോയ് ചെയ്യുന്നു എന്ന് മാത്രമേ തരുണ്‍ പറഞ്ഞുള്ളൂവെന്നും ആ സ്‌പോട്ടിലാണ് തരുണ്‍ അത് പറയുന്നതെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ എന്താകും ചെയ്യുകയെന്ന് തനിക്ക് ഐഡിയയില്ലായിരുന്നെന്നും ആക്ഷന്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ കാണുന്ന എക്‌സ്പ്രഷന്‍ മോഹന്‍ലാല്‍ ഇട്ടെന്നും ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു. അത് കണ്ട് താന്‍ അന്തം വിട്ട് നിന്നെന്നും ഫര്‍ഹാന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍ ഫാസില്‍.

‘എന്നെ ടോര്‍ച്ചര്‍ ചെയ്യുന്ന സീന്‍ ഉണ്ടല്ലോ, അതിന്റെ ഷൂട്ട് മറക്കാന്‍ പറ്റില്ല. ആ സീനില്‍ എന്റെ വിരലൊടിച്ചതിന് ശേഷം ലാലേട്ടന്‍ ഒരു ചിരി ചിരിക്കുന്നുണ്ട്. ആ ഫ്രെയിമില്‍ ഞാന്‍ ഇല്ലെങ്കിലും അവിടെ എന്റെ പ്രസന്‍സുണ്ട്. പുള്ളിയുടെ ആ ചിരി ഏറ്റവും അടുത്ത് നിന്ന് കണ്ട ആളാണ് ഞാന്‍. ആ സീന്‍ എടുക്കുന്നതിന് മുമ്പ് ‘എന്താണ് സാര്‍ ഞാന്‍ ചെയ്യേണ്ടത്’ എന്ന് ലാലേട്ടന്‍ തരുണിനോട് ചോദിച്ചു.

‘അയാളെ ടോര്‍ച്ചര്‍ ചെയ്യുന്നത് കണ്ട് എന്‍ജോയ് ചെയ്യുക’ എന്നാണ് തരുണ്‍ പറഞ്ഞത്. സത്യം പറഞ്ഞാല്‍ ആ സീന്‍ എടുക്കുമ്പോഴാണ് തരുണ്‍ അക്കാര്യം ലാലേട്ടനോട് പറയുന്നത്. പുള്ളി എന്താകും ചെയ്യുക എന്നറിയാന്‍ എനിക്ക് ആകാംക്ഷയായി. ആക്ഷന്‍ പറഞ്ഞപ്പോള്‍ ലാലേട്ടന്‍ ഒരു ചിരി ചിരിച്ചു. അത് കണ്ടിട്ട് ഞാന്‍ അന്തം വിട്ടുപോയി,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.

Content Highlight: Farhaan Faasil about Mohanlal’s smile in Thudarum movie