ഇറാന്‍ യുദ്ധത്തില്‍ ട്രംപ് പരാജയപ്പെട്ടു; യുദ്ധം അവസാനിപ്പിക്കാന്‍ മോശം കരാറിനും തയ്യാറെന്ന് യു.എസ് സെനറ്റര്‍ ക്രിസ് മര്‍ഫി
World News
ഇറാന്‍ യുദ്ധത്തില്‍ ട്രംപ് പരാജയപ്പെട്ടു; യുദ്ധം അവസാനിപ്പിക്കാന്‍ മോശം കരാറിനും തയ്യാറെന്ന് യു.എസ് സെനറ്റര്‍ ക്രിസ് മര്‍ഫി
ആദർശ് എം.കെ.
Monday, 10th August 2026, 11:58 am

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതായി യു.എസ് ഡെമോക്രാറ്റ് സെനറ്റര്‍ ക്രിസ് മര്‍ഫി.

പോരാട്ടം ഓരോ ദിവസം നീണ്ടുപോകുമ്പോഴും അമേരിക്ക കൂടുതല്‍ ബലഹീനമാവുകയും ഇറാന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സെനറ്റര്‍ ട്രംപിന്റെ വിദേശനയത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

യുദ്ധം ഉടനടി അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് ഗതാഗതം പുനസ്ഥാപിക്കാനും വേണ്ടി അനുകൂലമല്ലാത്ത ഒരു ‘മോശം കരാറിന്’ പോലും താന്‍ പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് മര്‍ഫി വ്യക്തമാക്കി.

യുദ്ധം തുടരുന്നത് മൂലം അമേരിക്കയിലെ സാധനസാമഗ്രികളുടെ വില കുതിച്ചുയരുകയാണെന്നും അതിന്റെ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നയതന്ത്ര ചര്‍ച്ചകള്‍ സ്തംഭിച്ചുനില്‍ക്കുന്നതിനാല്‍ ഹോര്‍മൂസ് കടലിടുക്ക് തുറന്നുകിട്ടാനുള്ള ചെലവ് ദിനംപ്രതി വര്‍ധിച്ചു വരികയാണ്.

യു.എസ് സൈനിക നടപടികള്‍ പൂര്‍ണമായി നിര്‍ത്തിവെക്കുക, സാമ്പത്തിക ഉപരോധങ്ങള്‍ നീക്കുക, യുദ്ധ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് കരാറിനായി ഇറാന്‍ മുന്നോട്ടുവെക്കുന്നത്.

യുദ്ധം തുടരുന്നതിനായി അമേരിക്കന്‍ പാര്‍ലമെന്റ് വഴി കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും, എന്നാല്‍ യുദ്ധം അവസാനിച്ച ശേഷം സൈന്യത്തിന്റെ ആയുധശേഖരം പുനസ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും ക്രിസ് മര്‍ഫി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനെ പൂര്‍ണമായും നശിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും യു.എസ്.എ പിന്മാറുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്ക് മാത്രം തുറക്കുന്ന കരാറിനായി അമേരിക്ക ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Content Highlight: Donald Trump has failed in the Iran conflict; US Senator Chris Murphy says he is even willing to accept a bad deal to end the war.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.