ഓസ്‌കര്‍ വാങ്ങിയ നടനെ കിട്ടിയിട്ടും കാര്യമില്ലാതെ പോയി, മാര്‍വല്‍ വേസ്റ്റാക്കിക്കളഞ്ഞ ഗംഭീര വില്ലനെ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
World Cinema
ഓസ്‌കര്‍ വാങ്ങിയ നടനെ കിട്ടിയിട്ടും കാര്യമില്ലാതെ പോയി, മാര്‍വല്‍ വേസ്റ്റാക്കിക്കളഞ്ഞ ഗംഭീര വില്ലനെ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Thursday, 6th August 2026, 2:49 pm

ലോകമെമ്പാടും ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് മാര്‍വല്‍. സൂപ്പര്‍ഹീറോ സിനിമകളിലൂടെയും സിനിമാറ്റിക് യൂണിവേഴ്‌സിലൂടെയും വലിയൊരു ഫാന്‍ ബേസ് മാര്‍വല്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എന്‍ഡ് ഗെയിമിന് ശേഷം ഇടയ്ക്ക് ചെറുതായി ഡൗണായെങ്കിലും വീണ്ടും പഴയ ട്രാക്കിലേക്ക് മാര്‍വല്‍ തിരിച്ചെത്തിയിരിക്കുകയാണ്.

കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ വന്‍ വിജയം സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ വീക്കെന്‍ഡില്‍ തന്നെ ബജറ്റിന്റെ ഇരട്ടിയോളം സ്വന്തമാക്കിയ ബ്രാന്‍ഡ് ന്യൂ ഡേ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുകയാണ്. അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയ്ക്ക് മുമ്പ് മാര്‍വലിന്റെ വരെ സാമ്പിള്‍ വെടിക്കെട്ടായാണ് പലരും ഈ ചിത്രത്തെ കണക്കാക്കുന്നത്.

പുറത്തുവന്ന അപ്‌ഡേറ്റുകളിലെല്ലാം ഡോക്ടര്‍ ഡൂം എന്ന വില്ലന്‍ എത്രത്തോളം ശക്തനാണെന്ന് അണിയറപ്രവര്‍ത്തകര്‍ കാണിച്ചിട്ടുണ്ട്. ഡോക്ടര്‍ ഡൂമായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ കോമിക്‌സില്‍ അപാര പൊട്ടന്‍ഷ്യലുണ്ടായിട്ടും അത് സിനിമയില്‍ ഉപയോഗിക്കാത്ത വില്ലന്മാരെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

തോര്‍ ലവ് ആന്‍ഡ് തണ്ടറില്‍ വില്ലനായി പ്രത്യക്ഷപ്പെട്ട ഗോര്‍ എന്ന കഥാപാത്രത്തെയാണ് പലരും ഉദാഹരണമാക്കുന്നത്. ക്രിസ്റ്റ്യൻ ബെയ്‌ലാണ് ഗോറായി വേഷമിട്ടത്. ഗോഡ് ബുച്ചര്‍ എന്നറിയപ്പെടുന്ന കഥാപാത്രമാണ് ഗോര്‍. സ്വന്തം മകളെ രക്ഷിക്കാനാകാത്തതുകൊണ്ട് ദൈവങ്ങളെ എതിര്‍ത്ത് യുദ്ധം ചെയ്യുന്ന ഗോറിനെ കോമിക്‌സില്‍ ഗംഭീരമായാണ് അവതരിപ്പിച്ചത്.

എന്നാല്‍ സിനിമയിലേക്കെത്തിയപ്പോള്‍ ഈ കഥാപാത്രത്തെ വേണ്ടരീതിയില്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സംവിധായകന് സാധിക്കാതെപോയി. തോറിനെയും അയാളുടെ ഇമോഷനുകളെയും ഡാര്‍ക്ക് കോമഡിയായി കാണിക്കാനാണ് സംവിധായകന്‍ ടൈക്ക വെറ്റിറ്റി ശ്രമിച്ചത്. ഇതോടെ ഗോറിന് പ്രാധാന്യമില്ലാതെ പോവുകയായിരുന്നു.

ഓസ്‌കര്‍ ജേതാവായ ക്രിസ്റ്റ്യൻ ബെയ്‌ലിനെ കൈയില്‍ കിട്ടിയിട്ടും അയാളുടെ ആക്ടിങ് പൊട്ടന്‍ഷ്യലിനെ ഒട്ടും ഉപയോഗിക്കാതെ പോയെന്നും വിമര്‍ശനങ്ങളുണ്ട്. ലവ് ആന്‍ഡ് തണ്ടറില്‍ മാത്രം ഒതുക്കിയതിനാല്‍ ഈ കഥാപാത്രത്തിന് ഇനി ഒരു തുടര്‍ച്ചയുണ്ടാകില്ലെന്നത് നിരാശ നല്‍കുന്നെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്‍ഡ് ഗെയിമിന് ശേഷം മാര്‍വല്‍ വലിയ രീതിയില്‍ കൊട്ടിഘോഷിച്ച കാങ് എന്ന വില്ലനും ഇനിയൊരു ഭാവിയില്ല.

കാങ്ങായി വേഷമിട്ട ജൊനാതന്‍ മേജേഴ്‌സിന് നേരെ അതിക്രമ കേസ് ആരോപണം വന്നതിനാല്‍ മാര്‍വല്‍ അയാളുമായുള്ള കരാര്‍ പിന്‍വലിച്ചു. ലോക്കി, ആന്‍ഡ് മാന്‍: ക്വാണ്ടമാനിയ എന്നീ പ്രൊജക്ടുകളില്‍ വന്‍ ബില്‍ഡപ്പില്‍ അവതരിപ്പിച്ച കാങ് ഇതോടെ എങ്ങുമെത്താതെ പോയി. ഇതിന്റെയെല്ലാം മേലെ നില്‍ക്കുന്ന വില്ലനാകും ഡൂംസ്‌ഡേയിലെന്ന് ഉറപ്പാണ്.

Content Highlight: Fans saying Marvel wasted the Potential of Christian Bale as Gorr in Thor Love and Thunder movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം