ദൃശ്യം 3 മോഹന്‍ലാലിന്റെ ജന്മദിനത്തില്‍; വാഴ 2 വിനും പ്രതിഛായക്കും ശ്വാസം വിടാം
Malayalam Cinema
ദൃശ്യം 3 മോഹന്‍ലാലിന്റെ ജന്മദിനത്തില്‍; വാഴ 2 വിനും പ്രതിഛായക്കും ശ്വാസം വിടാം
അശ്വിന്‍ രാജേന്ദ്രന്‍
Monday, 23rd March 2026, 8:12 pm

സിനിമാ ലോകമൊട്ടാകെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗം. ഏപ്രില്‍ രണ്ടിന് തിയേറ്ററിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേഷനുകളൊന്നും പുറത്തിറങ്ങാതിരുന്നതോടെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ടാണ് പുതിയ റിലീസ് ഡേറ്റ് മോഹന്‍ലാലും മറ്റ് അണിയറപ്രവര്‍ത്തകരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്തുവിട്ടിരിക്കുന്നത്.

ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുകയാണ് എന്ന അടിക്കുറിപ്പോടെ മെയ് 21 ന് ചിത്രം തിയേറ്ററുകളിലെത്തും എന്ന വാര്‍ത്തയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയാള ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധിയാണ് ചിത്രം മാറ്റിവെക്കുന്നതിലെ പ്രധാന കാരണങ്ങളിലൊന്ന്.

Photo: IMDB

ഏപ്രില്‍ ഒമ്പതിന് കേരളത്തിലും ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും മുന്നില്‍ കണ്ടാണ് നിര്‍മാതാക്കളുടെ നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ മാര്‍ച്ച് 26 ന് പുറത്തിറങ്ങാനിരിക്കുന്ന നിവിന്‍ പോളിയുടെ പ്രതിഛായക്കും ദൃശ്യം 3ക്കൊപ്പം ക്ലാഷ് വെക്കാനിരുന്ന വാഴ 2വിനും നിലവില്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ആട് 3ക്കും മികച്ച അവസരമാണ് ബോക്‌സ് ഓഫീസില്‍ തുറന്നുകിട്ടിയിരിക്കുന്നത്.

അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസിനായി തെരഞ്ഞെടുത്ത തീയതിയും ശ്രദ്ധേയമാണ്. മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21 നാണ് ദൃശ്യം 3 റിലീസ് ചെയ്യുന്നതെന്ന പ്രത്യേകതയുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ദൃശ്യം 3ക്ക് ഇന്റസ്ട്രിയിലെ ഓപ്പണിങ് ഡേ കളക്ഷന്‍ ബ്രേക്ക് ചെയ്യാന്‍ ഈ ഫാക്ടറും സഹായകരമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ മെയ് 26 മുതല്‍ 29 വരെ ബക്രീദ് ഹോളിഡേ ആണെന്നതും കേരളത്തിലും മെയ് 27,28 തിയ്യതികള്‍ ബക്രീദുമായി ബന്ധപ്പെട്ട് ഫെസ്റ്റിവല്‍ മാര്‍ക്കറ്റ് ഉണ്ടെന്നതും ചിത്രത്തിന്റെ കളക്ഷന് ഏറെ അനുയോജ്യമാണ്. ഇതോടൊപ്പം സ്‌കൂള്‍ തുറക്കുന്നതിന് മുമ്പുള്ള രണ്ട് വീക്കെന്‍ഡുകള്‍ തിയേറ്ററുകളിലേക്ക് പരമാവധി ആളുകളെ എത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Drishyam 3  release date changed to may 21

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.