തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സർക്കാർ ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിഞ്ഞുമാറാതെ അടിയന്തരമായി ഇടപെടണമെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ഉറപ്പാക്കണമെന്നും ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവർ ആവശ്യപ്പെട്ടു.
ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് മുൻപ് വിമർശിച്ചിരുന്ന ആളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ.കെ. ശൈലജയുടെ മറുപടി ഇങ്ങനെയായിരുന്നു;
‘അങ്ങനെ പുറത്തുനിന്ന് പറയാനൊക്കെ വളരെ എളുപ്പമാണ്. എന്നാൽ ഓരോരുത്തരും ആ ഉത്തരവാദിത്തത്തിൽ എത്തുമ്പോഴാണ് യഥാർത്ഥത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് മനസിലാക്കേണ്ടത്. ഉത്തരവാദിത്തം ഏറ്റെടുത്താൽ കാര്യങ്ങൾ പഠിച്ച് ചെയ്യുകയല്ലാതെ മറ്റു നിവൃത്തിയൊന്നുമില്ല.’അവർ പറഞ്ഞു.
ആശുപത്രികൾക്ക് മുന്നിൽ നിന്ന് രോഗികൾ മരുന്ന് കിട്ടാനില്ലെന്ന് വിളിച്ചുപറയുന്ന അവസ്ഥയാണുള്ളതെന്ന് കെ.കെ.ശൈലജ ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള മരുന്ന് കമ്പനികളുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപീകരിച്ചത്. അതിന്റെ പ്രവർത്തനം താളംതെറ്റിയാൽ ആശുപത്രികൾ പ്രതിസന്ധിയിലാകും എന്ന് അവർ ഓർമിപ്പിച്ചു.
‘കെ.എം.എസ്.സി.എല്ലിന്റെ തലപ്പത്ത് ഏറ്റവും കാര്യപ്രാപ്തിയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെയും ആരോഗ്യമേഖലയെക്കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടുമുള്ള ജനറൽ മാനേജർമാരെയും നിയമിക്കണം. എങ്കിൽ മാത്രമേ കൃത്യസമയത്ത് ക്വട്ടേഷൻ ക്ഷണിച്ച് മരുന്നുകൾ സംഭരിക്കാൻ കഴിയൂ. ആശുപത്രികളിൽ മരുന്നുണ്ടെന്ന് ഡി.എം.ഒമാരും ഡിപ്പോയിൽ മരുന്നില്ലെന്ന് മറ്റുള്ളവരും പറയുന്നു. ഡിപ്പോയിൽ മരുന്നില്ലെങ്കിൽ ആശുപത്രികളിൽ എവിടെ നിന്നാണ് മരുന്ന് നൽകുക? ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വാങ്ങാവുന്നതിന് പരിധിയുണ്ട്.’ കെ.കെ. ശൈലജ പറഞ്ഞു.
കാലഹരണപ്പെട്ട (എക്സ്പയറി ഡേറ്റ് കഴിഞ്ഞ) മരുന്നുകൾ കെ.എം.എസ്.സി.എൽ ഡിപ്പോകളിൽ ഇപ്പോഴും കെട്ടിക്കിടക്കുന്നു എന്നത് ഭയാനകമായ വിവരമാണെന്നും അവർ പറഞ്ഞു. ഇ-ഹെൽത്ത് സംവിധാനമുള്ളപ്പോൾ വിരൽത്തുമ്പിൽ ലഭിക്കുന്ന വിവരമാണിതെന്നും എന്നാൽ കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്നും അവർ വിമർശിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വൻകിട കോർപ്പറേറ്റുകൾ പിടിമുറുക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
‘ബ്ലാക്ക്‌സ്റ്റോൺ, കെ.കെ.ആർ തുടങ്ങിയ കോർപ്പറേറ്റ് ഭീമന്മാർ ഇവിടുത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളെ ഏറ്റെടുക്കുകയാണ്. അവർ വരുമ്പോൾ ചികിത്സ ചെലവ് മൂന്നിരട്ടിയാകും. 2,700 രൂപയ്ക്ക് കിട്ടേണ്ട കാൻസർ മരുന്നിന് 27,000 രൂപ നൽകേണ്ടി വരുന്ന ദുരവസ്ഥയാണ് വരുന്നത്. സാധാരണക്കാരെ ഈ അമിത വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന്’ അവർ പറഞ്ഞു.
നിപ്പയെയും കോവിഡിനെയും അതിജീവിച്ചത് കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ കരുത്തുകൊണ്ടാണ്. ആർദ്രം മിഷനിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതും കേന്ദ്ര സർക്കാരിന്റെ എൻ.ക്യു.എ.എസ് അംഗീകാരങ്ങൾ ഉൾപ്പെടെ നേടിയതും കഠിനാധ്വാനത്തിലൂടെയാണ്. അത്രയേറെ മെച്ചപ്പെടുത്തിയ ആരോഗ്യമേഖലയെ പിന്നോട്ടടിച്ച് ജനങ്ങളെ ദുരിതത്തിലാക്കരുതെന്നും നിർമ്മാണം നിലച്ച കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കി ആരോഗ്യസംവിധാനം പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.
Content Highlight: Extremely critical situation in the health sector; the government must not offer excuses: K.K. Shailaja.
