ജോര്‍ജുകുട്ടി മുതല്‍ സഹദേവന്‍ വരെ എയറിലായപ്പോഴും ട്രോള്‍ കിട്ടാതെ രക്ഷപ്പെട്ടത് അനു മാത്രം, നാടോടുമ്പോള്‍ നടുവേ ഓടിയതിന്റെ ഗുണം
Malayalam Cinema
ജോര്‍ജുകുട്ടി മുതല്‍ സഹദേവന്‍ വരെ എയറിലായപ്പോഴും ട്രോള്‍ കിട്ടാതെ രക്ഷപ്പെട്ടത് അനു മാത്രം, നാടോടുമ്പോള്‍ നടുവേ ഓടിയതിന്റെ ഗുണം
അമര്‍നാഥ് എം.
Wednesday, 24th June 2026, 12:02 pm

അടുത്തകാലത്ത് മറ്റൊരു സിനിമയും നേരിടാത്ത തരത്തിലുള്ള ട്രോളുകളാണ് ദൃശ്യം 3ക്ക് ലഭിക്കുന്നത്. തിയേറ്ററില്‍ വന്‍ ഹിറ്റായ, കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ദൃശ്യം 3 ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ട്രോള്‍ പേജുകളുടെ ഇരയായി മാറി. 200 കോടി കളക്ഷന്‍ നേടിയ ചിത്രം ഇതുപോലെ വലിച്ചുകീറപ്പെടുന്നത് മലയാളത്തില്‍ ഇതാദ്യമായാണ്.

ദൃശ്യം 3 Photo: Theatrical poster

മോളിവുഡില്‍ വലിയ സ്വീകാര്യതയുള്ള ദൃശ്യം എന്ന ബ്രാന്‍ഡിന്റെയും മോഹന്‍ലാലിന്റെ സ്റ്റാര്‍ഡവും കൊണ്ട് മാത്രമാണ് ചിത്രം ഇത്രയും കളക്ഷന്‍ നേടിയതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഒരുപാട് ലൂപ്‌ഹോളുകളുള്ള, ലോജിക്കില്ലാത്ത തിരക്കഥയാണ് ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയല്‍. പല കഥാപാത്രങ്ങളെയും അവതരിപ്പിച്ച രീതിയും വിമര്‍ശിക്കപ്പെടുന്നുണ്ട്.

മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന ക്ലാസിക് കഥാപാത്രം മുതല്‍ ആദ്യഭാഗത്തിലെ വില്ലനായ സഹദേവനെ വരെ ട്രോളന്മാര്‍ വലിച്ചുകീറി. എന്നാല്‍ സിനിമയില്‍ പലരുടെയും ട്രോളില്‍ നിന്ന് രക്ഷപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് എസ്തര്‍ അനില്‍ അവതരിപ്പിച്ച അനു. ജോര്‍ജുകുട്ടിയുടെ ഇളയമകളായ അനുവിന്റെ കഥാപാത്രത്തിന് നല്‍കിയ ആര്‍ക് മികച്ചതായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നു.

എസ്തര്‍ അനില്‍ Photo: RJ BGM Jon/ Facebook

ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ പഴയ ഓര്‍മകളുടെ ട്രോമയില്‍ എല്ലാവരും ജീവിക്കുമ്പോള്‍ അതില്‍ നിന്ന് കുറച്ചെങ്കിലും റിക്കവറായത് അനു മാത്രമാണ്. പഴഞ്ചന്‍ ചിന്താഗതി കൊണ്ടുനടക്കുന്ന ആ വീട്ടില്‍ കുറച്ച് പുരോഗമന ചിന്തയുള്ളതും അനുവിനാണ്. മറ്റൊരു മതത്തിലുള്ള ഏതെങ്കിലും പയ്യനെ പ്രേമിച്ച് കല്യാണം കഴിക്കുമെന്ന് പറയുന്ന, തിടുക്കപ്പെട്ട് ചേച്ചിയുടെ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെടുന്ന കഥാപാത്രമായിട്ടാണ് അനുവിനെ സംവിധായകന്‍ വരച്ചിടുന്നത്.

ദൃശ്യത്തിന് നാലാം ഭാഗം ഒരുങ്ങുന്നുണ്ടെങ്കില്‍ അനുവിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചേക്കും. അതിനുള്ള സൂചനകള്‍ സിനിമയിലുണ്ട്. ഒരുപാട് കോഴ്‌സുകള്‍ ഉണ്ടായിരുന്നിട്ടും അനു പഠിക്കാന്‍ പോകുന്നത് സൈബര്‍ സെക്യൂരിറ്റി കോഴ്‌സാണ്. ജോര്‍ജുകുട്ടി ജയിലില്‍ പോയ സ്ഥിതിക്ക് കുടുംബത്തെ ആക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കാന്‍ അനു മുന്നിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

എസ്തര്‍ അനില്‍ Photo: RJ BGM Jon/ Facebook

ആദ്യ രണ്ട് ഭാഗങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത ഇംപാക്ട് പല കഥാപാത്രങ്ങള്‍ക്കും മൂന്നാം ഭാഗത്തില്‍ നഷ്ടമായപ്പോള്‍ ഒരുപരിധി വരെ അതൊന്നും സംഭവിക്കാത്തത് അനുവിന് മാത്രമാണ്. ജീത്തു ജോസഫ് എന്ന എഴുത്തുകാരന്‍ പലയിടത്തും പരാജയപ്പെട്ട ദൃശ്യം 3യില്‍ കുറച്ചെങ്കിലും മെച്ചപ്പെട്ടത് അനുവായിരുന്നു. നാടോടുമ്പോള്‍ നടുവേ ഓടിയതിന്റെ ഗുണം കൊണ്ട് മാത്രമാണ് അനു എയറിലാകാത്തത്.

Content Highlight: Esther Anil’s character in Drishyam escaped from trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം