മലയാളത്തിൽ ഷാജോൺ അങ്കിളും, തമിഴിൽ മണി ചേട്ടനും എന്നെ ഒരുപോലെ ഞെട്ടിച്ചു': എസ്തർ അനിൽ
Malayalam Cinema
മലയാളത്തിൽ ഷാജോൺ അങ്കിളും, തമിഴിൽ മണി ചേട്ടനും എന്നെ ഒരുപോലെ ഞെട്ടിച്ചു': എസ്തർ അനിൽ
നന്ദന എം.സി
Sunday, 3rd May 2026, 1:24 pm

മലയാള സിനിമയുടെ ചരിത്രത്തിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിലാകെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 3. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ വീണ്ടും വലിയ ട്വിസ്റ്റുകളോടെ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ദൃശ്യം3, Photo: IMDb

2013-ൽ പുറത്തിറങ്ങിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. കുടുംബം, ത്രില്ലർ, സസ്പെൻസ് എന്നിവയെ സമന്വയിപ്പിച്ച ചിത്രം പിന്നീട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

എട്ട് വർഷങ്ങൾക്ക് ശേഷം 2021ൽ പുറത്തിറങ്ങിയ ദൃശ്യം 2 കോവിഡ് സാഹചര്യം മൂലം ഒ.ടി.ടിയിലൂടെയായിരുന്നു റിലീസ് ചെയ്തത്. തിയേറ്ററിൽ എത്തിയിരുന്നെങ്കിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയേനെയെന്ന് ആരാധകർ ഇന്നും അഭിപ്രായപ്പെടുന്നു.

ദൃശ്യം, Photo: IMDb

ഇപ്പോഴിതാ ദൃശ്യം സിനിമയുടെ ഓർമകൾ പങ്കുവെച്ച് നടി എസ്തർ അനിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദൃശ്യത്തിൽ വില്ലനായെത്തിയ ഷാജോണിനെ കുറിച്ചും അതിന്റെ തമിഴ് പതിപ്പിൽ ഷാജോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച കലാഭവൻ മണിയെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തത്.

ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഈ കാര്യം പറഞ്ഞത്. ചിത്രത്തിൽ ജോർജുകുട്ടിയുടെ ഇളയ മകളായാണ് എസ്തർ അഭിനയിച്ചത്.

‘ഷാജോൺ അങ്കിളിനെ പണ്ടുമുതലേ കോമഡി റോളിലാണ് കണ്ടിട്ടുള്ളത്. പക്ഷെ ദൃശ്യത്തിൽ വരുമ്പോൾ അദ്ദേഹം ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ വേറെ തന്നെ ഒരാളായി മാറും. അതുപോലെ തന്നെയാണ് കലാഭവൻ മണി ചേട്ടൻ.

ഷാജോൺ, Photo: IMDb

ആ ദേഷ്യത്തിലും ഡയലോഗിലും നമ്മൾ തന്നെ പേടിച്ച് പോകും നമുക്ക് കൂടുതൽ അഭിനയിക്കേണ്ടി വരില്ല, നമ്മൾ അത്രയും പേടിച്ച് പോകും. ഇപ്പോൾ ആലോചിക്കുമ്പോൾ അത് വളരെ എളുപ്പമായിരുന്നു,’ എസ്തർ അനിൽ പറഞ്ഞു.

ചിത്രീകരണ സമയത്ത് തനിക്ക് അതിന്റെ വലിപ്പം മനസിലായിരുന്നില്ലെന്നും എസ്തർ തുറന്നു പറഞ്ഞു. ‘ഇപ്പോൾ ആലോചിക്കുമ്പോൾ അത് എളുപ്പമായിരുന്നു. കാരണം അന്ന് ഇത് എത്ര വലിയ സിനിമയാകുമെന്ന് അറിയാത്ത പ്രായമായിരുന്നു,’ എന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: Esther Anil spoke about Kalabhavan Mani and Shajohn’s performance

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.